Home OPINION ARTICLES അടക്കിപ്പിടിച്ച ഗദ്ഗദങ്ങൾ

അടക്കിപ്പിടിച്ച ഗദ്ഗദങ്ങൾ

0
162
കെ.ടി.മുഹമ്മദ്

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശ്‌സ്തനായിരുന്ന കെ.ടി. മുഹമ്മദിനെ അനുസ്മരിച്ച് കുന്നത്തൂർ രാധാകൃഷ്ണൻ എഴുതുന്നു

പിൻകാഴ്ചകൾ -10

കെടി. മുഹമ്മദിന് ഒരു മുഖവുര ആവശ്യമില്ല. നാടകകൃത്ത്, കഥാകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നുവല്ലോ അദ്ദേഹം. മഞ്ചേരിയിലാണ് ജനിച്ചതെങ്കിലും കോഴിക്കോട് നഗരമായിരുന്നു കെടിയുടെ തട്ടകം. വളരെക്കാലം അദ്ദേഹം എടക്കാട് അടങ്ങുന്ന നഗരത്തിന്റെ വടക്കെഅറ്റത്ത് താമസിച്ചു.

2008-ൽ ഈ ലോകം വിട്ടു പോകുന്നതുവരെ മഹാനഗരത്തെ മുറുകെ പുണർന്നു.നഗരം ജീവിതം പഠിപ്പിച്ചു. ജീവിതത്തിന്റെ അർഥമറിഞ്ഞതും രംഗപാഠങ്ങൾ അനുഭവവേദ്യമായതും ഈ നഗരത്തിൽ വെച്ചുതന്നെ .കെടി എന്ന നാടകക്കാരനെ നഗരം വാർത്തെടുത്തതിന് പിന്നിൽ വലിയ കഥകൾ പറയാനുണ്ട്.സംഭവബഹുലമായ ഒരു നാടകത്തേക്കാൾ തീക്ഷ്ണതയുണ്ട് ആ കഥകൾക്ക്. കോഴിക്കോട് നഗരവുമായി അദ്ദേഹത്തിന്റെ ബന്ധം ബാല്യം മുതൽ ആരംഭിക്കുന്നു. ബാപ്പ കളത്തിങ്കൽതൊടിയിൽ കുഞ്ഞാമു പോലീസുകാരനായിരുന്നു. ബാപ്പ കോഴിക്കോട്ട് സ്ഥലം മാറി എത്തിയതോടെ കെടിയുടെ ‘നഗരവൽക്കരണ’വും തുടങ്ങിയെന്ന് പറയാം. ധാരാളം അംഗങ്ങളുള്ള കുടുംബത്തെ ബാപ്പ കോഴിക്കോട്ടേക്ക് പറിച്ചുനടുകയായിരുന്നു.പോലീസ് ലൈനിലായിരുന്നു താമസം.അക്കാലത്ത് ടിക്കറ്റെടുത്തും കാവൽക്കാരെ വെട്ടിച്ചും സിനിമകൾ കണ്ട കഥ കെടി പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പറയുന്ന പോലീസ് ലൈനിനടുത്തുള്ള തിയറ്റർ കോറണേഷനോ ഇപ്പോൾ നിലവിലില്ലാത്ത ഡേവിസണോ ആകാം.

കോഴിക്കോട് കെ.ടി. മുഹമ്മദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്. ഈ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഏറെയും പിറന്നത്‌

കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കെടിയുടെ ബാല്യകാലം. പോലീസ് ലൈനിൽ താമസിക്കുമ്പോഴായിരുന്നു സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കവും ഒടുക്കവും. പുതിയറ ബൈരായിക്കുളം സ്‌കൂളിലും ഹൃദായത്തുൽ ഇസ്ലാം സ്‌കൂളിലുമായി പഠനം. സ്‌കൂൾ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു കെടിയുടെ കലാരംഗത്തേക്കുള്ള തുടക്കം. പക്ഷെ ഏട്ടാംതരത്തിൽ പഠനം നിലച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ മുന്നിൽ എന്തുപഠനം? കുടുംബാംഗങ്ങളെ വളർത്താൻ പോലീസുകാരനായ പിതാവ് നന്നേ ക്ലേശിച്ചു. അക്കാലത്ത് (1940-കളിൽ) പോലീസുകാരുടെ ശമ്പളം തുച്ഛമായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ ബാപ്പ ഏറെ കഷ്ടപ്പെട്ടു. കളിച്ചുനടക്കേണ്ട പ്രായത്തിൽ കെടിക്ക് തൊഴിൽ ചെയ്യേണ്ടിവന്നതിന്റെ പശ്ചാത്തലമിതാണ്. മിഠായിത്തെരുവിൽ ഒരു വലിയ കടയിലായിരുന്നു കെടി ആദ്യം ജോലി ചെയ്തത്. പിന്നീട് തപാൽ വകുപ്പിൽ പ്യൂണായി.തീർത്തും അനാകർഷകമായ തൊഴിലുകൾ! തൊഴിലിടങ്ങളിൽ ഭാവന മുളയ്ക്കാൻ യാതൊരു സാധ്യതയുമില്ലല്ലോ! പിന്നെ കെടി എങ്ങനെ നാടകക്കാരനായി? ജീവിതാനുഭവങ്ങൾ കെടിയെ നാടകക്കാരനാക്കി എന്ന് കരുതുന്നതാവും യുക്തി. ജീവിതകാഠിന്യങ്ങൾ അന്തരാളത്തിൽ വാങ്മയചിത്രങ്ങൾ വരച്ചിട്ടുണ്ടാകാം. നാടകമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ. ‘ഊരും പേരും’ എന്ന നാടകത്തോടെ അവ ആദ്യമായി പ്രേക്ഷകരിലെത്തി.

കോഴിക്കോട് നഗരത്തിലെ കലാ-സാസ്‌കാരിക സംഘടനകളുമായുള്ള ചങ്ങാത്തം കെടിയുടെ നാടകപ്രയാണത്തിന് പുതിയ ദിശാബോധം പകർന്നു. ബ്രദേഴ്‌സ് മ്യൂസിക്കൽ ക്ലബ്ബ്, ഗ്രീൻറൂം, എക്‌സ്‌പെരിമെന്റൽ ആർട്‌സ് സെന്റർ തുടങ്ങി നിരവധി സംഘടനകളുമായി അദ്ദേഹത്തിന് ഉറ്റ ബന്ധമുണ്ടായിരുന്നു. കെടിയുടെ നാടകങ്ങൾ പലതും ഈ സംഘടനകൾ അരങ്ങിലെത്തിച്ചിട്ടുണ്ട്. കറവറ്റ പശു, ഇതു ഭൂമിയാണ് എന്നീ നാടകങ്ങളോടെയാണ് നാടകകൃത്ത് എന്ന നിലയിൽ കെടി ലബ്ധപ്രതിഷ്ഠനാവുന്നത്.മുസ്ലിംസമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ് അദ്ദേഹം ആദ്യം ശബ്ദിച്ചത്. സമൂഹത്തെ പിന്നോട്ട് വലിക്കുന്ന യാഥാസ്ഥിതികരെ അത് വിറളിപിടിപ്പിച്ചു. ഇതു ഭൂമിയാണ് എന്ന നാടകമെഴുതുമ്പോൾ കെടിക്ക് 20-വയസ്സ് കഴിഞ്ഞിട്ടേയുള്ളു. അരങ്ങിലെ കലാപമായി ആ നാടകം. ഇത് ഭൂമിയാണ് എഴുതിയതിന്റെ പേരിൽ നാടകകൃത്തിനെതിരെ വധഭീഷണിയുമുണ്ടായി. പോലീസ് സംരക്ഷണത്തോടെയാണ് ഒരിക്കൽ ആ നാടകം കളിച്ചത്.

1971-ൽ കെടി അടക്കമുള്ള കുറെപേർ ചേർന്ന് സംഗമം തിയറ്റേഴ്‌സിന് രൂപം നൽകിയതോടെ മലയാളനാടകവേദിയുടെ ഗതി വഴിമാറിയൊഴുകാൻ തുടങ്ങിയെന്ന് പറയാം. തമിഴ്‌നാടകങ്ങളുടെ ചുവടുപിടിച്ച് അതിഭാവുകത്വത്തിൽ അഭിരമിച്ചിരുന്ന മലയാളനാടകവേദി യാഥാർഥ്യത്തിന്റെ മുഖം സ്വീകരിക്കുന്നത് സംഗമം തിയറ്റേഴ്‌സിന്റെ ആഗമനത്തോടെയാണ്. കെടി ആയിരുന്നു സംഗമത്തിന്റെ അമരക്കാരൻ. വിൽസൻ സാമുവൽ, വിക്രമൻനായർ, അനന്തകൃഷ്ണൻ, ആർട്ടിസ്റ്റ് എഎം. കോയ, പിഎം. ആലിക്കോയ തുടങ്ങിയവരായിരുന്നു സംഗമത്തിന്റെ മറ്റു സാരഥികൾ. സംഗമത്തിന്റെ സൃഷ്ടി എന്ന നാടകത്തിലൂടെ മലയാളനാടകവേദിയുടെ ഇത:പര്യന്തമുള്ള ആവിഷ്‌കാരരീതികളെ കെടി തകിടംമറിച്ചു. മൂന്നു ദിവസം കൊണ്ടാണ് ഈ നാടകമെഴുതിയത്. പിന്നെ സകാര നാടകങ്ങളുടെ ഉജ്വലമായ തുടർച്ചയുണ്ടായി. സ്ഥിതി, സംഹാരം, സാക്ഷാത്ക്കാരം…യഥാർഥത്തിൽ സിജെ. തോമസ് മലയാള നാടകവേദിയിൽ സൃഷ്ടിച്ച റിയലിസത്തിന്റെ രംഗഭാഷ തീവ്രതയോടെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു കെടിയും സംഗമവും. പ്രഫഷണൽ നാടകവേദിക്ക് അത് പുതിയതും ഗാംഭീര്യമാർന്നതുമായ മുഖം സമ്മാനിച്ചു. 1977-ൽ സംഗമം വിടുന്നതുവരെ ആ സംഘടനയ്ക്കുവേണ്ടി കെടി തന്നെ ആയിരുന്നു നാടകങ്ങളെഴുതിയത്. മലയാളനാടകവേദി പരിവർത്തനത്തിന്റെ കാഹളം മുഴക്കിയ വസന്തകാലമായിരുന്നു സംഗമം നാളുകൾ.

സംഗമം വിട്ടശേഷം കലിംഗ തിയറ്റേഴ്‌സ് എന്ന സ്വന്തം നാടകവേദിക്ക് കെടി രൂപം നൽകുന്നത് 1978-ലാണ്.എടക്കാട്ടായിരുന്നു അതിന്റെ ആസ്ഥാനം. ഇപ്പോൾ പുതിയങ്ങാടിയിൽ പെട്രോൾ പമ്പ് നിൽക്കുന്ന ഇടത്തായിരുന്നു കലിംഗയുടെ ഓഫീസ്. ആ കെട്ടിടത്തിലായിരുന്നു കെടിയുടെ നാടകങ്ങളുടെ റിഹേഴ്‌സലുകളും നടന്നിരുന്നത്. നടീനടന്മാർ ഉയർത്തുന്ന തീപാറുന്ന ഡയലോഗുകൾ കൊണ്ട് കലിംഗ കെട്ടിടം മുഖരിതമായി.റിഹേഴ്‌സൽ കാണാൻ നാടകപ്രേമികളും എഴുത്തുകാരുമെത്തും. ആ കെട്ടിടത്തിൽ നിന്ന് കിഴക്കോട്ട് മാറി ഒരു വാടകവീട്ടിലായിരുന്നു കെടിയുടെ താമസം.അവിടെ കെടിയെ കാണാൻ പല സാഹിത്യകാരന്മാരുമെത്തും. ഭാര്യ സീനത്തുമൊത്ത് വളരെക്കാലം കെടി അവിടെ താമസിച്ചിട്ടുണ്ട്. അമ്പതാം വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്.നാടകമെഴുത്തിനിടെ കല്യാണക്കാര്യമെല്ലാം അദ്ദേഹം മറന്നു പോയി എന്ന് സങ്കല്പിക്കാനേ നമുക്കാവു. വളരെക്കാലം കഴിഞ്ഞ് കെടിയും സീനത്തും വിവാഹബന്ധം വേർപിരിഞ്ഞു. ഈ ലേഖനത്തിനൊപ്പമുള്ള ചിത്രം കെടി എടക്കാട്ട് താമസിച്ച വാടകവീടിന്റെതാണ്. ആ കെട്ടിടത്തിൽ ഒരുകാലത്ത് സർഗാത്മകതയുടെ നറുമണം പ്രസരിച്ചിരുന്നു. ദൈവശാസ്ത്രം, ദീപസ്തംഭം മഹാശ്ചര്യം, വെള്ളപ്പൊക്കം തുടങ്ങിയ നാടകങ്ങൾ കെടി എഴുതിയത് ഈ വീട്ടിൽ വെച്ചായിരുന്നു.പിന്നീട് ഈ വീടൊഴിഞ്ഞെങ്കിലും അദ്ദേഹം എടക്കാട് വിട്ടുപോയില്ല.ഇവിടെത്തന്നെ പല വാടകവീടുകളിൽ താമസിച്ചിട്ടുണ്ട്.

എടക്കാട് ഗ്രാമവുമായി ഉറ്റ ബന്ധം പുലർത്തിയ എഴുത്തുകാരനാണ് കെടി. നൂറുകണക്കിന് സാധാരണക്കാരുമായുള്ള സൗഹൃദമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. അത്താണിക്കൽ കൈരളികലാവേദി, ബ്രദേഴ്‌സ് സ്‌പോർട്‌സ് ആൻഡ് ആർട്‌സ് സെന്റർ, തുടങ്ങിയവ കെടിയുടെ നാടകങ്ങൾ ഗ്രാമീണരെ കാണിച്ച എടക്കാട്ടെ സംഘടനകളാണ്. 1980-കളിൽ കൈരളികലാവേദി സൃഷ്ടി, നാൽക്കവല, കൈനാട്ടികൾ, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങൾക്ക് ആതിഥ്യമരുളി. കെടിയുടെ സഹോദരൻ കൂടിയായ കെടി. സെയ്ദ് കലിംഗയിലെ പ്രധാന നടനായിരുന്നു.അദ്ദേഹവും കുടുംബവും താമസിച്ചതും എടക്കാട്ട് തന്നെ.

എടക്കാട്ടെ അനേകം കലാ- സാംസ്‌കാരിക പരിപാടികളിൽ കെടി പങ്കാളിയായി. ഈ ലേഖകന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയ എടക്കാട് പത്രിക എന്ന പ്രസിദ്ധീകരണം പ്രകാശിപ്പിച്ചത് കെടി ആയിരുന്നു. ഒരിക്കൽ ടൗൺഹാളിലെ സ്റ്റേജിന്റെ പിന്നിലെ കൊച്ചുമുറിയിൽ അദ്ദേഹം പങ്കുവെച്ച ഭാവനയുണർത്തുന്ന വർത്തമാനങ്ങൾ മനസ്സിന്റെ കോണിൽ ഒളിമങ്ങാതെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കെടിക്കും എനിക്കും പങ്കെടുക്കേണ്ട പൊതുപരിപാടി തുടങ്ങാൻ വളരെ വൈകിയതായിരുന്നു അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ചയ്ക്കു ഹേതുവായത്.

കെടി ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നാടകവും ജീവിതവും പറയുന്ന ഒരു പുസ്തകമിറക്കാൻ നാടകകൃത്ത് വിപി. വിൽസന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. അതിലേക്കായി കെടിയുടെ കണ്ണുകൾ എന്ന കഥയെ ആസ്പദമാക്കി ഞാനൊരു ആസ്വാദനമെഴുതി വിൽസനെ ഏല്പിച്ചു .എന്നാൽ കാലമേറെ കഴിഞ്ഞിട്ടും എന്തുകൊണ്ടോ പുസ്തകമിറങ്ങിയില്ല. ആ ആസ്വാദനം പിന്നീട് വളരെക്കാലം കഴിഞ്ഞ് തേജസ് പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ആകാശവാണിയിലെ സാഹിത്യരംഗത്തിൽ അത് പ്രഭാഷണമായി ശ്രോതാക്കളിലുമെത്തി. കണ്ണുകൾ ഒരു സാധാരണ കഥയല്ല. മതങ്ങളുടെ വേലിക്കെട്ടുകൾ പൊളിക്കുന്ന, മാനവികതയുടെ ഉജ്ജ്വലപ്രകാശമാണ് കണ്ണുകൾ വായനക്കാരിൽ ചൊരിയുന്നത്. 1950-കളിൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂണും മാതൃഭൂമിയും സംഘടിപ്പിച്ച ലോക ചെറുകഥാമൽസരത്തിൽ ഒന്നാംസമ്മാനം നേടിയ കഥയാണിത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച, ഏറ്റവും മികച്ച നൂറ് കഥകളിൽ കണ്ണുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. നാടകത്തെ ആശ്ലേഷിക്കുന്നതിന് മുമ്പായിരുന്നു കെടി കഥാരചന നിർവഹിച്ചിരുന്നത്. തന്റെ തട്ടകം നാടകവേദിയാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം കഥാരചനയോട് ‘സലാം’ പറയുകയായിരുന്നു

മതാതീത മാനവികതയാണ് കെടി ഉയർത്തിപ്പിടിക്കുന്ന ദർശനം. കന്മഷങ്ങളില്ലാത്ത ലോകത്തേക്കുള്ള ചൂണ്ടുപലകയാണത്. കണ്ണുകൾ പോലുള്ള കഥകളിലും നാല്പതോളം നാടകങ്ങളിലും അദ്ദേഹം പറയുന്നത് തലതിരിഞ്ഞ, ഭോഗാസക്തമായ വർത്തമാനലോകം മാറ്റിമറിക്കേണ്ടതിനെ കുറിച്ചുതന്നെയാണ്. എന്നാൽ പ്രകടനപരതയോ രാഷ്ട്രീയ പ്രചാരണമോ അദ്ദേഹത്തിന്റെ രംഗഭാഷയുടെ മുഖമുദ്രയല്ല.കലയുടെ മാന്ത്രികസ്പർശത്താൽ രംഗവേദിയിൽ സംഭവിക്കാനിടയുള്ള വീഴ്ചകൾ സമർഥമായി മറികടക്കാൻ കെടിക്ക് സാധിക്കുന്നു. യാഥാർഥ്യത്തിലേക്ക് തുറക്കുന്ന, വെള്ളിവെളിച്ചത്തിന് നിമിത്തമാകുന്ന വാതായനമാണ് കെടിയുടെ രംഗഭാഷ.

നാം ജീവിക്കുന്ന കപടലോകത്തെ നിരന്തരം മുറിവേല്പിച്ച്, പ്രേക്ഷകനെ അസ്വസ്ഥമാക്കിയ ആ ജീവിതത്തിന്റെ അവസാനകാലവും ബാല്യത്തിലെന്നതുപോലെ ക്ലേശകരമായിരുന്നു. സഹായിക്കാൻ ബാധ്യതപ്പെട്ടവർ കടമ നിർവഹിച്ചുവോ? വാടകവീടുകളിലെ കെടിയുടെ അടക്കിപ്പിടിച്ച ഗദ്ഗദങ്ങൾ ആരെങ്കിലും കേട്ടുവോ?

കുന്നത്തൂർ രാധാകൃഷ്ണൻ

എഴുത്തുകാരനും പരിഭാഷകനുമാണ് ലേഖകൻ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here