ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിരുവിട്ട വിമർശനം. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് തിരുമേനിയുടെ പരാമർശത്തിനു മറുപടിയെന്ന നിലയിൽ വിവര ദോഷി എന്ന പ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്.
ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് ഗീവർഗീസ് മാർ കുറിലോസ് തിരുമേനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, എന്നു ഫേസ് ബുക്ക് കുറിപ്പിൽ തിരുമേനി ചൂണ്ടികാണിച്ചു.
ഇതിനു മറുപടിയെന്ന നിലയിൽ മുഖ്യമന്ത്രി പറയുന്നു’പ്രളയമാണ് സർക്കാരിനെ അധികാരത്തിലേറ്റിയത്. ഇനി ഒരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ഒരു പുരോഹിതൻ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചില വിവരദോഷികൾ ഉണ്ടാവുമെന്നാണ് വാചകത്തിലൂടെ വ്യക്തമാവുന്നത്. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയിൽ അതിജീവിക്കാൻ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്, ഈ നാട് ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാടാണ്.’ മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് കാർഡ് മുന്നോട്ട് വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഐഎം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത്, വളരെ മോശമായ പൊലിസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണെന്നായിരുന്നു മാർ വർഗീസ് കുറിലോസ് വിശദീകരിച്ചത്.
ബിജെപിയെക്കാൾ ഉപരി കോൺഗ്രസിനെയും ഫാസിസത്തിനെതിരെ ധീരമായി പോരാടിയ രാഹുൽ ഗാന്ധിയെയും ‘ടാർഗറ്റ്’ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി. എന്നും തിരുമേനി പറഞ്്ഞു.
ഗീവർഗീസ് മാർ കൂറിലോസ് തിരമേനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഐഎം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത്, വളരെ മോശമായ പൊലിസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണ്.
ബിജെപിയെക്കാൾ ഉപരി കോൺഗ്രസിനെയും ഫാസിസത്തിനെതിരെ ധീരമായി പോരാടിയ രാഹുൽ ഗാന്ധിയെയും ‘ടാർഗറ്റ്’ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത് ‘ തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല.