ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ സൈന്യത്തിന്റെ സഹായം തേടി. സൈനിക ഹെലികോപപ്റ്റർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നൈനിറ്റാളിലെ ഹൈക്കോടതി കോളനിയിൽ തീജ്വാലകൾ എത്തി. ബൽദിയാഖാൻ, ജിയോലിക്കോട്ട്, മംഗോളി, ഖുർപതൽ, ദേവിധുര, ഭാവാലി, പൈനസ് എന്നിവയുൾപ്പെടെ നൈനിറ്റാൾ ചുറ്റുമുള്ള നിരവധി ഗ്രാമങ്ങൾ തീയുടെ ഭീഷണിയിലാണ്.
ഹെലികോപ്റ്റർ നൈനി, ഭീംതാൽ തടാകങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ച് പൈൻസ്, ഭൂമിയാധർ, ജ്യോലികോട്ട്, നാരായൺ നഗർ, ഭാവാലി, രാംഗഡ്, മുക്തേശ്വർ പ്രദേശങ്ങളിലെ കത്തുന്ന വനങ്ങളിൽ ഒഴിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മനുഷ്യർ വനത്തിനു മനപ്പൂർവം തീയിടുന്നതാണ് കാട്ടൂതീക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.
വെള്ളിയാഴ്ച രുദ്രപ്രയാഗിൽ വനത്തിന് തീയിടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കാട്ടുതീ തടയാൻ രൂപീകരിച്ച സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് രുദ്രപ്രയാഗിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 1 മുതൽ ഇതുവരെ ഉത്തരാഖണ്ഡിൽ 575 കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് 689.89 ഹെക്ടർ വനമേഖലയെ ബാധിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം സംസ്ഥാനത്ത് കാട്ടുതീയിൽ 33.34 ഹെക്ടർ വനഭൂമി നശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 31 പുതിയ കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.