ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോ ചിത്രം ‘ഗാന്ധി’യെ സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം. എ.ബി.പി ന്യൂസി’നു നൽകിയ ദീർഘമായ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
‘ ”വലിയൊരു മഹാത്മാവായിരുന്നു ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടെ അത്തരമൊരു ആഗോള അംഗീകാരം അദ്ദേഹത്തിനു നേടിക്കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആർക്കും അറിയുമായിരുന്നില്ല. ഗാന്ധി ചിത്രം ഇറങ്ങിയ ശേഷമാണ് ആരാണ് അദ്ദേഹമെന്ന് ലോകം കൗതുകപ്പെടുന്നത്. നമ്മൾ ഒന്നും ചെയ്തില്ല.”- മോദി പറഞ്ഞു.
ലോകത്തിന് മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൻ മണ്ടേലയയെയുമെല്ലാം അറിയുമെങ്കിലും അവരെക്കാൾ ഒട്ടും മേന്മ കുറഞ്ഞയാളല്ല ഗാന്ധിയെന്ന കാര്യം നമ്മൾ അംഗീകരിക്കണം. ലോകം മുഴുവൻ യാത്ര ചെയ്ത പരിചയത്തിലാണ് ഞാനിതു പറയുന്നത്. ഗാന്ധിയിലൂടെ ഇന്ത്യ അംഗീകരിക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിക്കു വേണ്ടത്ര അംഗീകാരം നൽകാൻ കോൺഗ്രസ് സർക്കാരുകൾക്ക് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.