മേപ്പാടി ; ദുരന്തത്തില്‍ അതിജീവിച്ചവരുടെയും ബന്ധുക്കളുടെയും നിലക്കാത്ത വിലാപം, ദു:ഖവും, ആശങ്കയും, പ്രതീക്ഷയുമായി ഊണും ഉറക്കമില്ലാതെ ആയിരങ്ങള്‍, മൂന്നു ദിനമായി മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയുടെ ചിത്രമിതാണ്. ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയാന്‍ ഓടിനടക്കുന്നവര്‍, അന്വേഷിച്ചെത്താന്‍ ആരും അവശേഷിക്കാത്ത മൃതദേഹങ്ങള്‍, ഓരോ മൃതദേഹവുമായി ആംബുലന്‍സ് ആശുപത്രി മുറ്റത്തേക്കുവരുമ്പോള്‍ അത് തങ്ങളുടെ ഉറ്റവരാണോ എന്ന് നോക്കി നോക്കി അവശരായവര്‍ ഇങ്ങനെ എണ്ണമറ്റ ദുരന്തകാഴ്ചയാണ് മേപ്പാടി സാക്ഷ്യം വഹിക്കുന്നത്.
ഇത്തരം കാഴ്ചയില്‍ മോര്‍ച്ചറിക്കുമുമ്പില്‍ ഇന്നലെ വരെ തങ്ങളുടെ കൂട്ടുകാരായ കാണാതായ നാലുപേരെ തിരയുന്ന മൂന്ന് ചെറുപ്പക്കാരെ കണ്ടു. മുണ്ടക്കൈ സ്വദേശികളായ സിനാന്‍, ആദില്‍, അംജത് അലി എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരെ കണ്ടെത്തുന്നതിന് മൂന്നു ദിവസമായി ഈ മോര്‍ച്ചറിക്കു മുന്നില്‍ കാത്തുനില്ക്കുന്നത്. മുണ്ടക്കൈയിലെ മഹാദുരന്തത്തില്‍ ഗിരിജിത്ത്,നസിന്‍ മഹേഷ്, വൈഷ്ണവ് ,ശിഷിന്‍ എന്നീ സുഹൃത്തുക്കളെ കാണാതായി. ഓരോ മൃതദേഹം കൊണ്ടുവരുമ്പോഴും ഇവര്‍ ഓടിയെത്തുന്നു. പിന്നെ നിരാശയോടെ മടക്കം. ഒരു മിച്ച് പഠിക്കുന്നവര്‍ മാത്രമല്ല ആത്മ മിത്രങ്ങളെ കൂടിയാണ് ദുരന്തത്തില്‍ കാണാതായത്. സിനാന്‍, ആദില്‍, അംജത് അലി എന്നിവര്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരാണിവര്‍. കാണാതായ സൂഹൃത്തുക്കളുടെ, സൗഹൃദ വേളയില്‍ പകര്‍ത്തിയ ചിത്രങ്ങളും മൂവരുടെയും മൊബൈലില്‍ ഉണ്ട്.
ഇതുപോലെ മക്കളെ മാത്രം നഷ്ടപ്പെട്ടവര്‍, മാതാപിതാക്കള്‍ മാത്രം നഷ്ടപ്പെട്ട മക്കള്‍, ഭാര്യയോ, ഭര്‍ത്താവോ, അച്ചന്‍ അല്ലെങ്കില്‍ അമ്മ നഷ്ടപ്പെട്ടവര്‍ വാക്കുകളില്‍
പ്രകടിപ്പിക്കാനാവാത്ത വേര്‍പാടിന്റെയും, വേദനയുടെയും കഥയാണ് ആശുപത്രി പരിസരത്തിലുള്ള ഓരോരുത്തര്‍ക്കും പറയാനുള്ളത്.