പിണറായി വിജയൻ സർക്കാരിന്റെ പോലീസ് ക്രിമിനൽവത്കരണത്തിനും, വർഗീയ കൂട്ടുകെട്ടിനും അഴിമതിക്കുമതിരെ ശബ്ദം ഉയർത്തിയ പി.വി.അൻവർ എംഎൽഎയുടെ വാക്കുകൾ കേൾക്കാൻ നിലമ്പൂർ ചന്തക്കടവ് മൈതാനിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സമ്മേളനം തുടങ്ങും മുമ്പ് തന്നെ നഗരിയിൽ ജനം നിറഞ്ഞിരുന്നു. അൻവറിനെതിരായ സിപിഎം വെല്ലുവിളിയും വിലക്കും പ്രവർത്തകരെ സ്വാധീനിച്ചില്ലെന്നുകൂടി തെളിയിക്കുന്നതായിരുന്നു ജന പങ്കാളിത്തം. പാർട്ടി പ്രവർത്തകരും, തൊഴിലാളികളും, സാധാരണക്കാരും, സ്ത്രീകളും അടക്കം നിലമ്പൂരിന്റെ നാനാ മേഖലയിൽനിന്ന് ജനം എത്തി. യുവാക്കളുടെ വലിയ സാന്നിദ്ധ്യവും ശ്രദ്ദിക്കപ്പെട്ടു. മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും അൻവറിനെ അനുകൂലിക്കുന്ന നിരവധിപേരുണ്ടായിരുന്നു.
പ്രദേശത്ത് ശക്തമായ പോലീസ് സുരക്ഷയൊരുക്കിയിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലായിരുന്നു. സമ്മേളന നഗരിയിലും വനിത പോലീസ് അടക്കം സജ്ജമാക്കി. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം നേതൃത്വത്തിനുമെതിരെ ആരോപണ ശരവർഷമായി രണ്ടര മണിക്കൂറിലേറെയാണ് പ്രസംഗം നീണ്ടത്. ഓരോ കാര്യവും ബോധ്യപ്പെടുത്തിയ ശേഷം നിങ്ങൾ എന്നോടൊപ്പം നില്ക്കില്ലേ – എന്ന ചോദ്യവും ജനക്കൂട്ടത്തിൽനിന്ന് അനുകൂല മറുപടിയും കേട്ട ശേഷമായിരുന്നു അടുത്ത കത്തിക്കയറൽ. വ്യക്തിയധിക്ഷേപങ്ങൾക്കപ്പുറം മുഖ്യമന്ത്രിക്കും, സിപിഎം നേതൃത്വത്തിനും ഇതുവരെ മറുപിടിയില്ലാത്ത വസ്തുതകളാണ് അൻവർ തെളിവ് സഹിതം ഉന്നയിക്കുന്നത്. എസ്.പി. ഓഫീസിലെ മരം മുറി, കരിപ്പൂർ വിമാനത്താവളം കേന്ദ്രികരിച്ച് നടന്ന സ്വർണക്കടത്തിലെ പോലീസ് ഇടപെടലിലെ ദുരൂഹത, കോഴിക്കോട് മാമിയുടെ തിരോധാനം, എടവണ്ണ നിദാന്റെ കൊലപാതകം, മറുനാടൻ ഷാജൻ സ്്കറിയ വിഷയത്തിൽ പോലീസിന്റെ നിസംഗത തുടങ്ങി അൻവർ ഉന്നയിക്കുന്ന ഓരോ വിഷയവും ഗൗരവമേറിയതാണ്. തന്നെ വർഗീയ വാദിയാക്കുന്നവർക്ക്, കുടുംബ പശ്ചാത്തലവും വിദ്യാർഥി ജീവിതവും എംഎൽഎ എന്ന നിലയിലെ പ്രവർത്തനവും വിവരിച്ചാണ് മറുപടി. ഇതര സമുദായത്തിൽപ്പെട്ട വീട്ടുജോലിക്കാരെ വരെ ഹാജരാക്കിയായിരുന്ന വിശദീകരണം.
ഭരണ – പ്രതിപക്ഷ കക്ഷികൾക്കും, പൊതുസമൂഹത്തിനും കണ്ണടച്ച് ഇരിക്കാനാവാത്ത കോളിളക്കമാണ് അൻവർ സൃഷ്ടിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് ബ്രോക്കറായിരുന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ന് കോഴിക്കോട് മുതലക്കുളത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് പി.വി.അൻവർ പറഞ്ഞു.
ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണ് അൻവറിനെ യോഗസ്ഥലത്തേക്ക് പ്രവർത്തകർ വരവേറ്റത്. സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകുവാണ് സ്വാഗതം പറഞ്ഞത്. കമ്യൂണിസ്റ്റുകാർക്ക് നെഞ്ചുറപ്പോടെ നിൽക്കാൻ ആത്മവിശ്വാസം നൽകിയ നേതാവാണ് പി.വി അൻവറെന്നാണ് സുകു വിശേഷിപ്പിച്ചത്.
സിപിഎമ്മിന്റെ ചരിത്രത്തിൽ തുല്യതയില്ലാത്ത സംഭവമാണ് പാർട്ടി അംഗമല്ലാത്ത ഒരു വ്യക്തി സംസ്ഥാനത്ത് ആകെ പാർട്ടിക്ക് തലവേദനയാകുന്നത്. കുറഞ്ഞത് മലബാറിലെങ്കിലും സിപിഎമ്മിന് കോട്ടം ഉണ്ടാക്കുന്നതാണ് അൻഴറിന്റെ പടപ്പുറപ്പാട്. നേതൃത്വത്തന് നിക്ഷിപ്ത താലപര്യമില്ലായിരുന്നുവെങ്കിൽ പാർട്ടിക്ക് ഒരു പോറൽപോലും ഏല്ക്കാതെ പരിഹരിക്കാവുന്ന വിഷയമാണ് വഷളാക്കുന്നത്.