തൃണമൂല്‍ പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്യാനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു. 2022ലെ ഈസ്റ്റ് മേദിനിപൂരില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബാലായി ചരണ്‍ മൈതി, മനോബ്രത ജന എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി ശനിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളുമായി കൊല്‍ക്കത്തക്കു മടങ്ങവേ സ്ത്രീകളടങ്ങുന്ന സംഘം എന്‍ഐഎ യെ തടയുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. രണ്ടു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും എന്‍ഐഎ ആരോപിച്ചു. ഭൂപതിനഗറിലെ വസതിയില്‍ അറസ്റ്റിനെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് എത്തുകയും വസ്തുവകള്‍ നശിപ്പിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നും കാണിച്ച്് മനോബ്രത ജനയുടെ ഭാര്യ മോനി ജനയാണ് എന്‍ഐഎക്കെതിരെ പരാതി നല്‍കിയത്.
ഉദ്യോഗസ്ഥര്‍ അര്‍ധരാത്രി എത്തിയതിനാലാണ് പ്രതിഷേധം ഉണ്ടായതെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ബിജെപിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എന്‍ഐഎ എത്തിയതെന്നും മമത ആരോപിച്ചു. തങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ എന്‍.ഐ.എയും ഭൂപതിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.