Monday, January 27, 2025

Top 5 This Week

Related Posts

കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പോലീസ് റെയ്ഡ് ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ

പാലക്കാട് ഹോട്ടലിൽ വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് റെയ്ഡ് കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. പാലക്കാട് എസ്പി ഓഫീസ് മാർച്ചിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി

ശൂരിലെ ഡീൽ പാലക്കാട്ടും ആവർത്തിച്ചെന്ന് കെ.സി. വേണു ഗോപാൽ.
ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്ന് കെ.സുധാകരനും, തിരക്കഥയ്ക്കു പിന്നിൽ എം.ബി. രാജേഷും ബിജെപി നേതാക്കളും എന്ന് വി.ഡി. സതീഷനും പ്രസ്താവിച്ചു.

രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് പാലക്കാട് ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപിയുടെ തിരക്കഥയിൽ പിണറായി സംവിധാനം ചെയ്ത പരിശോധനയാണുണ്ടായതെന്നും കൊടകര കള്ളപ്പണക്കേസ് മറച്ചുപിടിക്കാനുള്ള ശ്രമമാണിതെന്നും വേണുഗോപാൽ ആരോപിച്ചു.

‘ബിജെപി നേതൃത്വത്തിന്റെ തിരക്കഥയിൽ മുഖ്യമന്ത്രി സംവിധാനം ചെയ്ത ഭീകര നാടകമാണ് ഇന്നലെ പാലക്കാട് അരങ്ങേറിയത്. രണ്ട് ഉന്നതരായ വനിതാ നേതാക്കളുടെ കിടപ്പ് മുറിയിലേക്ക് അർധരാത്രി പൊലീസിനെ അയച്ച് അവരെ അപമാനിക്കുകയായിരുന്നു ഉദ്ദേശം. അങ്ങേയറ്റം ഗൗരവകരമാണിത്. എല്ലാ നിയമങ്ങളുടെയും ലംഘനവുമാണ്. ഇന്ത്യാ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല.

കൊടകര കള്ളപ്പണത്തെ മറച്ചു പിടിക്കാനുള്ള നാടകമാണുണ്ടായത്, വെറുതെ വിടാൻ കോൺഗ്രസിന് ഉദ്ദേശമില്ല. ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. 12 മണി കഴിഞ്ഞ് റെയ്ഡ് നടത്താൻ എങ്ങനെയാണ് ഉത്തരവ് ഉണ്ടായത്? ആരാണാ ഉത്തരവ് കൊടുത്തത്? രാഷ്ട്രീയപരമായും നിയമപരമായും വിഷയത്തെ നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം’. വേണു ഗോപാൽ പറഞ്ഞു.

പാലക്കാട് നടന്നത് പൊലീസ് അതിക്രമവും, ആണത്തമില്ലാത്ത തെമ്മാടിത്തരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

വി.ഡി.സതീശൻ

പാലക്കാട് പൊലീസ് നടത്തിയ നാടകത്തിന് പിന്നിൽ മന്ത്രി എം.ബി രാജേഷും ഭാര്യാ സഹോദരനും ബിജെപി നേതാക്കളുമാണെന്നും രാജേഷ് മന്ത്രിസ്ഥാനം രാജിവെയക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

‘പാലക്കാട്ടെ റെയ്ഡിന് പിന്നിൽ മന്ത്രി എം.ബി രാജേഷും ഭാര്യാസഹോദരനുമാണ്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവും. അവരാണ് രാത്രി പൊലീസിനെ കയറ്റി സ്ത്രീകളെ മുഴുവൻ അപമാനിച്ചത്. മന്ത്രി രാജി വയ്ക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. മുഴുവൻ റെയ്ഡ് ചെയ്തിട്ട് ഒന്നും കിട്ടിയില്ല എന്ന് എഴുതി കൊടുത്തിരിക്കുന്നു.

ഞങ്ങളെങ്ങനെയാ ഈ ഇലക്ഷൻ നടത്തുന്നത് എന്ന് ഞങ്ങൾക്കറിയാം. പാലക്കാട് ചെന്ന് നോക്കണം ആരാണ് പണമൊഴുക്കുന്നത് എന്നറിയാൻ. കോൺഗ്രസിന്റെ പുറകെ കൂടിയിരിക്കുകയാണ് സിപിഎം ബിജെപിയെ രക്ഷിക്കാൻ. കൊടകരക്കേസിലെ നാണക്കേടിൽ നിന്ന് സുരേന്ദ്രനെ രക്ഷിക്കണമല്ലോ. അതിന് വേണ്ടി നടത്തിയ പാതിരാ നാടകമായിരുന്നു ഇന്നലത്തേത്.

റുട്ടീൻ പരിശോധന എന്നല്ലേ പൊലീസ് പറഞ്ഞേ. എന്നിട്ട് പി.കെ ശ്രീമതിയുടെ മുറി പരിശോധിച്ചില്ലല്ലോ. ടി.വി രാജേഷിന്റെ മുറി പരിശോധിച്ചിട്ടില്ലല്ലോ. ബഹളം തുടങ്ങിയപ്പോൾ കുറച്ച് മുറിയിൽ കയറി എന്ന് വരുത്തിത്തീർത്തു. രാത്രി വന്ന് വാതിലിൽ മുട്ടിയാൽ ആത്മാഭിമാനം ഉള്ള ആരെങ്കിലും വാതിൽ തുറക്കുമോ. മഫ്തി വേഷത്തിൽ വന്ന പൊലീസുകാരന്റെ കയ്യിൽ ഐഡി കാർഡ് പോലും ഇല്ലായിരുന്നു. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എംബി രാജേഷ് ഒരു നിമിഷം പോലും ഇനി ആ സ്ഥാനത്തിരിക്കരുത്.

റെയ്ഡ് നടത്തിയ ഹോട്ടലിന് മുന്നിൽ എന്തായിരുന്നു അവസ്ഥ. ഞങ്ങളുടെ എംപിമാരൊക്കെ എപ്പോഴാ എത്തിയത്? അവരെത്തുമ്പോൾ ബിജെപിയും സിപിഎമ്മും കൂടിച്ചേർന്ന് നിൽക്കുകയായിരുന്നു അവിടെ. റെയ്ഡിന്റെ വിവരം അവരെങ്ങനെ അറിഞ്ഞു? കൈരളി ടിവി പോലും അവിടെ ഉണ്ടായിരുന്നു.

പൊലീസ് വരുന്നതിന് മുമ്പേ വന്ന് വാതിൽക്കൽ നിൽക്കുകയായിരുന്നു കൈരളി ടിവി. അവർക്കെവിടുന്നാ വിവരം നേരത്തേ കിട്ടിയത്. കൈരളിയുടെ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടാണോ കേരള പൊലീസ് റെയ്ഡ് നടത്തുന്നത്. കൈരളിയെയും സിപിഎമ്മിനെയും ബിജെപിയെയും അറിയിച്ചിട്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്. അതിന് പിന്നിൽ ഗൂഢാലോചന അല്ലാതെന്താണ്?’ വി.ഡി. സതീശൻ ചോദിച്ചു.

ഇതിനിടെ ആളറിയാതെയാണ് ബിജെപി നേതാവുമായി സംസാരിച്ചത് എന്ന് സിപിഎം നേതാവ് ടി.വി. രാജേഷ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles