കോൺഗ്രസ് നേതാക്കളായ രാഹുൽ് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യഥാക്രമം അമേഠിയിലെയും റായ്ബറേലിയിലെയും മത്സരിച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളെ സൂചിപ്പിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. അഞ്ചാം ഘട്ടത്തിലാണ് ഈ മണ്്ഡലങ്ങളിൽ വോട്ടെടുപ്പ്. പത്രിക സമർപ്പണം നാളെ ആരംഭിക്കും. മെയ് മൂന്നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ഇക്കാര്യത്തിൽ ഏപ്രിൽ 30-ന് മുമ്പ് ഔദ്യോഗിക പ്രഖ്യാപനം സാധ്യതയില്ലെന്നും പത്രിക സമർപ്പണം മെയ് 1 നും മെയ് 3 നും ഇടയിലാകുമെന്നാണ് വിവരമെന്ന് ഇന്ത്യ ടുഡെ പറയുന്നു.
അമേഠിയിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് യു.പിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി നേരത്തെ മാധ്യങ്ങളോട് പറഞ്ഞിരുന്നു. യു.പിയിൽ കോൺഗ്രസ് മത്സരിക്കുന്ന മറ്റ് 15 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാച്ചെഹ്കിലും അമേഠിയും റായ്ബറേലിയും ഒഴിവാക്കിയിടുകയായിരുന്നു.
2004-ൽ അമേഠിയിൽ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച രാഹുൽ ഗാന്ധി മൂന്നു തവണ ഇവിടെനിന്നു ജയിച്ചു. 2019-ൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. രണ്ടാം തവണയും വയനാട്ടിൽ നിന്നു മത്സരിക്കുന്ന രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കുമോയെന്ന ചർച്ച നടക്കുന്നുണ്ട്. ഒരു പക്ഷേ, അമേഠിയിലെ മത്സരം മുൻകൂട്ടി പ്രഖ്യാപിക്കാത്തത്്് വയനാട്ടിലെ മത്സരത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള മുൻകരുതലാകാമെന്നാണ് വിലയിരുത്തൽ.
റായ്ബറേലി കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച യുപിയിലെ ഏക മണ്ഡലമാണ് റായ്ബറേലി. 2004 മുതൽ സോണിയ ഗാന്ധിയാണ് റായ്ബറേലിലെ എം,പി. ഇക്കുറി സോണിയ ഗാന്ധി മത്സരിക്കുന്നില്ലെന്ന് മുൻകൂർ പ്രഖ്യാപിച്ചിരുന്നു, ഫെബ്രുവരിയിൽ രാജ്യസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി പാർലമെന്ററി രംഗത്ത് ഇതുവരെ കടന്നുവന്നില്ല. കഴിഞ്ഞ തവണയും മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നെങ്കിലും മത്സരം ഒഴിവാക്കി. ഇക്കുറി റായ്ബറേലിയിൽനിന്ന് അങ്കം കുറിക്കുമെന്നുതന്നെയാണ് കോൺഗ്രസ്സിന്റെ അകത്തളത്ത് നിന്നു കേൾക്കുന്നത്.