പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ.ഐ..എ വാദം തള്ളിയാണ് കോടതി വിധി
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം, പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് എന്നീ രണ്ട് കേസുകളാണ് എൻഐഎ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന 17 പേർക്ക് ഹൈക്കോടതി ജാമ്യം നൽകി. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ഒമ്പത് പേർക്കും പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട എട്ട് പേർക്കുമാണ് ജാമ്യം അനുവദിച്ചത്.
എസ് ഡിപി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ, പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകരായ ഡോ. സി ടി സുലൈമാൻ, അഡ്വ. മുബാറക്ക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീൻ മുണ്ടക്കയം, സൈനുദ്ദീൻ കാഞ്ഞിരപ്പള്ളി, അലി, അബ്ദുൽ കബീർ, റിസ് വാൻ, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബർ അലി, അഷ്ഫാഖ് തുടങ്ങിയവർക്കാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ശ്യാംകുമാർ വിഎം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ മറ്റ് ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.് സദ്ദാം ഹുസയ്ൻ, കരമന അശ്റഫ് മൗലവി, നൗഷാദ്, അശ്റഫ്, യഹ് യ തങ്ങൾ, മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുൽ സത്താർ, അൻസാരി ഈരാറ്റുപേട്ട, സി എ റഊഫ് എന്നിവർക്ക് ജാമ്യം നിഷേധിച്ചു.
കർശന ഉപാധികളോടെയാണ് ജാമ്യം
ജാമ്യം ലഭിച്ച പ്രതികൾ പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇവർ കേരളം വിടാൻ പാടില്ല. ജാമ്യത്തിൽ കഴിയുന്ന കാലയളവിൽ അവർ താമസിക്കുന്ന വിലാസം എൻഐഎയുടെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ എൻഐഎയ്ക്ക് മുന്നിൽ ഹാജരാകണം. അവർ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ. മൊബൈലിൽ 24 മണിക്കൂറും ലൊക്കേഷൻ ഓൺ ചെയ്തിരിക്കണം. പ്രതികൾ എവിടെയാണെന്ന് തിരിച്ചറിയാൻ എൻഐഎയ്ക്ക് കഴിയണമെന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം.
കേസിലെ 26 പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.2022 സെപ്റ്റംബർ 28-നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചത്.