സബ്രീന സിദ്ദീഖിക്കെതിരെ സൈബർ ആക്രമണം അസ്വീകാര്യവും ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചതിന് കടുത്ത സൈബർ ആക്രമമാണ് സബ്രീനക്കെതിരെ നടക്കുന്നത്. .’മാധ്യമപ്രവർത്തകക്ക് നേരെയുണ്ടായ സമീപനം തികച്ചും അസ്വീകാര്യമാണ്. മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന എല്ലാതരം പീഡനങ്ങളെയും തങ്ങൾ അപലപിക്കുന്നു. ഇത് ജനാധിപത്യ തത്വങ്ങൾക്കെതിരാണ്’ എന്നിങ്ങനെയായിരുന്നു ദേശീയ സുരക്ഷ കൗൺസിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓഡിനേറ്റർ ജോൺ കിർബിയുടെ പ്രതികരണം.
അമേരിക്ക പത്രസ്വാതന്ത്ര്യത്തിന് വേണ്ടി നില കൊള്ളുന്ന രാജ്യമാണെന്ന് പ്രസ്താവിച്ചു. തങ്ങളുടെ ജോലി നിർവ്വഹണത്തിന്റെ പേരിൽ ഏതൊരു ജേർണലിസ്റ്റിന് നേരെയും നടക്കുന്ന പീഢന ശ്രമങ്ങളും അപലപനീയമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറിയും പ്രതികരിച്ചു.
മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി ജൂൺ 22ന് നടത്തിയ വാർത്ത സമ്മേളനത്തിനിടെയാണ് വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ടറായ സബ്രീന സിദ്ദീഖി രാജ്യത്തെ ന്യൂനപക്ഷ സമൂഹം നേരിടുന്ന പ്രതിസന്ധിസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്നും എതിരാളികൾ നിശബ്ദരാക്കപ്പെടുന്നുവെന്നും പരാതി ഉയരുന്നല്ലോ എന്നും ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ എന്താണ് ചെയ്തതെന്നുമുള്ള ചോദ്യമാണ് സബ്രീന മോദിയോട് ഉന്നയിച്ചത്.
‘ഇന്ത്യയുടെയും അമേരിക്കയുടെയും ഡി.എൻ.എയിൽ ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിലുണ്ട്. അതുമായാണ് നാം ജീവിക്കുന്നത്. അത് ഭരണഘടനയിൽ എഴുതിവെച്ചിട്ടുമുണ്ട്. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ല’, ഇതായിരുന്നു മോദിയുടെ മറുപടി. വിദേശ മാധ്യമ പ്രവർത്തകർക്ക്് ഒരു ചോദ്യംമാത്രം ചോദിക്കാനാണ് അവസരമുണ്ടായിരുന്നത്.
വാർത്ത സമ്മേളനത്തിന് പിന്നാലെ സബ്രീനക്ക് നേരെ സംഘ് പരിവാർ കേന്ദ്രങ്ങൾ ട്വിറ്ററിലും മറ്റും കടുത്ത ആക്രമണമാണ് നടത്തിയത്. സബ്രീനയുടെ. മാതാവ് പാകിസ്താനിയായത് സൂചിപ്പിച്ച് സബ്രീനയെ പാക്കിസ്ഥാൻകാരി എന്നു വിളിച്ച് അപമാനിക്കാനായിരുന്നു ശ്രമം.