ഗുജറാത്ത് കലാപത്തിനു സമാനമായ വംശഹത്യയാണ് മണിപ്പൂരിലേതെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും മാർ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്്്.
‘കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും’, മാർ ജോസഫ് പാംപ്ലാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തെയും പാംപ്ലാനി വിമർശിച്ചു. . നിയമനിർമാണ സഭകളിൽ നിയമം അവതരിപ്പിച്ച് വിശദാംശങ്ങൾ പൂർണ്ണമായി ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉൾക്കൊള്ളണം. ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല, ഹൈന്ദവ വിഭാഗത്തിൽതന്നെ വലിയ വൈവിധ്യമുണ്ട്.’
‘മറ്റ് മതങ്ങളുമായി ഉള്ളതിനേക്കാൾ കൂടുതൽ വ്യത്യാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുമതത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട്, ഏക സിവിൽ കോഡെന്ന സാങ്കൽപ്പിക പദം മാറ്റിവെച്ച് യഥാർഥത്തിൽ എന്താണ് ഇവിടെ നടപ്പാക്കാൻ പോകുന്നത് എന്ന് ജനാധിപത്യപരമായ ചർച്ചകൾക്ക് വിധേയമാക്കാനാണ് സർക്കാർ ആദ്യം പരിശ്രമിക്കേണ്ടത്. നിയമനിർമാണ വേദികളിൽ അത് അവതരിപ്പിക്കണം. വിശദാംശങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണം’, ബിഷപ്പ് അഭിപ്രായപ്പെട്ടതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. റബ്ബറിനു 300 രൂപയാക്കിതന്നാൽ ബിജെപിക്ക് കേരളത്തിൽ എം.പി. മാരില്ലെന്ന വേദനമാറ്റിത്തരാനാവുമെന്ന പ്രഖ്യാപനത്തിലൂടെ മതേതര വിശ്വാസികളുടെ കടുത്ത വിമർശനത്തിനും പരിഹാസത്തിനും ഇരയായ ബിഷപ്പിന്റെ മണിപ്പൂർ കലാപം സംബന്ധിച്ച വിമർശനം ശ്രദ്ദേയമാണ്.