Friday, December 27, 2024

Top 5 This Week

Related Posts

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ പറഞ്ഞതിൽ എന്താണ് തെറ്റ്

ഹാരിസ് മുസ്തഫപിള്ള
മൂവാറ്റുപുഴ :ഹൈബി ഈഡൻ കേരളത്തിൻറെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് സ്വകാര്യ ബില്ല് കൊണ്ടുവന്നപ്പോൾ യുക്തിഭദ്രമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ 1948 മുതൽ തിരുവനന്തപുരം ആണ് കേരളത്തിൻറെ തലസ്ഥാനം അതുകൊണ്ട് ഇനിയും അത് അങ്ങനെ തന്നെ തുടരണം എന്ന അർത്ഥത്തിൽ ഭരണനേതൃത്വവും ചില പ്രതിപക്ഷ നേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി.
ഞാൻ വെറുതെ ഒരു കൗതുകത്തിന് 2011ലെ കേരള സെൻസസ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് തന്നെ ഒന്ന് ഡൗൺലോഡ് ചെയ്ത് ഒരു എക്‌സൽ ഫയലിൽ ആക്കി കുറച്ചു ഫോർമുലകൾ എല്ലാം ഇട്ട് ഏറ്റവും ചെറിയ രീതിയിൽ ഒരു അനാലിസിസ് നടത്തി നോക്കി. 560 കിലോമീറ്റർ നീളത്തിൽ ശരാശരി 70 കിലോമീറ്റർ മാത്രം വീതിയിൽ ഒരു പാവയ്ക്ക പോലെ നീണ്ട് നിവർന്നു കിടക്കുന്ന കേരള സംസ്ഥാനത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് നിന്നും ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ കേരളത്തിലെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റേണ്ടതില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന വ്യക്തമാക്കാൻ ഇതിനെ വിമർശിക്കുന്നവർ രാഷ്ട്രീയ അതീതമായി ബാധ്യസ്ഥരാണ്.

ഒന്നിനും മുകളിൽ ഒന്നായി അടുക്കിവച്ചതുപോലെയാണ് കേരളത്തിൻറെ ജില്ലകളുടെ ഘടന. ആകെയുള്ള 14 ജില്ലകളെ രണ്ടായി തിരിച്ചാൽ തൃശൂർ മുതൽ മുകളിലേക്ക് 7 ജില്ലകളും എറണാകുളം മുതൽ താഴേക്ക് മറ്റൊരു ഏഴു ജില്ലകളും കാണാൻ കഴിയും. ഇനി ഈ ഏഴ് ജില്ലകളുടെ ജനസംഖ്യ കണക്കിലെടുത്താൽ വടക്കുഭാഗത്തുള്ള ഏഴു ജില്ലകളിലാണ് 53% ജനങ്ങൾ ഉള്ളത് ബാക്കി 47% മാത്രമാണ് തെക്കൻ ജില്ലകളിൽ ഉള്ളത്. 2021ലെ പ്രതീക്ഷിക്കുന്ന ജനസംഖ്യ പ്രകാരം വടക്ക് തെക്കും തമ്മിലുള്ള ഈ അന്തരം 55.3% – 44.7% ആയി വർദ്ധിക്കാം!
കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് ഒരാൾക്ക് എത്തിച്ചേരണമെങ്കിൽ ശരാശരി 13 മണിക്കൂർ സമയം ആവശ്യമുണ്ട്, ഈ അർത്ഥത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഒരു കാര്യസാധ്യത്തിന് വരുന്ന ഒരു വ്യക്തി ഒരു പകൽ ഓഫീസിൽ ചെലവഴിച്ചാൽ പോലും ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസം ഇതിനു മാത്രമായി മാറ്റിവയ്‌ക്കേണ്ടതുണ്ട് എന്നാൽ തലസ്ഥാനം മധ്യ കേരളത്തിലേക്ക് മാറ്റുകയാണെങ്കിൽ പരമാവധി ആറുമണിക്കൂർ ചിലവാക്കിയാൽ കേരളത്തിൻറെ ഏത് ഭാഗത്ത് ഉള്ള വ്യക്തിക്കും സംസ്ഥാനത്തിന്റെ അധികാര കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയും. അങ്ങനെ വരുമ്പോൾ ഒരു പകൽ കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു ദിവസം മാത്രം മതിയാകുന്നതാണ്.

ഇപ്പോൾ തന്നെ കേരളത്തിൻറെ ജുഡീഷ്യൽ ക്യാപ്പിറ്റൽ ആയ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കൊച്ചിയിലാണ്. ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഹോട്ടലുകളും റസ്റ്റോറന്റുകളും ലോഡ്ജ് കളും ആശുപത്രികളും കൂടാതെ കേരളത്തിലെ ഏതു ഭാഗത്തേക്കും 24 മണിക്കൂറും യാത്ര സൗകര്യങ്ങളുമുള്ള പട്ടണം കൊച്ചി തന്നെയാണ്. കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണം എന്ന് പറയുമ്പോൾ ആദ്യമായി ഉയർത്തുന്ന തടസവാദം വികസനം കൊണ്ട് വീർപ്പുമുട്ടുന്ന കൊച്ചിയിൽ ഇനി അതിനുള്ള സാധ്യതയില്ല എന്നാണ്! അവരോട് പറയാനുള്ളത് കൊച്ചിയുടെ വികസനം ഒരു അടഞ്ഞ അധ്യായം അല്ല സുഹൃത്തുക്കളെ, നമ്മുടെ ഭരണാധികാരികൾ സ്വപ്നം കാണുന്നത് കൊച്ചിയെ ബാംഗ്ലൂരോ ബോംബെയോ ദുബായിയോ പോലുള്ള ഒരു മഹാനഗരമാക്കി മാറ്റണം എന്നതാണ് കാരണം അതിനനുസരിച്ച് ആ മഹാനഗരത്തെ ചുറ്റിപ്പറ്റി നാടിൻറെ സാമ്പത്തികമായ വികസനവും ഉണ്ടാവുകയുള്ളൂ. ഇപ്പോൾ തന്നെ രാഷ്ട്രപതി പ്രധാനമന്ത്രിക്ക് വിദേശ നേതാക്കളോ കേരളത്തിൽ എത്തുമ്പോൾ അവർ വന്നിറങ്ങുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്! വരുന്ന 20 വർഷത്തിനുള്ളിൽ അങ്കമാലിയിലെ നെടുമ്പാശ്ശേരി വിമാനത്താവളം കൊച്ചി പട്ടണത്തിന്റെ ഉള്ളിലായി മാറുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. അതാണ് നഗരവികസനം!

കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയോട് ചേർന്നുള്ള മധ്യകേരളത്തിലെ ഏതൊരു പട്ടണവും തലസ്ഥാനനഗരിയായി മാറ്റുന്നതിന് അനുയോജ്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളായ പട്ടണങ്ങളിലായി ജുഡീഷ്യൽ തലസ്ഥാനവും അഡ്മിനിസ്‌ട്രേറ്റീവ് തലസ്ഥാനവും നിലവിലുണ്ട്. പുതുതായി രൂപം കൊണ്ട തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമായി അമരാവതി എന്ന നാട് പടുത്തുയർത്തു കൊണ്ടിരിക്കുന്നു. ലോകത്ത് പല രാജ്യങ്ങളിലും ഈ രീതി പിന്തുടരുന്നുണ്ട്. സൗത്ത് ആഫ്രിക്ക എന്ന രാജ്യത്തിന്റെ ലെജിസ്ലേറ്റീവ് അഡ്മിനിസ്‌ട്രേറ്റീവ് ജുഡീഷ്യൽ തലസ്ഥാനങ്ങൾ മൂന്ന് പട്ടണങ്ങളിൽ ആയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് പട്ടണങ്ങളിലായി തലസ്ഥാനം സ്ഥിതി ചെയ്യുന്ന 15 ഓളം രാജ്യങ്ങൾ ലോകത്ത് വേറെയും ഉണ്ട്.
മറ്റൊരു കാര്യം 65000 കോടി രൂപ മുതൽമുടക്കി കേ-റെയിൽ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയൊരു നഗരത്തിൽ 2000 കോടി മുതൽ മുടക്കി പുതിയൊരു ഭരണസിരാകേന്ദ്രം നിർമ്മിക്കുക എന്നുള്ളത് ഒരു അസാധ്യമായ കാര്യമാണെന്ന് കരുതുന്നുണ്ടോ. കെ റെയിലിന്റെയും സിൽവർ ലൈൻ പ്രൊജക്ടുകളുടെയും ഡിപി ആർ പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യം ഇത് ആളുകൾക്ക് സഞ്ചരിക്കുന്നതിന് ഉതകുന്ന അതിവേഗ തീവണ്ടികൾക്ക് വേണ്ടിയുള്ള വെറുമൊരു അതിവേഗ ഇടനാഴി മാത്രമാണ്, ഇതിലൂടെയുള്ള ചരക്ക് ഗതാഗതം ഇവരുടെ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ല. ഇടതുപക്ഷ സർക്കാർ പറയുന്നതുപോലെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് അതിവേഗം സഞ്ചരിക്കേണ്ടി വരുന്ന വളരെ ചെറിയൊരു കൂട്ടം ജനങ്ങൾക്ക് വേണ്ടിയുള്ള ബൃഹത്തായ പദ്ധതിയാണിത്

