Monday, January 27, 2025

Top 5 This Week

Related Posts

നാടകംകൊണ്ട് ജീവിതം തിരിച്ചു പിടിച്ച സത്യാന്വേഷിയുടെ കഥ

എടക്കാട് ഡയറി -10

by കുന്നത്തൂർ രാധാകൃഷ്ണൻ

രചന, സംവിധാനം: ഇബ്രാഹിം വെങ്ങര

ഇതു ഒരു ഗ്രാമീണന്റെ ജീവിതപോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. നാടകംകൊണ്ട് ജീവിതം തിരിച്ചു പിടിച്ച സത്യാന്വേഷിയുടെ കഥ. വെല്ലുവിളി നിറഞ്ഞ പടക്കളത്തിൽ ഇടറിവീഴാതെ, നെഞ്ചുവിരിച്ചു ഉറച്ച കാൽവെപ്പുകളോടെ നടന്ന, പിൽക്കാലത്ത് നടനും നാടകകൃത്തും സംവിധായകനുമായി മാറിയ ഇബ്രാഹിം വെങ്ങരയെക്കുറിച്ചാണ് പറയാൻ പോകുന്നത്. നാടകക്കാരൻ എന്ന നിലയിൽ ഇബ്രാഹിം വെങ്ങരയ്ക്ക് ഒരു മുഖവുര ആവശ്യമില്ല. നാടകത്തെ സ്‌നേഹിക്കുന്ന മലയാളികൾക്കെല്ലാം അദ്ദേഹത്തെ അറിയാം.

ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ ‘എന്ന നാടകത്തില്‍നിന്ന്‌
ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ ‘എന്ന നാടകത്തില്‍നിന്ന്‌

എടക്കാട് ഗ്രാമവുമായും കോഴിക്കോട് നഗരവുമായും അദ്ദേഹത്തിന് ഇഴയടുപ്പമുള്ള ബന്ധമുണ്ട്. എടക്കാട്ട് പന്ത്രണ്ടു വർഷക്കാലം കുടുംബസമേതം താമസിക്കുകയുണ്ടായി. കനോലിക്കനാലിന്റെ കരയിൽ ഒരു വാടക വീട്ടിലായിരുന്നു താമസം.ആ വാടകവീട്ടിൽ ഒട്ടേറെ നാടകങ്ങൾ പിറവിയെടുത്തു. റിഹേഴ്‌സലുകൾ കൊണ്ട് വീട് മുഖരിതമായി.പ്രകാശൻ എന്ന ആളുടെ വീട്ടിലായിരുന്നു താമസം.അതു സംബന്ധിച്ച് വെങ്ങരയുടെ സ്വന്തം വാക്കുകൾ നോക്കുക. ‘വാടകയ്ക്ക് എടുക്കുമ്പോൾ ആ വീട്ടിൽ ഒരു പൂജാമുറിയുണ്ട്. അതു പൂട്ടിയിടാമെന്ന് പ്രകാശൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു,
ഞാൻ ഇവിടെ താമസിക്കുന്ന കാലത്തോളം ആ മുറിയിൽ വിളക്ക് കത്തിയിരിക്കും.12വർഷം മുടങ്ങാതെ പ്രകാശന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വിശ്വാസത്തെ ഞാൻ പരിഗണിച്ചു. നമുക്ക് വിശ്വാസം ഉണ്ടോ എന്നതല്ല കാര്യം. അപരന്റെ വിശ്വാസത്തെ ബഹുമാനിക്കുക എന്നതാണ് എന്റെ കാഴ്ചപ്പാട്.’സർവ മതങ്ങളെയും ഒരുപോലെ കാണുന്ന,മതാതീതമൂല്യങ്ങൾ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു യഥാർത്ഥ മാനവികതാവാദിയുടെ സത്യവാങ്മൂലമാണിത്.

ചിരന്തന തിയറ്റേഴ്‌സിന്റെ ബാനറിലായിരുന്നു ഇബ്രാഹിം വെങ്ങരയുടെ മിക്ക നാടകങ്ങളും അരങ്ങേറിയിരുന്നത്. ഒരു ഡസനോളം നാടകങ്ങൾ എടക്കാട്ടുവെച്ച് പിറവിയെടുത്തു. നാട്ടുകാരുമായി തുടക്കം മുതലുള്ള വെങ്ങരയുടെ ഊഷ്മളസൗഹൃദം ഗ്രാമം വിടുന്നതുവരെ തുടർന്നു. എടക്കാട്ടുകാർക്ക് അദ്ദേഹം പ്രിയപ്പെട്ട ഇബ്രാഹിംക്കയായിരുന്നു.
ചിരന്തനയുമായി എടക്കാട്ട് എത്തുന്നതിനു വളരെമുമ്പ് അനുഭവിച്ചു തീർത്ത ദുരിതപൂർണമായ ഒരു കാലം അദ്ദേഹത്തിന് പങ്കുവെക്കാനുണ്ട്. വിയർപ്പും ചോരയും പുരണ്ട പലായനത്തിന്റെയും ഒടുങ്ങാത്ത വിശപ്പിന്റെയും ലക്ഷ്യമില്ലാത്ത യാത്രയുടെയും ഭൂതകാലം. നാടകരംഗത്ത് പ്രവർത്തിക്കുന്നവരിൽ സമാനതകൾ അധികമൊന്നുമില്ലാത്ത ആ അനുഭവങ്ങളാണ് ഇബ്രാഹിം വെങ്ങരയെന്ന നാടകകൃത്തിനെ വാർത്തെടുത്തത്.ആ കാലത്തേക്ക് നമുക്കൊരു ലഘുസഞ്ചാരമാകാം.

1950കളുടെ ആദ്യപകുതി. കണ്ണൂരിലെ പഴയങ്ങാടിക്കടുത്ത വെങ്ങരയെന്ന കൊച്ചുഗ്രാമം. ആ നാട്ടിൻപുറത്ത് കൗമാരത്തിന്റെ കുസൃതിയുമായി കൂട്ടുകാർക്കൊപ്പം കളിക്കുന്ന പന്ത്രണ്ടുകാരൻ ഇബ്രാഹിമിന്റെ ഛായാപടം തെളിയുന്നു. ഇബ്രാഹിമിന് രണ്ടുവയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പലകാരണങ്ങളാൽ മൂന്നാംതരത്തിൽ വിദ്യാഭ്യാസവും നിർത്തേണ്ടിവന്നു. വളർന്നു വരുന്ന കുട്ടിയാണ് ഇപ്പോൾ ഇബ്രാഹിം. അങ്ങനെയിരിക്കെ ഗ്രാമത്തിൽ ഒരു നാടകമെത്തുന്നു. തിക്കുറിശ്ശി സുകുമാരൻ നായരുടെ’ സ്ത്രീ’ എന്ന നാടകം. നാടകം കാണാനുള്ള അഭിനിവേശം മൂർധന്യത്തിലെത്തിയപ്പോൾ സ്റ്റേജിനടിയിലൂടെ കൊച്ചു ഇബ്രാഹിം നുഴഞ്ഞുകയറുന്നു. നാടകം കാണണം എന്ന അഭിലാഷം സാക്ഷാത്കൃതമാകുന്നു. നാടകം കഴിഞ്ഞ് വീടണയുമ്പോൾ അമ്മാവൻ രൗദ്രഭാവത്തിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ കുട്ടിയാണെന്ന പരിഗണനയില്ലാതെ ഭീകരമർദ്ദനം. കാലിൽ ധരിച്ച ടയർചെരുപ്പുകൊണ്ടായിരുന്നു അമ്മാവൻ അരിശം തീർത്തത്. കൊച്ചുകുട്ടിയുടെ കരളലയിക്കുന്ന നിലവിളി കേട്ട് വെങ്ങര ഗ്രാമം വിറങ്ങലിച്ചു.അന്ന് പുലർച്ചെ അമ്മാവന്റെ പത്തുരൂപ മോഷ്ടിച്ച് തറവാട്ടിൽ നിന്നിറങ്ങി. ലക്ഷ്യമില്ലാത്ത കൂരിരുട്ട് നിറഞ്ഞ യാത്ര അതോടെ ആരംഭിക്കുകയായി. 1953ലായിരുന്നു ജീവിതഗതി തന്നെ മാറ്റാനിടയാക്കിയ ആ സംഭവം.
കഥ ഇത്രയുമായപ്പോൾ ഞാൻ ചോദിച്ചു. ‘അല്ല ഇബ്രാഹിംക്കാ, നാടകം കണ്ടതിന് ഇത്രമാത്രം ശിക്ഷയോ?’
‘നിങ്ങൾക്ക് അതിന്റെ ഗുട്ടൻസ് പിടികിട്ടാഞ്ഞിട്ടാണ്. മുസ്ലിംകൾക്ക് അക്കാലത്ത് പൊതുവെ നാടകം, സിനിമ, നൃത്തം എന്നിവയൊക്കെ’ ഹറാമാണ്’. ഞാൻ ജനിച്ചത് മുല്ലമാരും പണ്ഡിതരും ജനിച്ച തറവാട്ടിലാണ്. മാത്രമല്ല, എന്റെ ഉമ്മ അറബിവിദൂഷിയുമാണ്. ഉമ്മയ്ക്ക് ഒരുപാട് ശിഷ്യകൾ ഉണ്ടായിരുന്നു. ഞാൻ ഖുർആൻ പഠിച്ചത് ഉമ്മയിൽ നിന്നാണ്. പക്ഷെ അതിന്റെ അർഥം പഠിപ്പിച്ചില്ല. അത്തരമൊരു യാഥാസ്ഥിതിക കുടുംബത്തിലെ പയ്യൻ നാടകം കണ്ടു എന്നത് അമ്മാവന്റെ കണ്ണിൽ ചെറിയ തെറ്റല്ല.23 വർഷം കഴിഞ്ഞപ്പോൾ ഇതേ അമ്മാവൻ, ഞാൻ അഭിനയിച്ച കെടി. മുഹമ്മദിന്റെ സാക്ഷാത്ക്കാരം നാടകം കാണാൻ മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ വന്നിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെ വാരിപ്പണർന്ന് കണ്ണീർ പൊഴിച്ചു. ഇതൊക്കെ കാലത്തിന്റെ ഫലിതങ്ങളായാണ് ഞാനിപ്പോൾ കരുതുന്നത്. ഇത്തരം തമാശകൾ എന്റെ ജീവിതത്തിൽ ഒരുപാട് വിളവെടുത്തിട്ടുണ്ട്. ‘
വീട്ടിൽ നിന്ന് പെരുവഴിയിലേക്കിറങ്ങിയ പന്ത്രണ്ടുകാരനെ കാത്തിരിക്കുന്നത് എന്താണ്? നമ്മുടെ കഥാനായകൻ യാത്ര ചെയ്തുകൊണ്ടിരുന്നു. ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും അനന്തമായ യാത്ര.വിശപ്പകറ്റാൻ പലപല തൊഴിലുകൾ. തൊഴിലില്ലാത്തപ്പോൾ എന്തുചെയ്യും? പൈപ്പിലെ പച്ചവെള്ളം കുടിച്ച് വിശപ്പിനെ ആട്ടിയകറ്റാൻ ശ്രമിക്കും.അതു ചിലപ്പോൾ നാളുകൾ നീളും. യാത്ര കഠിനമാവുകയാണ്. പലജാതി മനുഷ്യർ. നല്ലവരും വഞ്ചകരും നിറഞ്ഞ ലോകത്തിലൂടെയൂള്ള തീർഥാടനം. കരിയും പൊടിയും നിറഞ്ഞ മദിരാശി നഗരത്തിലെ പട്ടിണിനാളുകളിലൊന്നിൽ എകെജിയെ കണ്ടുമുട്ടിയ രംഗം ഏതൊരു നാടകത്തേക്കാളും ഉജ്ജ്വലമായി അദ്ദേഹം മനസ്സിൽ സുക്ഷിച്ചുവെച്ചിരിക്കുന്നു.
നഗരത്തിലെ മൂർമാർക്കറ്റിനടുത്ത് ഒരു സർക്കസ് കൂടാരത്തിന് മുന്നിൽ മുഷിഞ്ഞവേഷവുമായി വിശന്നുതളർന്ന് ഹതാശനായി നിൽക്കുന്ന ഒരു കുട്ടി എകെജിയുടെ ശ്രദ്ധയിൽപ്പെടുന്നു. ഏതുസമയവും വീഴും എന്ന അവസ്ഥയിലാണ് കുട്ടിയുടെ നില്പ്. മുന്നിൽ നിൽക്കുന്നത് എകെജിയാണെന്ന് കുട്ടിക്കറിയാം. എന്നാൽ എകെജിക്ക് കുട്ടിയെ അറിയില്ല. ഒരു വാഹനം ചാരിയാണ് എകെജി നിൽക്കുന്നത്. കുട്ടിയുടെ അവസ്ഥകണ്ട് പാവങ്ങളുടെ പടത്തലവനായ എകെജിക്ക് അലിവ് തോന്നി. അദ്ദേഹം കുട്ടിയെ വാഹനത്തിൽ കയറ്റിയിരുത്തി. പിന്നെ ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുത്തു.അതെല്ലാം കഴിഞ്ഞിട്ടാണ് കുട്ടി ആരാണെന്ന് എകെജി ചോദിക്കുന്നത്. അപ്പോൾ 17വയസ്സായിരുന്നു ഇബ്രാഹിമിന്. പിന്നെയും യാത്ര. ആ അലച്ചിൽ നിരവധിവർഷക്കാലം നീണ്ടു. ഇതിനിടെ കുട്ടി വലുതായി യുവാവായി. 1962മുതൽ വിവിധ നാടകപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. നാടകനടനായി. നാടകകൃത്തായി, സംവിധായകനായി. മട്ടാഞ്ചേരിയിലെ സൗഹൃദങ്ങൾ, ഉറങ്ങിക്കിടന്ന നാടകാഭിവാഞ്ചയെ ജ്വലിപ്പിച്ചു. 1965ൽ ആർത്തി എന്ന നാടകത്തോടെ നാടകകൃത്തായി. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങൾക്കുവേണ്ടി നായയുമായി ഒരു ബാലൻ കടിപിടി കൂടുന്ന ഒരു ദൃശ്യത്തിന് നേരത്തെ സാക്ഷ്യം വഹിച്ചിരുന്നു. ആ ദൃശ്യമാണ് ആർത്തിയുടെ രചനയ്ക്ക് പ്രചോദനമായത്. പിന്നീട് എത്രയോ നാടകങ്ങൾ.പടനിലം,ബദറുൽമുനീർ ഹുസ്‌നുൽ ജമാൽ, ഉപഹാരം,ഏഴിൽ ചൊവ്വ, മാളികവീട്, ഇടയൻ, ചരിത്രം, രാജസഭ,പകിട പന്ത്രണ്ട്, ഒടിയൻ…ഈ നാടകഘോഷയാത്ര അവസാനിക്കുന്നില്ല. ശബ്ദനാടകങ്ങളടക്കം നൂറിലേറെ നാടകങ്ങൾ.ഉപഹാരവും ഏഴിൽ ചൊവ്വയും 14 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം ചെയ്തു. ഭൂതവനം എന്ന നാടകമെഴുതി അവതരിപ്പിച്ചതിന് അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. മൂന്നു മാസം വിചാരണകൂടാതെ തടവറ ജീവിതംചിരന്തന തിയറ്റേഴ്‌സിന് രൂപം കൊടുക്കുന്നതിന് മുമ്പ് പ്രൊഫഷണൽ നാടകവേദികൾക്കൊപ്പ മായിരുന്നു വെങ്ങരയുടെ നാടകജീവിതം. തൃശൂർ ശില്പിതിയറ്റേഴ്‌സ്, കോഴിക്കോട് സംഗമം തിയറ്റേഴ്‌സ് എന്നിവയുടെ അവിഭാജ്യഘടകമായിരുന്നു. സംഗമത്തിനുവേണ്ടി കെടി എഴുതിയ എല്ലാനാടകങ്ങളിലും വെങ്ങരയുടെ നടനവൈഭവം കാണാം. വെങ്ങരയുടെ രംഗഭാഷകളിൽ സവിശേഷശ്രദ്ധ പിടിച്ചുപറ്റുന്നതാണ് ‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ’.പ്രേക്ഷകരെ പ്രണയനിലാവിലേക്ക് ആനയിച്ച നാടകം ഒരു പേർഷ്യൻ പ്രണയകാവ്യമാണ്.പേർഷ്യൻ ഭാഷയിൽ മുഈനുദ്ദീൻ ഷാ രചിച്ച കാവ്യത്തിലാണ് ഈ കഥ പ്രതിപാദിക്കപ്പെടുന്നത്.ഇതിനെ മാപ്പിളപ്പാട്ടിലൂടെ മലയാളത്തിലേക്ക് ആനയിച്ചത് മഹാകവി മോയിൻകുട്ടി വൈദ്യരാണ്.വൈദ്യരുടെ സൃഷ്ടിയെ ആസ്പദമാക്കിയാണ് ഇബ്രാഹിം വെങ്ങര നാടകം സൃഷ്ടിച്ചത്. ബദറുൽമുനീർ ഹുസ്‌നുൽ ജമാലിന്റെ റിഹേഴ്‌സൽ കോഴിക്കോട്ട് വെച്ചായിരുന്നു. റിഹേഴ്‌സൽ കാണാൻ മമ്മുട്ടി, കൊച്ചിൻഹനീഫ എന്നിവരടക്കം നിരവധി പ്രമുഖർ എത്തിയിരുന്നു. ബദറുൽമുനീർ ഹുസ്‌നുൽ ജമാൽ ലോകമലയാളികൾക്ക് സമർപ്പിക്കുന്നുവെന്നാണ് നാടകം ഉദ്ഘാടനം ചെയ്തു കൊണ്ട് എംടി. വാസുദേവൻ നായർ പറഞ്ഞത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ബദറുൽമുനീർ ഹുസ്‌നുൽ ജമാൽ മലയാളനാടകചരിത്രത്തിൽ ഹിമവാനെപ്പോലെ തലയുയർത്തി മുൻനിരയിൽ നിൽക്കുന്നു. ഇബ്രാഹിം വെങ്ങര എഴുതിയ പലനാടകങ്ങളും പുസ്തകരൂപത്തിലായിട്ടുണ്ട്. അനവധി ബഹുമതികളും ലഭിച്ചു. രാജസഭയ്ക്ക് ഏറ്റവും മികച്ച നാടകകൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ജീവിതയാഥാർഥ്യങ്ങൾ കൊണ്ട് വായനക്കാരെ പൊള്ളിച്ച ഗ്രീൻറൂം എന്ന ആത്മകഥാഗ്രന്ഥത്തിനും സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് ദൃശ്യമാണ്. തളിരിട്ട കിനാക്കൾ, ജോക്കർ, മാറാത്തനാട്, ഏകാന്തം, ഗുൽമോഹർ, വിലാപങ്ങൾക്കപ്പുറം തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത കറകളഞ്ഞ മൗലികത പുലർത്തുന്നവയാണ്
അദ്ദേഹത്തിന്റെ നാടകങ്ങൾ. ഓരോ നാടകരചനയ്ക്കും ഓരോ കാരണങ്ങളുണ്ട്. സ്വന്തം ജീവിതം അഭിമുഖീകരിച്ച പീഢാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ തൂലിക ചലിപ്പിക്കുന്നത്.ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു എന്ന ചോദ്യത്തിന് ഇങ്ങനെ ഉത്തരം നൽകുന്നു.
‘ഞാനെങ്ങനെ നാടകകൃത്തായി എന്ന് വിസ്മയം തോന്നുന്നു.എന്റെ കുടുംബത്തിന് യാതൊരു നാടകപൈതൃകവും അവകാശപ്പെടാനില്ല.അമ്മാവന്റെ
‘ നാടകശിക്ഷ’ ഒരു കനലായി മനസ്സിൽ കിടന്നിരിക്കാം.അതു ജ്വലിച്ചതിന്റെ ഫലമാകാം എന്റെ രചനകൾ. ജനങ്ങൾക്ക് മനസ്സിലാകാത്ത ഒരു നാടകവും ഞാനെഴുതിയിട്ടില്ല. നാടകമെഴുത്ത് എനിക്ക് രാഷ്ട്രീയ പ്രവർത്തനമാണ്.നാടകം എനിക്ക് കളിയല്ല. എന്തുകൊണ്ടും ഞാൻ ഇപ്പോൾ സംതൃപ്തനാണ്
മലയാളത്തിൽ തീർത്തും വ്യത്യസ്തനായ ഈ നാടകകൃത്തിന് തികഞ്ഞരാഷ്ട്രീയമുണ്ട്. അദ്ദേഹം ഒരു കമ്യൂണിസ്റ്റുകാരനാണ്. എന്നാൽ ഒരു പാർട്ടിയിലും അംഗത്വമില്ല. സ്വതന്ത്രമായിട്ടാണ് അദ്ദേഹം മാർക്‌സിസത്തെ സമീപിക്കുന്നത്.

ഇബ്രാഹിം വെങ്ങരയ്ക്ക് 82 വയസ്സ് കഴിഞ്ഞു. പക്ഷെ ശരീരത്തിന്റെ വാർദ്ധക്യം മനസ്സിനെ ബാധിച്ചിട്ടില്ല. കണ്ണും കാതും തുറന്നു വെച്ച് പുതിയ രചനയുടെ രംഗഭാഷ സാക്ഷാത്ക്കരിക്കാൻ കാത്തിരിക്കുകയാണ്. പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചരിത്രനാടകം എഴുതി പൂർത്തിയായിക്കഴിഞ്ഞു. അതിനൊരു സ്‌പോൺസറെ കിട്ടിയാൽ നാടകം സ്റ്റേജിലെത്തും. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള, അമ്പത്തിയഞ്ചോളം കഥാപാത്രങ്ങളുള്ള നാടകത്തിന്റെ പേര് അവധൂതൻ എന്നാണ്. അടിമകളുടെയും തൊഴിലാളികളുടെയും പക്ഷത്ത് നിലയുറപ്പിച്ച മുഹമ്മദിന്റെ ജീവിതകഥയാണ് നാടകം പറയുന്നത്. 12 വർഷക്കാലം ഖുർആനും ഹദീസും അരിച്ചു പെറുക്കിയ ശേഷമാണ് അവധൂതൻ പിറവിയെടുത്തത്. എന്നാൽ നാടകത്തിലൊരിടത്തും നബി പ്രത്യക്ഷപ്പെടുന്നില്ല.പ്രവാചകന്റെ ജീവിതം ലോകത്താദ്യമായിട്ടാണ് അരങ്ങിലെത്തുന്നതെന്ന് അഭിമാനത്തോടെയാണ് ഇബ്രാഹിംക്ക പറയുന്നത്. ചരിത്രം കുറിക്കുന്ന ആ രംഗഭാഷയ്ക്കായി നമുക്ക് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles