താൻ ഒരു തീവ്രവാദിയല്ലെന്നും ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലിൽ കാണുന്നതെന്നും അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം. കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളാണ് അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചത്. ഇതേ കേസിൽ ജയിൽ മോചിതനായ ആം ആദ്മി എംപി സഞ്ജയ് സിങ്ങും സംബന്ധിച്ചു
‘ശരിയായ കൂടി കാഴ്ച്ചയ്ക്ക് ജയിലിൽ അവസരമൊരുക്കുന്നില്ല. ഗ്‌ളാസ് ഭിത്തിയിൽ വേർപ്പെടുത്തി ടെലിഫോൺ വഴിയാണ് സംഭാഷണം നടത്തുന്നത്. ജയിലിൽ ഒരു പ്രതിയ്ക്ക് കിട്ടേണ്ട അവകാശം പോലും ഹനിക്കുന്നു.’ സഞ്ജയ് സിങ് പറഞ്ഞു. തന്നെ നേരിട്ട് കാണാൻ അനുവദിച്ചില്ലെന്നും ഗ്ലാസ് ഭിത്തിക്കപ്പുറത്ത് മിനിറ്റുകൾ മാത്രമാണ് സമയം തന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ ഭഗവന്ത് മാനും നേരത്തെ ആരോപിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്രിവാൾ.
ഇതിനിടെ രക്തത്തിലെ പ്രമേഹത്തിന്റെ തോത് കുറയുന്നതിനാൽ തന്റെ സ്വന്തം ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹർജി നൽകി.
വീഡിയോ കോൺഫറൻസിംഗ് വഴി തന്റെ സ്ഥിരം ഡോക്ടറുമായി ആഴ്ചയിൽ മൂന്ന് തവണ കൂടിയാലോചന നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.