ന്യൂഡൽഹി: ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.നോൺ സബ്സിഡി വിഭാഗത്തിലുള്ള സിലിണ്ടറുകൾക്ക് 800 ൽനിന്ന് 850 രൂപയായും സബ്സിഡിയുള്ള ഉജ്വല സ്‌കീമിലെ സിലണ്ടറുകൾക്ക് 500ൽ നിന്ന് 550ഉം രൂപയുമായാണ് വർധനവിലൂടെ കൊടുക്കേണ്ടിവരുന്നത്.
പെട്രോൾ- ഡീസൽ എക്സൈസ് തീരുവ കൂട്ടിയതിനു പിന്നാലെ ഇന്ധന വില വർധനവ് ജനത്തിന് കനത്ത ആഘാതമാണ്. ഇന്ധനത്തിന് രണ്ട് രൂപ എക്സൈസ് തീരുവ വർധിപ്പിച്ചത്. എന്നാൽ പെട്രോൾ- ഡീസൽ വിലവർധന ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എണ്ണ കമ്പനികൾക്ക് വലിയ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ ന്യായീകരിക്കുന്നത്. പാചക വാതകത്തിന് നൽകുന്ന സബ്സിഡി കമ്പനികൾക്ക് നഷ്ടമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് എസ്.പുരി പറഞ്ഞു.
എണ്ണ കമ്പനികൾക്ക് പാചക വാതകവിലയിൽ 43000 കോടി നഷ്ടം വരുന്നുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്.