by കുന്നത്തൂര്‍ രാധാകൃഷ്ണന്‍
എടക്കാട് ഡയറി – 14
ക്ലോണിംഗിലൂടെ ഡോളി എന്ന ചെമ്മരിയാട്ടിൻകുട്ടിയെ സൃഷ്ടിച്ച് ലോകത്തെ വിസ്മയിപ്പിച്ച അയാൻ വിൽമുട്ട് (ഇയാൻ വിൽമുട്ട് തെറ്റ്) കഥാവശേഷനായി. വിൽമുട്ടിന്റെ ശാസ്ത്രഗവേഷണത്തെ കുറിച്ചല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്. 1996ലാണ് ഡോളി എന്ന ആട്ടിൻകുട്ടിയെ വിൽമുട്ടും സംഘവും സ്‌കോട്ട്‌ലൻഡിലെ റോസിലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സൃഷ്ടിച്ചത്.ആ വാർത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ആഘോഷിച്ചു. അക്കാലത്ത് ഞാൻ കാലിക്കറ്റ് ടൈംസ് പത്രത്തിന്റെ ന്യൂസ് എഡിറ്റർ ആയിരുന്നു. ‘ഡോളി വാർത്ത’ യും അതിന്റെ ഫോളോഅപ്പുകളും ടൈംസിൽ പരിഭാഷപ്പെടുത്തിയത് ഞാൻ തന്നെ
സസ്തനികളിലെ വിജയകരമായ ക്ലോണിംഗ് പരീക്ഷണത്തിൽ ലോകം വിസ്മയിച്ചുനിൽക്കെ, ഞാൻ മറ്റൊരു ആലോചനയിലായിരുന്നു. ക്ലോണിംഗ് വഴി മനുഷ്യനെ സൃഷ്ടിക്കുക സാധ്യമാണോ? അങ്ങനെ സംഭവിച്ചാൽ അതിന്റെ അനന്തരഫലം എന്തായിരിക്കും(മഹാഭാരതത്തിലെ നൂറ്റുവർ ക്ലോണിംഗിന്റെ സൃഷ്ടിയാണെന്നൊക്കെയുള്ള വിടുവായത്തങ്ങൾ അക്കാലത്ത് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു)? ഈ ആലോചന ഒരു നോവൽ രചനയിലേക്കുള്ള വാതായനമായി. ഭാവന മാറിമാറി രാഷ്ട്രീയമായ ഒരു തലത്തിലെത്തി. ഏതാണ്ട് രണ്ടുവർഷമെടുത്ത് നോവൽ പൂർത്തിയാക്കി.’ഒമാറയിലെ കൊച്ചുസാഹസികർ’എന്ന് പേരിട്ട നോവലിന്റെ കഥാതന്തു ഇപ്രകാരമാണ്:ഒമാറ എന്ന രാജ്യത്തെ പ്രധാനമന്ത്രിയെ ആരോരുമറിയാതെ തട്ടിക്കൊണ്ടുപോയി തൽസ്ഥാനത്ത് ക്ലോണിംഗ് വഴി നിർമ്മിച്ച ആജ്ഞാനുവർത്തിയായ മറ്റൊരു പ്രധാനമന്ത്രിയെ സൃഷ്ടിക്കാൻ ശത്രുരാജ്യമായ കുനാനി ശ്രമിക്കുന്നു. ചാരന്മാർ വഴി പ്രാവർത്തികമാക്കാൻ ശ്രമിച്ച ഈ ‘മോഡസ് ഓപ്പറണ്ടി’ രണ്ടുകുട്ടികൾ പൊളിച്ച് ഒമാറയെ രക്ഷിക്കുന്നു.
സയൻസ്ഫിക്ഷന്റെ ചേരുവയോടെയായിരുന്നു നോവൽ രചന.കഥകൾ എഴുതിയിരുന്നുവെങ്കിലും ഞാൻ അതുവരെ നോവലിൽ കൈവെച്ചിരുന്നില്ല. എന്റെ സുഹൃത്തും എഴുത്തുകാരനും പരിഭാഷകനും കോളജ് അധ്യാപകനുമായ ഡോ. കെഎം. ഷെറീഫിനെ കൈയെഴുത്തുപ്രതി കാണിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തി. പിന്നെ കുടുംബ മാധ്യമത്തിന്റെയും മാധ്യമം വാരാന്തപ്പതിപ്പിന്റെയും ചുമതലയുണ്ടായിരുന്ന ജമാൽ കൊച്ചങ്ങാടിയുടെ മേശപ്പുറത്തെത്തി കൈയെഴുത്തുപ്രതി. വൈകാതെ
നോവൽ ഖണ്ഡ:ശയായി വാരാന്തപ്പതിപ്പിലും കുടുംബമാധ്യമത്തിലുമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനൊക്കെ സഹായം ചെയ്തുതന്നത് ഷെറീഫ്മാഷായിരുന്നുവെന്ന് ഞാൻ നന്ദിയോടെ സ്മരിക്കുന്നു. മാഷ് അന്ന് പോണ്ടിച്ചേരി സർവകലാശാലയിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നാണോർമ്മ.പിന്നീട് എഴുത്തുകാരി പി. വൽസലയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ നോവൽ അച്ചടിക്കാൻ കോട്ടയത്തെ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്(എസ്പി സിഎസ്) അയച്ചു.
നോവലിന്റെ 3000 കോപ്പി അച്ചടിക്കാൻ അവർ കരാറുണ്ടാക്കി. പക്ഷെ നോവൽ പുറത്തിറങ്ങിയില്ല.മൂന്നു കൊല്ലക്കാലം എസ്പിസിഎസുകാർ കൈയെഴുത്തുപ്രതി ശീതസംഭരണിയിൽ വെച്ചു. മോപ്പസാങ്ങ് (ഫ്രഞ്ച് എഴുത്തുകാരൻ മോപ്പസാങ്ങ് അല്ല) എന്നൊരാൾക്കായിരുന്നു എസ്പിസിഎസിന്റെ പ്രസിദ്ധീകരണച്ചുമതല. ഞാനിടക്കിടക്ക് അദ്ദേഹത്തെ വിളിച്ചു നേരം കളഞ്ഞെങ്കിലും ഫലമുണ്ടായില്ല.മോപ്പസാങ്ങ് ഇരുളിൽ ഒളിച്ചിരുന്നു.ഒടുവിൽ സഹികെട്ട് കരാർ റദ്ദാക്കി കൈയെഴുത്ത് പ്രതി ഞാൻ തിരിച്ചുവാങ്ങി.പിന്നീട് പ്രഫ. പി. കോയയുടെ നേതൃത്വത്തിലുള്ള കോഴിക്കോട്ടെ കാമൽബുക്‌സാണ് ‘ഒമാറയിലെ കൊച്ചുസാഹസികർ’പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. നോവലിന് ചിത്രങ്ങൾ വരഞ്ഞത് പ്രമുഖ രേഖാചിത്രകാരനായ സുനിൽ അശോകപുരമായിരുന്നു. നോവൽ സമർപ്പിച്ചത് അയാൻ വിൽമുട്ടിനാണ്.അദ്ദേഹത്തിന്റെ ഡോളി ജനിച്ചില്ലായിരുന്നുവെങ്കിൽ’ ഒമാറയിലെ കൊച്ചുസാഹസികർ’ സംഭവിക്കുമായിരുന്നില്ല.’ എന്റെ ഭാവനയെ പ്രചോദിപ്പിച്ച റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അയാൻ വിൽമുട്ടിന്’ എന്നായിരുന്നു സമർപ്പണത്തിലെ വാചകം. നോവലിന് കവിയും ചിത്രകാരനുമായ പോൾ കല്ലാനോട് അവതാരിക എഴുതി തന്നിരുന്നു. എന്റെ അലംഭാവം മൂലം അതെപ്പോഴോ കൈമോശം വന്നു. അതിനാൽ അവതാരികയില്ലാതെയാണ് നോവൽ പുറത്തിറങ്ങിയത്. പുസ്തകം നന്നായി വിറ്റുപോയി.പിന്നീട് അതിന് വേറൊരു എഡിഷൻ കൂടിയുണ്ടായി.ഹരിതം ബുക്‌സായിരുന്നു രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചത്.
അയാൻ വിൽമുട്ടിന്റെ ദേഹവിയോഗമറിഞ്ഞപ്പോഴാണ് ഞാൻ എന്റെ പ്രഥമനോവലിനെ കുറിച്ചോർത്തുപോയത്.ആ നോവലിന് ഒരു രണ്ടാം ഭാഗവും പിറന്നു.’ ജലയുദ്ധം’എന്ന് പേരിട്ട നോവൽ തേജസ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചത്. പ്രിയപ്പെട്ടവരെ, വിൽമുട്ട് എന്ന ധിഷണാശാലിയായ ശാസ്ത്രജ്ഞന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിക്കുകയാണ്.