എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഡിജിപി എം.ആർ. അജിത്കുമാറും സമ്മേളന വേദിയിൽ ഉണ്ടായിരുന്നു. ഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പൊലീസിലെ പുഴുക്കുത്തുകളെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിൽ വലിയ മാറ്റങ്ങൾ അടുത്തകാലത്ത് ഉണ്ടായി. എങ്കിലും ഇതിൽ നിന്ന് മുഖംതിരിച്ചു നിൽക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസിൽ ആവശ്യമില്ല. പൊലീസിനെ കൂടുതൽ ജനകീയവൽക്കരിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളനത്തിനു മുമ്പ് നാട്ടകം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
പി.വി.അൻവറിന്റെ വെളിപ്പെടുത്തലിൽ പാർട്ടിയും സർക്കാരും വേണ്ട നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.