ഗിരീഷ് ആനന്ദ്
ആത്മകഥാപരമായ ലേഖനം
എന്റെ ജന്മദേശമായ എടക്കാടുമായി (കോഴിക്കോട് ജില്ല) ബന്ധപ്പെട്ട ഓണസ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന വയലേലകളും , കുറ്റിക്കാടുകൾ പടർന്നു പന്തലിച്ച പറമ്പുകളും ഇന്നില്ല. ആരെയും മോഹിപ്പിക്കും വിധം തലയുയർത്തി കാറ്റിനൊത്ത് ചാഞ്ചാടുന്ന നെൽച്ചെടികൾ, നേർത്ത് പെയ്തിറങ്ങുന്ന മഴനാരുകളുടെ മുദുലമായ പ്രഹരത്തിൽ നാണിച്ചെന്ന പോലെ തലതാഴ്ത്തുന്ന ഹരിതാഭയുടെ ദൃശ്യവിരുന്ന്! പ്രകൃതി ഒരുക്കിവെച്ച കാഴ്ചകളിൽ നിന്ന് വിടുതൽ നേടി വയൽവരമ്പുകളിലൂടെ ഓരോട്ടമാണ് -ഓണപൂക്കൾ തേടി …
കിളുത്ത മണ്ണിൽ നെൽകതിരുകൾക്ക് കീഴെ ഒളിഞ്ഞിരിക്കുന്ന കാക്കാപ്പുക്കളുടെ കഴുത്തിറുക്കുമ്പോഴായിക്കും വയൽ ഉടമയുടെ കുപിതമായ കാൽവെപ്പുകളോടെയുള്ള വരവ്. പിന്നെ ഒരു പതുങ്ങിയിരിപ്പാണ്. – കറുത്തിരുണ്ട് നനഞ്ഞലിഞ്ഞ പാടമണ്ണ് കിടക്കയാവും ; നെല്ലോല പുതപ്പാകും , കാക്കാപൂക്കൾ പ്രാർത്ഥനാപൂർവ്വം കൺചിമ്മി കാവൽ നിൽക്കും.
ഓർമ്മകളിൽ പച്ചപിടിച്ചു നിൽക്കുന്ന അയപ്പൻ കാവ്, മോറോത്ത്, പുത്തൻ വള്ളി, മുണ്ട്യാടി – തുടങ്ങിയ വയലേലകൾ ചുരുങ്ങിയ വർഷങ്ങളുടെ കുത്തൊഴുക്കിൽ തന്നെ നാമാവശേഷമായി. പകരം കോൺക്രീറ്റ് വീടുകളും , നട്ടാൽ മുളയ്ക്കാത്ത വിധം കാർക്കശ്യമായ മണ്ണോടു കൂടിയ സ്‌കൂൾ മൈതാനങ്ങളും , ഫ്‌ലാറ്റ് സമുച്ചയങ്ങളും ഉയർന്നുവന്നു !
വയലേലകളിലെ കസർത്തു കഴിഞ്ഞാൽ പിന്നെ, തുമ്പയും മഞ്ഞപൂവും തേടി പറമ്പുകളിൽ നിന്നും പറമ്പുകളിലേക്ക് ഒരോട്ടമാണ്. അതു കഴിഞ്ഞാൽ പിന്നത്തെ യാത്ര വെസ്റ്റ്ഹിൽ ബരാക്‌സിലേക്ക് … അപ്പോൾ കിഴക്ക് വെള്ള കീറിയിട്ടേ ഉണ്ടാകൂ ! അരിച്ചിറങ്ങുന്ന വെയിൽ നാളങ്ങളിൽ നിഴൽ വിരിച്ച് കൂട്ടുകാരുമൊത്ത് കുറ്റിക്കാടുകൾ വകഞ്ഞു മാറ്റി നടക്കുമ്പോൾ മനസ്സിൽ ഒന്നേ ലക്ഷ്യമുള്ളൂ – തോളിൽ ഞാന്നു കിടക്കുന്ന പൂക്കുട്ട നിറയ്ക്കണം.
കുന്നിൻ മുകളിൽ സ്വാഗത മോതി മണിപ്പൂ കാണും ; അരിപ്പൂ കാണും. ഇടയ്ക്ക് തുമ്പപൂക്കളുടെ ഒരു അസുലഭ ശേഖരം തന്നെയുണ്ടാവും. അതൊരു നിധി തന്നെയാണ്. കാരണം, ഇല്ലപ്പറമ്പിലെയും, പുതുക്കുടി പറമ്പിലെയും തുമ്പപൂക്ക ളത്രയും സ്വന്തമാക്കിയാലും തൃപ്തി വരില്ല. അതെ, എത്ര കിട്ടിയാലും മതിവരാത്ത പ്രകൃതി കാത്തുവെച്ചിരുന്ന നിസ്തുല കനി തന്നെയായിരുന്നുവല്ലോ തുമ്പപ്പൂ ! ഓണം എന്നോർക്കുമ്പോൾ തന്നെ ,ഓർമ്മയിൽ തൂവെള്ള ശോഭയോടെ നൻമയും സമാധാനവും ഐക്യവും വിളിച്ചോതുന്ന തുമ്പപൂവിനുള്ള വിശിഷ്ട സ്ഥാനം മറ്റേത് പൂവിനുണ്ട് ! (ഇന്ന് തുമ്പപ്പൂക്കളെവിടെ ? തുമ്പക്ക് വളമൊരുക്കി പരന്നും ഉയർന്നും നിന്നിരുന്ന വയൽ വരമ്പുകളും പറമ്പുകളും വിരലില്ലെണ്ണാവുന്നവ മാത്രം ! )
പുതുക്കുടി, നടുക്കണ്ടി പറമ്പ്, പെടക്കോളി പറമ്പ്, ഇല്ല പറമ്പ്, ശ്രീ പിഷാരിക്കാവിന് സമീപത്തെ വയലിറമ്പുകൾ, കൊത്തൂരമ്പലത്തിനടുത്ത് കൊത്തൂർ താഴംപറമ്പ് … ഇന്നീ പറമ്പുകൾ വർഷത്തിൽ പത്തു നാൾ നീണ്ടു നിന്നിരുന്ന കൊയ്ത്തുത്സവത്തിന്റെ സ്മരണ മാത്രം !
മടക്കയാത്രയിൽ, വഴിയരികിലെ വീടുകളിൽ ചിരിച്ചുല്ലസിച്ചു നിൽക്കുന്ന ചെമ്പരത്തിയിലും ഓടാപ്പൂവിലും മറ്റുമായിരിക്കും നോട്ടം. എല്ലാം കഴിഞ്ഞ് തിരിച്ചെത്തി , പൂപ്പറിക്കാവുന്ന കുട്ടികളില്ലാത്ത അയൽ വീടുകളിലേക്ക് പൂക്കൾ വീതം വെച്ച് അടുത്ത യാത്ര ചേലുകുളത്തേയ്ക്കാണ്. (ചേലുകുളം ഇന്ന് സ്ഥലം ഭാഗംവെപ്പിൽപെട്ട് ശോഷിച്ച് ശോഷിച്ച് ഒരു അടയാളമായി തീർന്നിരിക്കുന്നു)
ഉയർന്നു നിൽക്കുന്ന കൽപ്പടവുകളിൽ നിന്ന് മലക്കം മറിഞ്ഞ് വെള്ളത്തിൽ മുങ്ങാം കുഴിയിട്ട് നിവരുമ്പോൾ ദേഹം മുഴുവൻ നീറ്റലായിരിക്കും. പൂ തേടിയുള്ള യാത്രയ്ക്കിടക്ക് സംഭവിച്ച മുറിവും, മുള്ളുകളുടെ പോറലുകളും അപ്പോഴാണ് തിരിച്ചറിയുക. സുഖകരമായ ആ നീറ്റലിൽ നിന്നും നേരെ പൂക്കളത്തിലേക്ക് ..
പൂത്തറയിൽ ചാണകം മെഴുകി, തൃക്കാക്കരപ്പനെ വെച്ച് , പൂക്കളം തീർത്തു കഴിഞ്ഞാൽ പിന്നെ അടുത്ത രാവിനായി അക്ഷമയോടെയുള്ള കാത്തിരിപ്പ്. ഒപ്പം പ്രാതൽ കഴിച്ചെന്നു വരുത്തി കളികളത്തിലേക്ക് മരണപ്പാച്ചിൽ … കളിക്കളം ഉണരുകയായി…
ഇന്ന്, പ്രകൃതി നിർലോഭം കനിഞ്ഞു നൽകിയ (ചിങ്ങ മെത്തുമ്പോൾ താനേ തലയുയർത്തുന്ന)തുമ്പയും, കാക്കാപ്പൂവും മറ്റും നാമാവശേഷമായി തുടങ്ങിയപ്പോൾ തമിഴ്‌നാട്ടിൽ നിന്നും ഗുണ്ടൽപേട്ടയിൽ നിന്നും വളർത്തിയെടുത്ത പൂക്കൾ പൂത്തറകളിൽ സ്ഥാനം പിടിച്ചു. മത്സര വേദികളിൽ ഇലകളും
കരിനിറം ചേർത്ത മറ്റിനങ്ങളും പൂക്കളോട് ഇടകലർന്നു നിന്നു.
സ്വാഭാവികമായും ,
കാലത്തിനൊപ്പം വളർന്ന്, പഠനത്തോടൊപ്പം പൂക്കച്ചവടത്തിലേക്ക് തിരിയുമ്പോൾ ഈയുള്ളവന് ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ – മിച്ചം വരുന്ന ജെമന്തിയും, ചെട്ടിയും, വാടാർമല്ലിയും മറ്റും സ്വന്തമാക്കാമല്ലോ? മനസ്സിന് അവാച്യമായ അനുഭൂതി പകർന്നു കൊണ്ട് പൂക്കടകളിൽ നിന്നുയരുന്ന ദാസേട്ടന്റെ നാദമാധുര്യം – ‘അത്തപൂ നൃത്തം വെച്ചു, ചിത്തിരപൂ ചിരി തൂകി, ചോതി പ്പൂ ചോദിപ്പൂ , മാവേലി വന്നോ, മന്നൻ മാവേലി വന്നോ…? ‘
‘ഉത്രാട രാത്രിയിൽ ഉണ്ണാതുറങ്ങാതെ ഉണ്ണിയുടെ അച്ഛനെ കാത്തിരുന്ന, ഓണക്കാലത്തെ ശുദ്ധ സംഗീതത്തിന്റെ മാസ്മരികതയും പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ അലിഞ്ഞലിഞ്ഞില്ലാതായി…
ഇന്നിപ്പോൾ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള യാത്രക്കിടയിൽ നടുക്കത്തോടെ ഒരു യാഥാർത്ഥ്യം തിരിച്ചറിയുന്നു. – മഹാബലിയും വാമനനും പാതാളവും മറ്റും പരിഹാസ ചുവയോടെ മാത്രം സങ്കല്പിക്കുംപോലെ, നാളെ വയലേലകളും കർഷകരും പറമ്പുകളും തുമ്പയും കാക്കാപൂവുമെല്ലാം കേവലം ‘കെട്ടുകഥ ‘ യായി മാറുമോ.. ?
ഏയ് …അങ്ങിനെയൊന്നു മുണ്ടാവില്ല.
കാരണം, കാലത്തിനൊപ്പം വഴികളും മാറിക്കൊണ്ടിരിക്കും.
ടെക്‌നോളജി അത്രമാത്രം വളർന്നു കഴിഞ്ഞു – പുതുതലമുറയെ അടിമുടി ഗാഢമായി പുണർന്നു കഴിഞ്ഞു.
എ ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമിതബുദ്ധി എന്തും പുനസൃഷ്ടിക്കുവാൻ തയ്യാറായി നമുക്ക് മുന്നിൽ ഭീമാകാരം പൂണ്ടിരിക്കുന്നു. നഷ്ടപ്പെട്ടതെന്ന് നാം വിലപിക്കുന്ന മേല്പറഞ്ഞതെന്തും നിമിഷാർദ്ധംകൊണ്ട് അനായാസമായി കൺമുന്നിലെത്തിക്കുവാനുള്ള ‘കെൽപോടെ ‘ സാങ്കേതികത്വം വളർന്നിരിക്കുന്നു.
ചാറ്റ് ജി പി ടി , എന്ന എ.ഐ യുടെ ടൂൾ ഉപയോഗിച്ചുള്ള
ഓണക്കവിതകൾ നമ്മുടെ
കാതിനരികെ എത്തി തുടങ്ങിയിരിക്കുന്നു.
എങ്കിലും, ആത്മാവ് നഷ്ടപ്പെട്ട ഇത്തരം സാങ്കേതിക ‘കസർത്തുകൾ’ ക്കിടയിലും ഒരുമയുടെ ദിവ്യപ്രകാശവുമായി ഓണം പോലെയുള്ള ആഘോഷങ്ങൾ
കേരള മണ്ണിൽ നിലനിൽക്കുകതന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാം !