Monday, January 27, 2025

Top 5 This Week

Related Posts

സാഹിത്യം, പത്രപ്രവർത്തനം, കമ്യൂണിസം ; മണ്ണാലത്ത് ശ്രീധരന്റെ ഓർമ്മ പുതുക്കാം

പിൻകാഴ്ചകൾ - 12

by കുന്നത്തൂർ രാധാകൃഷ്ണൻ

മണ്ണാലത്ത് ശ്രീധരനെ ഓർമ്മയുണ്ടോ? ഇല്ലെങ്കിൽ ഓർമ്മിപ്പിക്കാം. ഓർമ്മ പുതുക്കാം. പത്രപ്രവർത്തകൻ, കവി, നാടകകൃത്ത്, വിവർത്തകൻ, കമ്യൂണിസ്റ്റ് പ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളീയ സമൂഹത്തിന് സംഭാവനകൾ നൽകിയ മണ്ണാലത്ത് ക്ലേശകരമായ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു.1926- ജനുവരി 10-ന് മാളിക്കടവിൽ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. കഷ്ടപ്പാടിന്റെ അഗ്‌നിവലയത്തിലൂടെയാണ് ബാല്യം കടന്നു പോയത്. പിതാവ് കേളുവിന് മാളിക്കടവിൽ കാപ്പിക്കച്ചവടമുണ്ട്. മണ്ണാലത്തിനെ കൂടാതെ രണ്ടുപെൺമക്കളും അദ്ദേഹത്തിനുണ്ട്. എല്ലുമുറിയെ പണിയെടുത്താലും സാമ്പത്തിക പ്രയാസങ്ങൾ ഒഴിഞ്ഞ നേരമില്ല.അതിന്റെ തുടർചലനമെന്ന നിലയിൽ കടം പെരുകി വീട് ജപ്തിക്ക് വിധേയമായി അന്യാധീനപ്പെട്ടു. ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന മനുഷ്യസ്‌നേഹിയുടെ മഹാമനസ്‌കതയിൽ കുടിൽ കെട്ടിയതിനാൽ അച്ഛനും അമ്മ മാളുവടങ്ങുന്ന കുടുംബം പെരുവഴിയിലായില്ല. ജന്മിത്തം അടക്കി വാഴുന്ന കാലമാണത്. ബ്രിട്ടീഷ് ഭരണം അതിന് എരിവ് പകർന്നു.ചാരനിറമാർന്ന,ഒട്ടും ആകർഷകമല്ലാത്ത, മ്ലാനമായ മുഖച്ഛായയായിരുന്നു അന്ന് കോഴിക്കോട് നഗരത്തിന്. ഓല-ഓടുകൾ പാകിയ ഒറ്റനില പീടികമുറികൾ സുലഭമായ, നഗ്‌നപാദരായ മനുഷ്യർ ജീവിത പ്രാരാബ്ധങ്ങൾ പേറി നടന്നു തീർക്കുന്ന വഴികൾ നിറഞ്ഞ നഗരം.

പുതൂർ യുപി. സ്‌കൂളിലായിരുന്നു മണ്ണാലത്തിന്റെ പഠനം. മാളിക്കടവിൽ നിന്ന് പുതൂർ സ്‌കൂളിലേക്ക് നാഴികകൾ താണ്ടണം. കാൽനട മാത്രമാണ് അക്കാലത്ത് ശരണം. സാമ്പത്തികദുരിതം മൂലം പുതൂർ സ്‌കൂളിലെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സ്വന്തമായി പഠിച്ച് മെട്രിക്കുലേഷൻ പാസ്സായി. മണ്ണാലത്തിന്റെ തട്ടകം മാളിക്കടവ്-കുണ്ടൂപറമ്പ് മേഖലയായിരുന്നു.
ജീവിതാനുഭവങ്ങളുടെ കാഠിന്യവും മർദ്ദിതജനവിഭാഗങ്ങളോടുള്ള അനുതാപവും കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചു. അന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒന്നേയുള്ളു. പിളർപ്പിന്റെ കാലമെത്തിയിരുന്നില്ല. രാജ്യം തിളച്ചുമറിയുന്ന 1940-കളാണ്. 1947-48 കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്നു മണ്ണാലത്ത്. അത് സാധാരണകാലമായിരുന്നില്ല. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് ദുരിതകാലം. ബിടി. രണദിവെയുടെ കൽക്കത്താ തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ട നാളുകൾ.മണ്ണാലത്ത് അടക്കമുള്ളവരുടെ പ്രവർത്തനം അക്കാലത്ത് ഒളിവിലാണ്.പോലീസ് ഏതുസമയവും പിടികൂടാം. ഒറ്റുകാർ എവിടെയും തക്കം പാർത്തിരിക്കുന്ന ഇടങ്ങൾ സുലഭമാണ്. സദാ ജാഗ്രത പുലർത്തിയേ മതിയാകൂ! ലോക്കപ്പുകളും ജയിലുകളും തന്റേടികളായ ചെറുപ്പക്കാരുടെ രോദനങ്ങൾ കൊണ്ട് വിറങ്ങലിച്ച കാലം. മണ്ണാലത്ത് ശ്രീധരന്റെ ജനങ്ങൾക്കിടയിലെ പ്രവർത്തനം വെള്ളത്തിലെ മൽസ്യം പോലെയാണ്. അണ്ടർ ഗ്രൗണ്ടിലെ പ്രവർത്തകർ ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരുന്നു. എകെജി അടക്കം പല കമ്യൂണിസ്റ്റ് നേതാക്കളുമായും മണ്ണാലത്തിന് അടുപ്പമുണ്ട്. അത് കൂടുതൽ ഊർജ്ജം പകർന്നു. കടുത്ത പരീക്ഷണത്തിന്റെ നാളുകളായിരുന്നു അത്. ആ പരീക്ഷണ നാളുകളിലെ അനുഭവങ്ങൾ അദ്ദേഹം ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട്.

കവിയെന്ന നിലയിലായിരുന്നു അക്ഷരങ്ങളെ സ്‌നേഹിച്ച മണ്ണാലത്തിന്റെ സാഹിത്യരംഗത്തേക്കുള്ള പ്രവേശം. ആദ്യകവിത ദേശാഭിമാനിയിലാണ് വെളിച്ചം കണ്ടത്-മരണം അടുത്തവർ. പത്രപ്രവർത്തനമാകട്ടെ, പത്തൊമ്പതാം വയസ്സിൽ തുടങ്ങുന്നു. ആ തുടക്കം യാദച്ഛികമായിരുന്നു. പത്രപ്രവർത്തകനാകാൻ യാതൊരു തയ്യാറെടുപ്പുകളും അദ്ദേഹം നടത്തിയിരുന്നില്ല. അതിനെക്കുറിച്ച് ‘ഞാനെങ്ങനെ പത്രപ്രവർത്തകനായി’ എന്ന ലേഖനത്തിൽ അദ്ദേഹം വാചാലമായി വിവരിച്ചിട്ടുണ്ട്.കോഴിക്കോട് കോർട്ട് റോഡിലെ നോർമ്മൻ പ്രിന്റിംഗ് പ്രസ്സിൽ നാലുപേജിൽ അച്ചടിക്കുന്ന ‘കേരളപത്രിക’ എന്ന പത്രത്തിൽ ‘കമ്പോസിറ്റർ കം പ്രൂഫ് റീഡർ’ ആയിട്ടായിരുന്നു ആദ്യനിയമനം. ശമ്പളം പ്രതിമാസം 25-രൂപ.ആദ്യത്തെ ശമ്പളത്തിന് ഒരു ജോടി ചെരിപ്പ് വാങ്ങിയെന്നും കൂടുതൽ പഠിക്കാൻ ട്യൂട്ടോറിയൽ കോളജിൽ ഫീസടച്ചുവെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. അമ്പത്തിയെട്ടാം പുസ്തകത്തോടെ’ കേരളപത്രിക’യുടെ പ്രസിദ്ധീകരണം നിലച്ചു. എങ്കിലും അതൊരു അവിസ്മരണീയമായ അനുഭവമായി. പിന്നെ ദേശാഭിമാനിയായി തൊഴിലിടം. അവിടെ അച്ചുനിരത്തി, പ്രൂഫ് വായിച്ചു. സ്വപ്രയത്‌നം കൊണ്ട് റിപ്പോർട്ടറായി.എഴുത്തുകാരനായി.

കവിതയിലായിരുന്നു മണ്ണാലത്തിന് കൂടുതൽ ഭ്രമം.കേരളപത്രിക, ചന്ദ്രിക, നവജീവൻ, ജനയുഗം, ജയകേരളം, ദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങളിലെല്ലാം തുടർച്ചയായി കവിതകൾ എഴുതി.അക്കാലത്ത് . ‘ബ്ലിറ്റ്‌സ്’ വാരിക നടത്തിയ അഖിലേന്ത്യാ കവിതാമൽസരത്തിൽ ഒന്നാംസമ്മാനം മണ്ണാലത്ത് എഴുതിയ ‘വെളിച്ചത്തിന്റെ വീഥിയിൽ’ എന്ന കവിതയ്ക്കായിരുന്നു. ‘കവി’ എന്ന ഖണ്ഡകാവ്യത്തിന് അന്നത്തെ മദിരാശി സർക്കാറിന്റെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1968-ൽ മണ്ണാലത്ത് മലയാള മനോരമയിൽ ചീഫ് സബ് എഡിറ്ററായി ചേർന്നു. പതിനാറ് വർഷത്തെ സേവനത്തിനുശേഷമാണ് അവിടെ നിന്ന് വിരമിച്ചത്. പിന്നെ മാധ്യമം പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ പദവി ഏറ്റെടുത്തു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്, സീനിയർ ജേണലിസ്റ്റ് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ഇടതുപക്ഷഭാവനയെ ഹൃദയത്തിലേറ്റിയ എഴുത്തുകാരനാണ് മണ്ണാലത്ത്. അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ അടക്കമുള്ള കവിതകൾ അതിന്റെ സാക്ഷ്യപത്രങ്ങളാണ്. ഹരീന്ദ്രനാഥ് ചതോപാധ്യായ, മാവോസെതൂംഗ്, നസിം ഹിക്മത്, എഥെൽ റോസൻബർഗ്ഗ്, ഹരീന്ദ്രനാഥ് ടാഗോർ, ലവ് ഒഷാനിൻ തുടങ്ങിയ കവികളെ അദ്ദേഹം മലയാളത്തിലേക്ക് ആനയിച്ചു. കവിതകൾ മാത്രമല്ല, നാടകവും ലേഖനങ്ങളും മണ്ണാലത്ത് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളെല്ലാം’ ഒരു നീണ്ട യാത്രക്കിടയിൽ’ എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. പ്രശസ്ത പത്രപ്രവർത്തകൻ കെപി. കുഞ്ഞിമ്മൂസയാണ് ആ പുസ്തകത്തിന് അവതാരികയെഴുതിയത്.

