ഇസ്രായേലിന്റെ യുഎൻ അംഗത്വം സസ്‌പെൻഡ് ചെയ്യണമെന്ന് ഫലസ്തീൻ പ്രദേശത്തിന്റെ മനുഷ്യാവകാശ ചുമതലയുള്ള പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളും ഫലസ്തീൻ അധിനിവേശവും ചൂണ്ടിക്കാട്ടി ഇസ്രായേലിന്റെ യുഎൻ അംഗത്വം താൽക്കാലികമായി റദ്ദ് ചെയ്യണമെന്നാണ് അൽബനീസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമം ലംഘിക്കുന്നത് അവസാനിപ്പിക്കുകയും, നിയമവിരുദ്ധമായ’ അധിനിവേശം പിൻവലിക്കുകയും ചെയ്യുന്നത് വരെ യുഎൻ അംഗമെന്ന നിലയിൽ ഇസ്രായേലിന്റെ അംഗത്വം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കണമെന്ന് താൻ ജനറൽ അസംബ്ലി ശിപാർശ ചെയ്യുന്നതായി അൽബനീസ് പറഞ്ഞു.
വിശാല ഇസ്രയേൽ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്റെ സ്വത്വം എല്ലാത്തരത്തിലും നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവർ ആരോപിച്ചു.
ഇതിനിടെ ഇസ്രായേൽ യുഎൻആർഡബ്ല്യുഎക്ക് നിരോധം ഏർപ്പെടുത്തിയ സംഭവം ചർച്ച ചെയ്യുന്നതിന് അറബ് ലീഗ് അടിയന്തര യോഗം ഇന്ന് കെയ്‌റോയിൽ ചേരും.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ തടയാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടോടെ പ്രതികരിക്കുമെന്ന് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനത്തെ നിരോധനം സാരമായി ബാധിക്കും. പ്രദേശത്തെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ആളുകൾ ഏജൻസിയിൽ നിന്നുള്ള സഹായത്തെയും സേവനങ്ങളെയും ആശ്രയിച്ചാണ് കഴിയുന്നത്.