പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ യുഡിഎഫ് പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മന്റെ പേര് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറിയത്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.
അക്ഷരാര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാണ് ചാണ്ടി ഉമ്മനെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകനും ആദര്‍ശം പിന്തുടരുന്നയാളുമാണ്. ഭാരത് ജോഡോയില്‍ കാശ്മീര്‍വരെ നഗനപാദനായി നടന്ന, പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ വ്യക്തിയാണ് ചാണ്ടി ഉമ്മനെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
സെപ്തംബര്‍ 5നാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിന് നടക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 ആണ്.