മണ്ണാലത്ത് ശ്രീധരനുമായി ഈ ലേഖകന് അടുപ്പമുണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങിയ ‘സ്റ്റാർ ന്യൂസ് വീക്ക്’ എന്ന രാഷ്ട്രീയ-സാഹിത്യ വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു അദ്ദേഹം. അക്കാലത്ത് ഞാനതിൽ സബ്ബ് എഡിറ്റർ ആണ്. ശ്രീധരേട്ടൻ എന്നായിരുന്നു ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്.അദ്ദേഹം ഓടിച്ചിരുന്ന പഴയ കാറിലായിരുന്നു പലപ്പോഴും ഞാൻ വീടണഞ്ഞിരുന്നത്.എന്നാൽ സ്റ്റാർ ന്യൂസ് വീക്ക് പുറത്തിറങ്ങാറായപ്പോഴേക്കും ശ്രീധരേട്ടൻ സ്ഥാപനം വിട്ടിരുന്നു.ഓഫീസിലിരിക്കെ അദ്ദേഹം പല കഥകൾ പറയും. പലതും പ്രചോദനമുണർത്തുന്നതാണ്. തന്റെ ആദ്യകാലജീവിതം പങ്കുവെക്കാൻ അദ്ദേഹത്തിന് മടിയില്ല. മാളിക്കടവ്-കുണ്ടൂപറമ്പ് മേഖലയിലെ തന്റെ പ്രവർത്തനാനുഭവങ്ങൾ അതീവ ശാന്തനായി വിവരിക്കും.’അക്കാലത്ത് ഞാൻ മറ്റൊരാളായിരുന്നു’ എന്ന് ഇടക്കിടെ പറയുകയും ചെയ്യും. അദ്ദേഹം പറഞ്ഞ ഒരുകാര്യം ഞാനിപ്പോഴും ഓർക്കുന്നു. കരുവിശ്ശേരിയിലൂടെ കടന്നുപോകുന്ന ഒരു റോഡിനെ കുറിച്ചാണ്. അന്നവിടെ റോഡില്ല. റോഡ് നിർമ്മാണം പ്രാവർത്തികമാക്കാൻ നാട്ടുകാർ കമ്മറ്റിയുണ്ടാക്കി.കമ്മറ്റിയിൽ സജീവപ്രവർത്തകനായി ശ്രീധരേട്ടനുണ്ട്. പലരും റോഡിനായി ഭൂമി വിട്ടുനൽകി. എന്നാൽ ഒരു ജന്മിമാത്രം സ്ഥലം വിട്ടുകൊടുത്തില്ല. അയാളിൽ സമ്മർദ്ദമായി. ഭൂമി വിട്ടുകൊടുത്തേ മതിയാവൂ എന്ന ഘട്ടമെത്തിയപ്പോൾ ജന്മി ഒരു ഉപാധി മുന്നോട്ടുവെച്ചു. ‘ഭൂമി തരാം. പക്ഷെ റോഡിന് എന്റെ പേരിടണം.’ ജന്മിയുടെ ആ ഡിമാന്റ് അംഗീകരിച്ച് റോഡ് യാഥാർഥ്യമാക്കിയെന്നാണ് ശ്രീധരേട്ടൻ പറഞ്ഞത്.

രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരിക പ്രവർത്തനവും ഒന്നിച്ചുകൊണ്ടുപോയ പ്രതിഭാശാലിയാണ് മണ്ണാലത്ത്. പ്രസന്നവദനയായി നായിട്ടല്ലാതെ അദ്ദേഹത്തെ കാണാനാവില്ല. അപാരമായ പക്വത ആ മുഖത്ത് ദർശിക്കാം. ജീവിതത്തിന്റെ അവസാനകാലത്തും കർമ്മനിരതനായിരുന്നു. കുണ്ടൂപറമ്പിലെ ‘അസോസിയേഷൻ ഓഫ് എൽഡേഴ്‌സി’ ന്റെ സ്ഥാപകാംഗമായിരുന്നു. അതിന്റെ ത്രൈമാസികയായ ‘സന്ധ്യാദീപ’ത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. ലളിതജീവിതം നയിച്ച, മൃദുഭാഷിയായ ഈ മനുഷ്യസ്‌നേഹി വിട പറഞ്ഞിട്ട് ഒരു വ്യാഴവട്ടമായി.എല്ലാവരെയും ദു:ഖത്തിലാഴ്ത്തി 2012-ഒക്ടോബർ ഒന്നിനായിരുന്നു മണ്ണാലത്തിന്റെ ദേഹവിയോഗം.

റിട്ട. ഹെഡ്മിസ്ട്രസ് വിശാലാക്ഷിയാണ് ഭാര്യ. ശ്രീലേഖ (റിട്ട. ഫിസിക്‌സ് പ്രൊഫസർ) ജയശ്രി (റിട്ട. ലാബ് ടെക്‌നീഷ്യൻ) ശ്രീകുമാർ ( മലയാള മനോരമ മുൻ ജീവനക്കാരൻ) ശ്രീവൽസൻ (സംഗീത അധ്യാപകൻ) എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles