ഇരു വിഭാഗം തമ്മിലുള്ള കലാപം പൊട്ടിപ്പുറപ്പെട്ട് 50 ദിനം പിന്നിട്ട മണിപ്പൂരിൽ ഭരണക്ഷിയിലും ഭിന്നത. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിൻറെ നേതൃത്വത്തിലുള്ള സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കാണിച്ച് മണിപ്പൂരിൽ നിന്നുള്ള എട്ട്് ബി.ജെ.പി എം.എൽ.എമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സർക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്രനും ഒപ്പമുണ്ട്.
കരം ശ്യാം സിംഗ്, തോക്ചോം രാധേശ്യാം സിംഗ്, നിഷികാന്ത് സിംഗ് സപം, ഖൈ്വരക്പം രഘുമണി സിംഗ്, എസ് ബ്രോജൻ സിംഗ്, ടി റോബിന്ദ്രോ സിംഗ്, എസ് രാജെൻ സിംഗ്, എസ് കെബി ദേവി, വൈ രാധേശ്യാം എന്നീ ഒൻപത് എം.എൽ.എമാരാണ് കത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. . ഇവരെല്ലാം മെയ്തി സമുദായത്തിൽ പെട്ടവരാണ്. സമാധാനം പുനസ്ഥാപിക്കുന്നതിന് കുക്കി എം.എൽ.എമാരും മെയ്തി എംഎൽഎമാരും തമ്മിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കണമെന്നും മെമ്മോറാണ്ടത്തിൽ അഭ്യർഥിച്ചു. മണിപ്പൂരിൻറെ എല്ലാ ഭാഗങ്ങളിലും കേന്ദ്രസേനയെ ഏകീകൃതമായി വിന്യസിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാനും ് മെയ്തി വിഭാഗത്തിലെ ഒരു വിഭാഗം നീക്കം നടത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു..