ന്യൂഡൽഹി : നീറ്റ് യു.ജി. പുന: പരീക്ഷ വേണ്ടെന്ന് സുപ്രിം കോടതി വിധിച്ചു. ക്രമക്കേട് വ്യാപകമല്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.
എന്നാൽ നടത്തിപ്പിൽ വീഴ്ച പറ്റിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല.
ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നത് 23 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അക്കാദമിക് ഷെഡ്യൂൾ തടസപ്പെടാൻ ഇടയാക്കും. ഹസാരിബാഗിലെയും പട്‌നയിലെയും കേന്ദ്രങ്ങളിൽ പരീക്ഷാ പേപ്പർ ചോർച്ചയുണ്ടായെന്നു വ്യക്തമാക്കിയ കോടതി, പരീക്ഷാഫലം തകിടം മറിഞ്ഞെന്നോ പരീക്ഷയുടെ പവിത്രതയിൽ വ്യവസ്ഥാപരമായ ചോർച്ചയുണ്ടെന്നോ നിഗമനത്തിലെത്താൻ മതിയായ തെളിവുകളില്ലെന്നു പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് വിധി. ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.