തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം. വടക്ക് കിഴക്കൻ ഡൽഹി ജില്ലയിലെ കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിയായ കനയ്യ കുമാറിനെ മാലയിടാനെന്ന വ്യാജേന എത്തിത്ത ഒരു സംഘമാണ് ആക്രമിച്ചത്. ഏഴ് എട്ട് പേർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കനയ്യ കുമാറിനെതിരെ കറുത്ത മഷി എറിയുകയും ചെയ്തു.
വെള്ളിയാഴ്ച കിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ ക്രർതാർ നഗറിലാണ് സംഭവം, എഎപി കൗൺസിലർ ഛായ ഗൗരവ് ശർമ്മയെ അക്രമികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. കനയ്യകുമാറും കൗൺസിലറുമടക്കം ഇവിടത്തെ പാർട്ടി ഓഫിസിൽനിന്ന്് ഇറങ്ങവെയാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ച് മുദ്രാവാക്യം വിളിച്ചതിനാലും ഇന്ത്യൻ സൈന്യത്തിനെതിരെ സംസാരിച്ചതിനാലുമാണ് തങ്ങൾ കനയ്യകുമാറിനെ ആക്രമിച്ചതെന്ന് രണ്ടുപേർ പറയുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.
കനയ്യകുമാറിനോടൊപ്പമുണ്ടായിരുന്ന ഏതാനും സ്ത്രീകൾക്ക് പരിക്കേറ്റതായും, പരാതിയുണ്ട്്്. ഇത് സംബന്ധിച്ച്് ഛായ ഗൗരവ് ശർമ്മ പോലീസിൽ പരാതി നൽകി. ശർമ്മയുടെ പരാതി ലഭിച്ചതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വീഡിയോകൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ആരംഭിച്ചതായും അവർ പറഞ്ഞു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരിക്കെതിരെയാണ് ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥി കനയ്യ കുമാർ മത്സരിക്കുന്നത്.