Wednesday, December 25, 2024

Top 5 This Week

Related Posts

മണിപ്പൂർ കലാപം : പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ദീപിക മുഖ പ്രസംഗം.മണിപ്പുരിനെ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ ‘രക്ഷ’യാണോ ആ നാടിനു വിധിച്ചിരിക്കുന്നത്.

മണിപ്പൂർ കലാപം, പ്രധാനമന്ത്രിയെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ദീപിക മുഖ പ്രസംഗം. മണിപ്പുരിനെ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ ‘രക്ഷ’യാണോ ആ നാടിനു വിധിച്ചിരിക്കുന്നത്. മണിപ്പുരിനേറ്റ ചരിത്രപ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ, അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയിൽ താൻ അഭിരമിച്ചത് എന്തിനെന്നു മാത്രം പ്രധാനമന്ത്രി പറഞ്ഞില്ല. പക്ഷേ,പാർലമെൻറിൽ പ്രധാനമന്ത്രിയെക്കൊണ്ടു സംസാരിപ്പിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും എത്ര പണിപ്പെടേണ്ടിവന്നുവെന്നത് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു.
മുഖ്യമന്ത്രി നിർലജ്ജം മെയ്‌തെയ് പക്ഷത്തുനിന്നുവെന്നും, ശത്രുസംഹാരത്തിനുവേണ്ടി മെയ്‌തെയ് തീവ്ര പ്രസ്ഥാനം സംസ്ഥാനത്തിൻറെ ആയുധപ്പുരകൾ കയ്യേറിതോക്കും വെടിയുണ്ടകളും യഥേഷ്ടം കൈക്കലാക്കിയപ്പോൾ കൈയുംകെട്ടി നോക്കിനിന്നുവെന്നും ഉൾപ്പെടെ അതിരൂക്ഷമായ വിമർശനമാണ് ദീപിക നടത്തിയിരിക്കുന്നത്. ഇന്ത്യ തെരഞ്ഞെടുപ്പിൻറെ ആരവത്തിലാണ്; മണിപ്പുർ ഭയത്തിൻറെ പിടിയിലും. എങ്ങനെയാണ് ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്യാനെത്തുന്നതെന്നും ദീപിക ചോദിക്കുന്നു,

പ്രൊപഗണ്ട സിനിമയായ കേരള സ്റ്റോറി കത്തോലിക്ക സഭയുടെ രൂപതകളിൽ പ്രദർശിപ്പിച്ചത് വിവാദമാവുകയും മറിച്ച്, കേരള സ്റ്റോറിയല്ല, യഥാർഥ മണിപ്പൂർ സ്റ്റോറിയാണ് പ്രദർശിപ്പിക്കേണ്ടതെന്ന് ചർച്ച സഭക്കുളളിൽതന്നെ ശക്തമായിരിക്കെയാണ് സഭയുടെ മുഖപത്രമായ ദീപിക മണിപ്പൂർ സംഭവത്തെ പരാമർശിച്ച് ദീർഘമായ മുഖ പ്രസംഗം എഴുതിയിരിക്കുന്നത്.

ദീപിക മുഖ പ്രസംഗം പൂർണമായും വായിക്കാം

മണിപ്പുരിനെ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ ‘രക്ഷ’യാണോ ആ നാടിനു വിധിച്ചിരിക്കുന്നത് കേന്ദ്ര-സംസ്ഥാസർക്കാരുകളുടെ സമയോചിത ഇടപെടൽമൂലം കലാപബാധിത മണിപ്പുരിലെ സ്ഥിതിഗതികളിൽകാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്.ഏറെ വംശീയകലാപങ്ങൾ നടന്നിട്ടുള്ള നാടാണ് മണിപ്പുർ.പക്ഷേ, അതൊക്കെ നിസാരമായിരുന്നെന്നു തോന്നിപ്പിക്കുംവിധം ആ ജനത മനസുകൊണ്ടും വെറുപ്പുകൊണ്ടും വാസഭൂമികൊണ്ടും രണ്ടു ശത്രു രാജ്യങ്ങളെന്നപോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പുരിനേറ്റ ചരിത്രപ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ, അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയിൽ താൻ അഭിരമിച്ചത് എന്തിനെന്നു മാത്രം പ്രധാനമന്ത്രി പറഞ്ഞില്ല.

ആസാം ട്രിബ്യൂൺ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ചു പറഞ്ഞത്. വൈകാരികമായതിനാൽ വിഷയത്തെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ഉപദേശിച്ചു. ”മണിപ്പുരിലെ സംഘർഷം പരിഹരിക്കുന്നതിനു ലഭ്യമായ മികച്ച വിഭവങ്ങളും ഭരണസംവിധാനവുംവിനിയോഗിച്ചു. ഇതേക്കുറിച്ചു പാർലമെൻറിൽ സംസാരിച്ചു. അമിത് ഷാ മണിപ്പുരിൽ താമസിച്ച് 15 കൂടിക്കാഴ്ചകൾ നടത്തി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസർക്കാർ തുടർച്ചയായ പിന്തുണ നൽകി.

സാന്പത്തിക പാക്കേജുകൾ ഉൾപ്പെടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.” നല്ലത്; പക്ഷേ,പാർലമെൻറിൽ പ്രധാനമന്ത്രിയെക്കൊണ്ടു സംസാരിപ്പിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും എത്ര പണിപ്പെടേണ്ടിവന്നുവെന്നത് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു. ഒരു കാര്യം സത്യമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം തുടർച്ചയായ പിന്തുണ നൽകി. പക്ഷേ, സംസ്ഥാനത്തെ നയിക്കുന്ന ബിജെപി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആരുടെ പക്ഷത്തായിരുന്നെന്നത് അദ്ദേഹം മറന്നു.

മെയ്‌തെയ്, കുക്കി വംശങ്ങൾ ഏറ്റുമുട്ടിയപ്പോൾ മുഖ്യമന്ത്രിനിർലജ്ജം മെയ്‌തെയ് പക്ഷത്തു നിൽക്കുകയും മെയ്‌തെയ് തീവ്രസംഘടനങ്ങൾ മുഖ്യമന്ത്രിയെ പ്രശംസിക്കുകയുമൊക്കെ ചെയ്തത് ആരു മറക്കും. ശത്രുസംഹാരത്തിനുവേണ്ടി മെയ്‌തെയ് തീവ്ര പ്രസ്ഥാനം സംസ്ഥാനത്തിൻറെ ആയുധപ്പുരകൾ കയ്യേറിതോക്കും വെടിയുണ്ടകളും യഥേഷ്ടം കൈക്കലാക്കിയപ്പോൾ കൈയുംകെട്ടി നിന്നൊരു മുഖ്യമന്ത്രി! അദ്ദേഹത്തിൻറെ ആവശ്യപ്രകാരം മാത്രം പ്രവർത്തിക്കുകയായിരുന്നു കേന്ദ്രസർക്കാർ.

2023 മേയ് മൂന്നിനു കലാപം തുടങ്ങിയതിനുശേഷം ഇന്നുവരെപ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരേ നടപടി എടുക്കാതിരുന്നതിനെക്കുറിച്ചു മറുപടിയില്ല. മണിപ്പുരിലേതു വർഗീയമല്ല, വംശീയ കലാപമാണെന്നു പറയുന്‌പോഴും മെയ്‌തെയ്കൾ സ്വന്തം വംശത്തിൽപെട്ട ക്രൈസ്തവരുടേത് ഉൾപ്പെടെ 250 പള്ളികൾ ആദ്യദിവസങ്ങളിൽതന്നെ കത്തിച്ചു ചാന്പലാക്കിയതിനെക്കുറിച്ച് ഇന്നും വിശദീകരണമില്ല. ചില ക്ഷേത്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട് എന്നതല്ല മറുപടി.രാജ്യത്ത് അരങ്ങേറുന്ന ക്രൈസ്തവ മതസ്ഥാപനങ്ങളോടുള്ള വിവേചനത്തിൻറെ മണിപ്പുർ പതിപ്പായി അതു മാറി. നിർമിക്കപ്പെട്ട ആരാധനാലയങ്ങളിലെ പൂജകൾ മാത്രമല്ല,തകർക്കപ്പെട്ടവയുടെ ചാരവും ബിജെപി ഭരണകാലത്തിൻറെ ‘മതേതരത്വത്തെ’ നിർവചിക്കും. കലാപം നടക്കുമ്പോൾ സംസ്ഥാനസർക്കാരും മാധ്യമങ്ങളും പക്ഷംപിടിച്ചുവെന്ന് എഡിറ്റേഴ്സ് ഗിൽഡിൻറെ വസ്തുതാന്വേഷണസംഘംറിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ, ഗിൽഡിൻറെ പ്രസിഡൻറിനും മൂന്ന് അംഗങ്ങൾക്കുമെതിരേ കേസെടുത്തുകൊണ്ടാണ് ബിരേൻസിംഗ് സർക്കാർ പ്രതികരിച്ചത്. സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുകയും നഗ്‌നരാക്കി നാട്ടിലുടനീളം നടത്തുകയും ചെയ്ത സംഭവത്തിൽപോലും ഒരു എഫ്‌ഐആർ തയാറാക്കാൻ 14 ദിവസം വേണ്ടിവന്നു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളിലൊക്കെ ബിജെപി സർക്കാരുകൾ ശത്രുസംഹാരത്തിന് ഉപയോഗിച്ച ബുൾഡോസറുകൾ മണിപ്പുരിലേക്കും എത്തിയത് 2023 ഫെബ്രുവരിയിലായിരുന്നു. ചുരാചന്ദ്പുരിലെ കെ. സൊംഗ്ജാംഗിൽ വനഭൂമി കൈയേറിയെന്നാരോപിച്ച് കുക്കികൾ താമസിച്ചിരുന്ന 16 വീടുകളും അവരുടെപള്ളിയും ഇടിച്ചുനിരത്തി.മ്യാൻമറിൽനിന്നും ബംഗ്ലാദേശിൽനിന്നും മണിപ്പുരിലേക്കു കുക്കികളെത്തി അനധികൃതമായി താമസിക്കുന്നു എന്നുപ്രചരിപ്പിച്ചവരിൽ മുഖ്യമന്ത്രി ബിരേൻസിംഗായിരുന്നു
മുന്നിൽ. കുക്കികൾ പോപ്പി കൃഷിയിലൂടെ മയക്കുമരുന്നുകൃഷിയും തീവ്രവാദവും നടത്തുകയാണെന്നു മെയ്‌തെയ്കളും പ്രചരിപ്പിച്ചു.

അത്തരം സംഭവങ്ങളുണ്ടെങ്കിൽ അതിനെതിരേ നടപടിയെടുക്കുന്നതിനു പകരം കുക്കികളെയാകെ സംശയത്തിന്റെനിഴലിൽ നിർത്തുകയായിരുന്നു ബിരേൻസിംഗ് സർക്കാർ.പണ്ടേയുള്ള വംശീയ ശത്രുത ആളിക്കത്തി. താമസിയാതെ, മെയ്തെയ്കളെ എസ്ടി പട്ടികയിൽ ഉൾപ്പെടുത്താൻ നടപ
ടി സ്വീകരിക്കണമെന്ന്, ഇല്ലാത്ത അധികാരമുപയോഗിച്ച് ഹൈക്കോടതി ഉത്തരവുമിട്ടു.

തുടർന്ന് കുക്കികൾ തുടങ്ങിയ പ്രതിഷേധം രണ്ടു വംശങ്ങൾതമ്മിലുള്ള കലാപത്തിലേക്കു വഴിമാറുകയായിരുന്നു. നാലുമാസം കഴിഞ്ഞപ്പോൾ, അതായത് സെപ്റ്റംബറിലെ സർക്കാർ കണക്കനുസരിച്ചു മാത്രം 175 പേർ കൊല്ലപ്പെട്ടു. 1108 പേർക്കു പരിക്കേറ്റു. 32 പേരെ കാണാതായി. 4786 വീടുകൾ ചാമ്പലാക്കി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകർത്തു. 70,000 മനുഷ്യർ പലായനം ചെയ്തു.

ഇന്ത്യ തെരഞ്ഞെടുപ്പിൻറെ ആരവത്തിലാണ്; മണിപ്പുർ ഭയത്തിൻറെ പിടിയിലും. ലൈസൻസുള്ള 24,000 തോക്കുകളിൽ 12,000എണ്ണം ഇനിയും ഉടമകൾ സമർപ്പിച്ചിട്ടില്ല. അതിലും ഭയാനകമായ കാര്യം, മെയ്‌തെയ്കൾ കടത്തിക്കൊണ്ടുപോയ എ.കെ.സീരിസിൽ ഉൾപ്പെട്ട ആധുനിക ആയുധങ്ങളിലേറെയും അവരുടെ കൈയിൽതന്നെയുണ്ട് എന്നതാണ്.

എങ്ങനെയാണ് ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്യാനെത്തുന്നത് ഒരു പാർട്ടിയുടെയും പ്രമുഖ നേതാക്കൾ മണിപ്പുരിലേക്കു പ്രചാരണത്തിനു പോകുന്നില്ല. ഭയം മാത്രമാണു കാരണം. ഈ മണിപ്പുരിനെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞത്.

മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കിൽ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിൻറെ തീവ്രതകുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകൾക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങൾക്ക് ആ
രെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകൾക്കു തോന്നുമായിരുന്നു.

സർക്കാർ കുറ്റവാളികളെ പിന്തുണയ്ക്കില്ലെന്ന തോന്നലെങ്കിലും ഉണ്ടാകുമായിരുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് നടത്തിയിട്ടുള്ള അവകാശവാദങ്ങളിൽ ആത്മാർഥതയുണ്ടെന്ന്, തെരുവിൽ തുണിയുരിയപ്പെട്ട പെൺകുട്ടികൾക്കു തോന്നുമായിരുന്നു. പ്രധാനമന്ത്രിയുടെ അന്നത്തെ നിശബ്ദതയുണർത്തിയ ഭയാനകമായ ശൂന്യത തെരഞ്ഞെടുപ്പുകാലത്തെ വാക്കുകൾകൊണ്ടു നികത്താനാകുമോയെന്നറിയില്ല.

മെയ്‌തെയ്കളും കുക്കികളും നമ്മുടെ സഹോദരങ്ങളാണ്. പ്രായോഗിക നടപടികളുണ്ടാകണം. രണ്ടു വംശങ്ങൾക്കിടയിലെ വിദ്വേഷം ആളിക്കത്തിയതിൻറെ മുറിവുകൾ അവരിലെമനുഷ്യത്വത്തിൻറെ ആഴക്കിണറുകളിൽ വറ്റാതെയുള്ളസ്‌നേഹജലം കൊണ്ട് സുഖപ്പെടുത്തേണ്ടതുമുണ്ട്. പക്ഷേ, ആരതിനു മുന്നിട്ടിറങ്ങും മണിപ്പുർ കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles