ന്യൂഡൽഹി: രാജ്യത്തെ വിവിധ ബാങ്കുകളിലായി 78,213 കോടി രൂപയുടെ നിക്ഷേപങ്ങൾ അനാഥമായി കിടക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2024 മാർച്ച് വരെ ഈ തുക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്രയും വലിയ തുകയുടെ ഉടമകളെ കണ്ടെത്താനും അവരെ ഓർമ്മിപ്പിക്കാനും റിസർവ് ബാങ്ക് ഉദ്ഗം (UDGAM) എന്ന കേന്ദ്രീകൃത പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഉദ്ഗം വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനും അവ തിരിച്ചുപിടിക്കാനും സഹായം ലഭിക്കും.
ഉദ്ഗം സൈറ്റിൽ കയറി പ്രാഥമിക വിവരങ്ങൾ നൽകിയാൽ, ഏതെങ്കിലും അക്കൗണ്ടുകളിൽ പത്ത് വർഷത്തിലധികമായി നിഷ്ക്രിയമായി കിടക്കുന്ന പണമുണ്ടോ എന്നറിയാം. അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാൽ പ്രവർത്തനരഹിതമായ അക്കൗണ്ട് സജീവമാക്കാനോ പണം പിൻവലിക്കാനോ കഴിയും.
ഇതിലൂടെ, നിക്ഷേപകരുടെ പണം സുരക്ഷിതമായി തിരിച്ചുപിടിക്കാനും ബാങ്കുകൾക്ക് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സഹായം ലഭിക്കും.