എന്നാൽ ഇതിൻറെ അതിഭീകരമായ ഭാരം ചുമക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
ചരക്ക് ഗതാഗതത്തിന്റെ വേഗത കൂടിയാൽ മാത്രമേ രാജ്യത്തിൻറെ കച്ചവട വ്യവസായ സാമ്പത്തിക മേഖല വികസിക്കുകയുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിൽ കേ-റയിൽ എന്ന അതിവേഗ പാതയിലൂടെ ചരക്ക് ഗതാഗതം ആരംഭിച്ചാൽ പോലും (അപ്പോൾ ഇൻഫ്രാ സ്‌ട്രെച്ചറിലെ മാറ്റങ്ങൾക്കു വേണ്ടി 65,000 കോടി എന്നുള്ളത് ചിലപ്പോൾ ഒരു ലക്ഷം കോടിയായി ഉയരുവാൻ സാധ്യതയുണ്ട്) അതിഭീമമായ ചരക്ക് കൂലി ഉൾപ്പെടുത്തിക്കൊണ്ട് ഒരു വസ്തുവും വിൽക്കുവാനും വാങ്ങുവാനും ആളുകൾ തയ്യാറാവുകയില്ല കാരണം ഈ ഭീമമായ ചരക്ക് കൂലിയുടെ ഭാരമില്ലാതെ തന്നെ ആധുനിക ഓൺലൈൻ മാർക്കറ്റിൽ ആവശ്യക്കാർക്ക് വേണ്ട സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഇന്ത്യ പോലുള്ള രാജ്യത്ത് അമിത ഭാരമില്ലാതെ ക്രമാനുഗതമായി വളർന്നു വരേണ്ട യാത്ര സൗകര്യങ്ങളാണ് ഇന്ന് ഇന്ത്യൻ റെയിൽവേ നിലവിലുള്ള തീവണ്ടി പാതകൾ നവീകരിച്ചും വന്ദേ ഭാരത് പോലുള്ള കൂടുതൽ അതിവേഗതീവണ്ടികൾ പുറത്തിറക്കിയും നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഈ നവീകരണം പോലും സമൂഹത്തിലെ വളരെ ചുരുക്കം ആളുകൾക്ക് ഉപകാരപ്പെടുന്നത് മാത്രമാണ് കാരണം സ്ഥിരമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരൻ ഒരിക്കലും അതിഭീമമായ ടിക്കറ്റ് നിരക്കുള്ള വന്ദേ ഭാരതിനെയോ കേ റെയിലിനെയോ ആശ്രയിക്കുകയില്ല എന്നുള്ളത് ധാരാളം പഠനങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള യാഥാർത്ഥ്യമാണ്.

അതുകൊണ്ടുതന്നെ നാടിൻറെ വികസനവും ജനങ്ങളുടെ സൗകര്യവും പരിഗണിച്ചുകൊണ്ട് തൃശ്ശൂർ പാലക്കാട് എറണാകുളം ജില്ലയിലെ ഏതെങ്കിലും പ്രദേശത്തേക്ക് കേരളത്തിൻറെ തലസ്ഥാനം മാറ്റുന്നത് തീർച്ചയായും ഒരു മഹത്തായ ജനകീയ തീരുമാനം ആയിരിക്കും.
തിരുവിതാംകൂർ രാജ കുടുംബത്തോട് അന്നത്തെ ഭരണ നേതൃത്വത്തിനും പ്രമാണിമാർക്കും ഉണ്ടായിരുന്ന വിധേയത്വ അടിമത്ത ഭാവത്തിന്റെ പ്രതിഫലനമായിരുന്നു സ്വാതന്ത്ര്യാനന്തരം തിരുകൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന തിരുവനന്തപുരം വിശാലമായ മലബാർ ഡിസ്ട്രിക്ട് മദ്രാസ് ഭരണകൂടത്തിൽ നിന്നും കേരളത്തോടൊപ്പം ചേർത്തപ്പോഴും ഐക്യ കേരളത്തിൻറെ തലസ്ഥാനമായി തുടരാനുള്ള കാരണം. ഗതാഗത സൗകര്യങ്ങൾ വളരെ കുറവായിരുന്ന ആ കാലഘട്ടത്തിൽ കാസർഗോഡ് മുതൽ ഉള്ള വടക്കൻ കേരളത്തിലെ ജനങ്ങളോട് ഭരണ വിധേയത്വത്തിന്റെ ക്രൂരതയായിരുന്നു ആ തീരുമാനം.
ഇനിയും രാജഭക്തിയും അടിമത്ത മനോഭാവവും ഉള്ളവർക്ക് വേണമെങ്കിൽ കേരളത്തിൻറെ അഡ്മിനിസ്‌ട്രേറ്റീവ് ക്യാപിറ്റൽ മധ്യ കേരളത്തിലേക്ക് മാറ്റുകയും ശേഷം ലെജിസ്ലേറ്റീവ് ക്യാപ്പിറ്റൽ തിരുവനന്തപുരത്ത് തുടരുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്!

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles