Monday, January 27, 2025

Top 5 This Week

Related Posts

പി.വി.അൻവർ തൊടുത്തുവിട്ട ആരോപണം ; സിപിഎം സമ്മേളനങ്ങളിൽ പ്രധാന ചർച്ചയാകുന്നു

കൊച്ചി : പി.വി. അൻവർ തൊടുത്തുവിട്ട ആരോപണം സിപിഎം സമ്മേളനങ്ങളിലും അജണ്ടയാവുകയാണ്. വിഷയം പ്രതിപക്ഷം ആയുധമാക്കിയതിനുപുറമെ സിപിഎം സമ്മേളനങ്ങളിലും ചർച്ചയാവുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും, സർക്കാരും വിചാരണക്കു വിധേയമാകുമെന്ന് ഉറപ്പാണ്.
എ.ഡി.ജി.പി അടക്കമുള്ള പോലീസ് ഉന്നതർക്കെതിരെയും, സർക്കാരിൽ പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുമാണ അൻവറിന്റെ ആരോപണമെങ്കിലും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒഴിഞ്ഞുമാറാനാവില്ല. പോലീസ്- വിജിലൻസ് ചുമതലയുള്ള മുഖ്യമന്ത്രി അൻവർ ഉന്നയിച്ച ഗൗരവമായ സംഭവമൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നതെങ്കിൽ ഭരണപരാജയം സമ്മതിക്കേണ്ടിവരും. ആരോപണം ശരിയാണെന്ന് സമ്മതിച്ചാൽ ആരോപിതർക്കെതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്യപ്പെടും. പോലീസിന്റെ ഭാഗത്തുനിന്ന് സിപിഎം പ്രവർത്തകർ അടക്കം നേരിട്ട ദുരനുഭവം അൻവർ തെളിവ് സഹിതം ചൂണ്ടികാണിച്ചിരുന്നു. പ്രശ്‌നം ബന്ധപ്പെട്ട മേഖലകളിലെല്ലാം പാർട്ടി സമ്മേളനങ്ങളിൽ വൈകാരികമായ ചർച്ചയ്ക്ക് വരും. വിഷയം സമ്മേളനത്തിൽ ചുമതലയുള്ള നേതാക്കൾക്കും തലവേദനയാകും.
ബ്രാഞ്ച് സമ്മേനം അവസാനിച്ച് ലോക്കൽ- ഏരിയ സമ്മേളനങ്ങളിലും, ജില്ലാ സമ്മേളനങ്ങളിലും വിഷയം കൂടുതൽ ഗൗരവമായ ചർച്ചക്ക് വരുമെന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് പരാജയം,വടകരയിലെ കാഫിർ വിവാദം, സഹകരണ ബാങ്കുകളിലെ ഉൾപ്പെടെ അഴിമതികൾ, ചില നേതാക്കളുടെ സംഘ്പരിവാർ ബന്ധം, ഇത്യാദി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങൾ സിപിഎം സമ്മേളനങ്ങളെ പ്രഷുബ്ധമാക്കുന്നതാണ്. സിപിഎം സംഘടനാ ചരിത്രത്തിൽ ഏറ്റവും ജീർണിച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാർട്ടി നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സിപിഐ എം 24—ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഈ മാസം അവസാനിക്കും. 38,426 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുന്നത്. ഒക്ടോബറിലാണ് ലോക്കൽ സമ്മേളനങ്ങൾ. ഏരിയ സമ്മേളനങ്ങൾ നവംബറിലും ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിലുമാണ്. 2025 ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. പാർടി കോൺഗ്രസ് ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിലാണ് നടക്കുന്നത്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles