കൊച്ചി : കെ.പി.സി. സി സെക്രട്ടറിയും മൂവാറ്റുപുഴ എംഎൽഎ യുമായ മാത്യു കുഴൽനാടൻ ഇടുക്കി ചിന്നക്കനാലിൽ ഭൂമിയും ആഡംബര റിസോർട്ടും വാങ്ങിയതിനു പിന്നിലെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണമെന്ന് സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അഭിഭാഷക സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത് ഉൾപ്പെടെ വൻതോതിൽ സ്വത്ത് സമ്പാദിച്ച മാത്യു കുഴൽനാടന്റെ ഇടപാടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
എന്നാൽ ആരോപണങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്നും ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പഠിച്ച് നാളെ മറുപടി നൽകുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മാധ്യമസൃഷ്ടിയാണെന്നോ മാധ്യമ അജണ്ടയാണെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറില്ല..ആരോപണം ഉന്നയിച്ചവരെ പരിഹസിക്കാൻ നിൽക്കില്ല..
ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പഠിച്ച് മറുപടി നാളെ ..അപ്പോൾ ബാക്കി നാളെ കാണാം…. എന്നാണ് കുറുപ്പ്്്
ചിന്നക്കനാലിൽ ഭൂമിയുടെ വില ആധാരത്തിലും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലും രണ്ടുതരത്തിലാണ് രേഖപ്പെടുത്തിയത്. ആധാരം രജിസ്റ്റർ ചെയ്തതിന്റെ പിറ്റേന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യത്യസ്തവിലയാണ് കാണിച്ചിട്ടുള്ളത്.
2021, 2022 വർഷത്തിൽ രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ മാത്യുകുഴൽനാടൻ എംഎൽഎയുടെയും, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെയും പേരിൽ വാങ്ങിയ ഭൂമിയുടെ വിലകുറച്ചുകാണിച്ച്് ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടിവെട്ടിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്.
ചിന്നക്കനാൽ വില്ലേജിലെ 55 സെന്റ് ഭൂമിയും റിസോർട്ടും വാങ്ങിയതിന് തീറാധാരപ്രകാരം 1.92 കോടി രൂപ മാത്രമാണ് വില കാണിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഭൂമിയുടെ വില 3.50 കോടി രൂപ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പകുതി ഷെയറിന്റെ വിലയാണ് കാണിച്ചിരിക്കുന്നത്. ഇതാണ് ആറുകോടിയോളം വിലയുള്ള ഭൂമിയാണ് 1.92 കോടി വിലകാണിച്ച് വാങ്ങി ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചുവെന്നതിനു തെളിവായി ചൂണ്ടികാണിക്കുന്നത്.
2021ൽ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 23 കോടി രൂപയുടെ ആകെ സ്വത്തെന്നാണ് പറഞ്ഞത്. വരുമാനസ്രോതസ്സ് കാണിച്ചിട്ടുമില്ല. ദുബായ്, ഡൽഹി, ബംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളിൽ അഭിഭാഷകസ്ഥാപനങ്ങളുണ്ട്. അതാണ് വരുമാന സ്രോതസ്സെന്നും പറയുന്നു. ഇത്രയേറെ സ്വത്ത് സമ്പാദിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിനും ആഭ്യന്തരവകുപ്പിനും പരാതികൾ നൽകിയതായും. അനധികൃത സ്വത്തുസമ്പാദനത്തിനെതിരെ മണ്ഡലത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്നും സി എൻ മോഹനൻ പറഞ്ഞു. വിപണി വില കുറച്ച് ഭൂമി രജിസ്ത്രർ ചെയ്തത് ഉദ്യോഗസ്ഥരെ സ്വാധിച്ചാണെന്നും സിപിഎം ആരോപിക്കുന്നു.