ഗാസയിൽ ഇസ്രയേൽ കൂട്ടക്കൂരുതി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 58 പേർ കൊല്ലപ്പെടുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപമുള്ള ഒരു മാധ്യമ കൂടാരത്തിന് നേരെ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ച് മാധ്യമ പ്രവർത്തകരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഹമ്മദ് മൻസൂർ ആണ് ഒടുവിൽ മരിച്ചത്. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് മാധ്യമ പ്രവർത്തകർക്കുനേരെ മനപ്പൂർവം ആക്രമണം നടത്തിയത്. ഫലസ്തീൻ ജേണലിസ്റ്റ് അഹമ്മദ് മൻസൂർ ജീവനോടെ കത്തിയമരുന്ന വീഡിയോ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഫലസ്തീൻ ടുഡേയുടെ ലേഖകനായ ഇദ്ദേഹത്തെ സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഹിൽമി അൽ ഫഖാവി, യൂസഫ് അൽ ഖസിൻന്താർ എന്നിവരും കൊല്ലപ്പെട്ടു. ഹസ്സൻ ഇസ്‌ലായെ, അഹ്‌മദ് അൽ അഗ, മുഹമ്മദ് ഫായിഖ്, അബ്ദുല്ലാഹ് അൽ അത്താർ, ഇഹാബ് അൽ ബർദിനി, മഹ്‌മൂദ് അവാദ്, മജീദ് ഖുദൈ, അലി ഇസ്‌ലായെ എന്നീ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.
ഗാസയിൽനിന്ന് ഫലസ്തീനികളെ കൂടിയൊഴിപ്പിക്കുന്നതിന് സാധ്യമായ രീതിയിലുള്ള കടുത്ത ആക്രമണമാണ് തുടരുന്നത്. ഭക്ഷണ ഉപരോധത്തിനു പുറമെ,ആരോഗ്യ പ്രവർത്തകർ. മാധ്യമ പ്രവർത്തകർ തുടങ്ങി വിനാശകരമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.
ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 50,810 പലസ്തീനികൾ മരിച്ചതായി സ്ഥിരീകരിച്ചതായും 115,688 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 61,700 ൽ കൂടുതലാണെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു, ആയിരക്കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായതായി കരുതപ്പെടുന്നു.