കൊച്ചി: നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ഷാഫി (57) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിയിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. കബറടക്കെ വൈകിട്ട്് നാലിന് കറുകപ്പള്ളി ജുമാ മസ്ജിദിൽ.
ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും സംവിധായകൻ സിദ്ദീഖ് അമ്മാവനുമാണ്.
രാജസേനൻ, റാഫി മെക്കാർട്ടിൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കൊണ്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിച്ചത്. 2001ൽ പുറത്തിറങ്ങിയ ‘വൺമാൻഷോ’യിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്..
കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ക്‌ളേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടൂ കൺട്രീസ് എന്നീ ബോക്സോഫീസ് ഹിറ്റുകൾ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്. 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ. 2018ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യുഎസ്എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു.
വൺ മാൻ ഷോ (2001), കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മജ – തമിഴ് (2005), മായാവി (2007), ചോക്ക്‌ളേറ്റ് (2007), ലോലിപോപ്പ് (2008), ചട്ടമ്പിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), മേക്കപ്പ് മാൻ (2011), വെനീസിലെ വ്യാപാരി (2011), 101 വെഡ്ഡിങ്‌സ് (2012), ടൂ കൺട്രീസ് (2015), ഷെർലക് ടോംസ് (2017), ഒരു പഴയ ബോംബ് കഥ (2018), ചിൽഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) തുടങ്ങിയ ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്.
1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച് എന്ന ഷാഫിയുടെ ജനനം.