Wednesday, December 25, 2024

Top 5 This Week

Related Posts

ആത്മാപ്പുളിക്ക് പുതുയൗവ്വനം

byകുന്നത്തൂർ രാധാകൃഷ്ണൻ

ഗ്രാമീണരാവുകൾക്ക് മാന്ത്രികമായ താളം പകരുന്നത് ആരാധനാലയങ്ങളിലെ അനുഷ്ഠാനകലകളും അതിനു സാക്ഷ്യം വഹിക്കുന്ന നാട്ടുകാരുടെ ആവേശകരമായ സാന്നിധ്യവുമാണ്. കുത്തിനോവിക്കുന്ന ഗ്രീഷ്മജ്വാലകളുടെ താണ്ഡവത്തിന് സാന്ത്വനമായി ക്ഷേത്രാങ്കണങ്ങളിൽ തെയ്യവും തിറയുമെത്തുന്നു. ഗ്രാമങ്ങളിൽ സ്വപ്നം നിറയ്ക്കുന്ന തെയ്യം മണ്ണിന്റെ മണമുള്ള, ഉത്തര മലബാറിന്റെ തനതുകലയാണ്. ദക്ഷിണമലബാറിലാവട്ടെ, തിറയും വെള്ളാട്ടും സ്വപ്നസദൃശമായി രാപ്പകലുകളെ പൊലിപ്പിക്കുന്നു.കോഴിക്കോട്ടെ തിറയാട്ടങ്ങൾ ചേതോഹരമായ ദൃശ്യതാളങ്ങൾ കൊണ്ട് സമ്പന്നമാണ്. തെയ്യവും തിറയും തമ്മിൽ സാമ്യമുണ്ടെങ്കിലും അവ തീർത്തും വ്യത്യസ്തങ്ങളായ അനുഷ്ഠാനകലകളാണ് (അനുഷ്ഠാനകലകളിൽ നിന്നാണ് കാവാലം നാരായണപണിക്കർ തനതുനാടകവേദി വികസിപ്പിച്ചെടുത്തത്).

കോഴിക്കോട്ടെ ക്ഷേത്രോൽസവങ്ങൾ അവിസ്മരണീയമാക്കുന്നതിൽ അപ്രധാനമല്ലാത്ത സ്ഥാനം എടക്കാടിനും സമീപഗ്രാമങ്ങൾക്കുമുണ്ട്.
മകരം സമാഗതമാകുന്നതോടെ ക്ഷേത്രോൽസവങ്ങൾക്കും തുടക്കമായെന്ന് പറയാം.മകരമഞ്ഞ് വീഴുന്ന അമ്പലമുറ്റത്ത് തിറയാട്ടക്കാരുടെ കാലടികൾ പുതയുന്നു.കുംഭം, മീനം, മേടം മാസങ്ങളിലേക്ക് ആ ദൃശ്യചാരുത പടരുന്നു. തിറയുൽസവങ്ങൾ അതിന്റെ ദൃശ്യഭംഗി കൊണ്ട് വേനലിന്റെ കാഠിന്യം കുറയ്ക്കുന്നു എന്ന് ആലങ്കാരികമായി പറയാം. തിറകെട്ടിയാടുന്ന നിരവധി ക്ഷേത്രങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് എടക്കാട് ഗ്രാമം. പുനത്തിൽ, ഒറ്റക്കണ്ടത്തിൽ, മഞ്ഞോളി, കൊത്തൂർ, പുന്നശ്ശേരി, നാരങ്ങാളി, കിഴക്കേപുതിയടത്ത്… അങ്ങനെ പോകുന്നു തിറയാട്ടങ്ങൾ മനമയക്കുന്ന എടക്കാട്ടെ അമ്പലങ്ങളുടെ പട്ടിക. പകൽവേളകളിൽ ക്ഷേത്രാങ്കണത്തിൽ ചുവടുവെയ്ക്കുന്ന വെള്ളാട്ടുകൾ സൃഷ്ടിക്കുന്ന മായികപ്രപഞ്ചം വാക്കുകളിൽ വിവരിക്കാനാകില്ല. രാത്രിയിൽ ഓലച്ചൂട്ടിന്റെയും കോമരങ്ങൾക്ക് ചാടാൻ തയ്യാറാക്കിയ കത്തുന്ന വിറകിന്റെയും വെളിച്ചത്തിൽ നരച്ചിയും കുലവനും മറ്റും നിറഞ്ഞാടുമ്പോൾ ചെണ്ടമേളങ്ങൾ ഉച്ചസ്ഥായിയിലെത്തും.

കോമരങ്ങളില്ലാത്ത ക്ഷേത്രോൽസവങ്ങൾ സങ്കല്പിക്കാനാവില്ല. കോമരങ്ങളക്കുറിച്ചോർക്കുമ്പോൾ
ആദ്യം തെളിഞ്ഞുവരുന്നത് വേട്ടേരി ബാലൻനായരുടെ മുഖമാണ്. എന്റെ ബാല്യത്തിലെ ‘ഹീറോ’ ആയിരുന്നു കോമരവേഷത്തിലെ ബാലൻ നായർ. പുനത്തിലും പുന്നശ്ശേരിയിലും മഞ്ഞോളിയിലും കിഴക്കേപുതിയടത്തും ഉൽസവനാളുകളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ കോമരം.പുനത്തിലും മഞ്ഞോളിയിലും മുഖ്യകോമരവും അദ്ദേഹം തന്നെ. ബാലൻനായരുടെ കോമരത്തിന്റെ അറ്റം കൂർത്ത വാൾ വളവില്ലാത്തതാണ്. നീളം അധികമില്ലാത്ത വാളേന്തിയ കോമരത്തിന്റെ കൈത്തണ്ടയിൽ സ്വർണ നിറം പൂശിയ വളയവുമുണ്ടാകും.കറുത്ത മുണ്ടാണ് ഉൽസവകാലത്തെ വേഷം. ഉൽസവത്തിന് മുന്നോടിയായി നോമ്പ് തുടങ്ങുന്നതോടെ കോമരത്തിന്റെ ദേഹത്ത് കറുത്ത മുണ്ട് സ്ഥാനം പിടിക്കുന്നു. എടക്കാട്ട് കറുപ്പുടുത്ത് കോമരവേഷം ഉജ്വലമാക്കിയ മറ്റൊരാളില്ല. നൃത്തരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന അംഗചലനങ്ങളായിരുന്നു ബാലൻനായരുടെ കോമരവേഷത്തിന്റെ ‘ഹൈലൈറ്റ്’ . സന്ധ്യക്ക് വെള്ളാട്ടിനെ ദീപാലങ്കാരത്തോടെ ‘മീതി’ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കാൻ മുഖ്യകോമരത്തിന് കൂട്ട് വേണം. വേങ്ങോട്ടിൽ കൃഷ്ണൻകുട്ടിനായർ ആ ദൗത്യം നിർവഹിക്കും. ബാലൻനായരുടെ കോമരവേഷം ആസ്വദിച്ചവർ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിച്ചു. വെളിച്ചപ്പാടുകളെ ദൈവത്തിന്റെ പ്രതിനിധികളായി കാണുന്നവർക്ക് അക്കാലത്ത് ധാരാളമുണ്ടായിരുന്നു.

ബാലൻനായരുടെ തിറമുറ്റത്തെ ചലനവിസ്മയം അതനുഭവിച്ച പഴയതലമുറയെ ഇപ്പോഴും പ്രലോഭിപ്പിക്കുന്നുണ്ട്.മൊബൈൽഫോണോ ഇന്റർനെറ്റോ നിലവില്ലാത്ത കാലത്ത്, ഗ്രാമത്തിന്റെ ഗ്രീഷ്മരാവുകളെ അനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടുപോയ ബാലൻനായർ മുന്ന് പതിറ്റാണ്ടുകാലം ക്ഷേത്രാങ്കണങ്ങളിൽ നിറഞ്ഞുനിന്നു. അമ്പലമുറ്റങ്ങളിൽ തീർത്ത ആ വിസ്മയ മുഹൂർത്തങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ
മരുമകൻ വേട്ടേരി രവിക്ക് നൂറ്‌നാവുകളോടെ മാത്രമേ സംസാരിക്കാനാവു. 1995-ലായിരുന്നു എല്ലാവരെയും ദു:ഖത്തിലാഴ്ത്തി ബാലൻനായർ ഈ ലോകം വിട്ടുപോയത്. കുരുവെട്ടൂർ സ്വദേശിനി പുതിയോട്ടിൽ കാർത്യായനിഅമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. അവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. സ്വർണ കുമാരി ഏക മകളാണ്.

വെളിച്ചപ്പാടുകൾ നിറം പകരുന്ന തിറയാട്ടത്തിന്റെ തയ്യാറെടുപ്പ് അത് ആസ്വദിക്കുന്നതുപോലെ അത്ര ലളിതമല്ല. കാര്യമായ മുന്നൊരുക്കം അതിനാവശ്യമാണ്.കലയും ഭക്തിയും ചേർന്നതാണല്ലോ തിറയാട്ടം. അതിനാൽ തിറവേഷക്കാരും ചെണ്ടമേളക്കാരുമടക്കം തിറയാട്ടസംഘത്തിലെ മുഴുവൻ അംഗങ്ങളും നോമ്പെടുക്കും. ഓരോ ക്ഷേത്രത്തിലെയും വേഷങ്ങൾക്കനുസരിച്ച് തിറസംഘത്തിന് മൂന്നുമുതൽ ഏഴു ദിവസം വരെ നോമ്പെടുക്കേണ്ടിവരും. ഈ കാലയളവിൽ തിറയാട്ടക്കാർ മൽസ്യമാംസാദികളും അരിയാഹാരവും ഉപേക്ഷിക്കുന്നു. പകരം പുഴുക്കും പഴവർഗങ്ങളും തിറസംഘത്തിന്റെ ‘മെനു’വിൽ സ്ഥാനം പിടിക്കുന്നു. കൊടിയേറ്റം മുതൽ കുടികൂട്ടൽ വരെ തിറവേഷക്കാരുടെ ഭക്തിനിർഭരമായ നോമ്പ് തുടരും.

പുനത്തിൽ പരദേവതാക്ഷേത്രത്തിൽ വിഷുവിനുശേഷം സമാഗതമാകുന്ന തിറയാട്ടത്തോടെ എടക്കാട് ഗ്രാമത്തിലെ ക്ഷേത്രോൽസവങ്ങൾ അന്തിമഘട്ടത്തിലെത്തിയെന്ന് പറയാം. പുനത്തിൽ തിറയുൽസവം അവിസ്മരണീയമാക്കാൻ ദേശത്തിന്റെ അഭിമാനസ്തംഭമായ ആലും മാവും പുളിയും ചേർന്ന (ആത്മാപ്പുളി) മഹാവൃക്ഷവും പരിസരവും അലങ്കരിക്കപ്പെടും. അന്ന് തലമുറകളുടെ ഉദയാസ്തമയങ്ങൾക്ക് സാക്ഷ്യം വഹിച്ച, നൂറ്റാണ്ടുകളുടെ അനുഭവജ്ഞാനമുള്ള വൃക്ഷമുത്തശ്ശിക്ക് പുതുയൗവനം കൈവരും.തിറയുൽസവം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ മരച്ചുവട്ടിലാണ്. ഞായറാഴ്ച അർധരാത്രി ആത്മാപ്പുളിയുടെ ചുവട്ടിൽ നിന്ന് ആരംഭിക്കുന്ന അഴഗന്ധർവൻ തിറ മനം നിറയ്ക്കും. ആളുകളുടെ ശബ്ദഘോഷങ്ങളോടെയാണ് അഴഗന്ധർവനെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുക. കോമരങ്ങളും ചെണ്ടമേളങ്ങളും നിറഞ്ഞാടുന്ന യാമം അഴഗന്ധർവന് അപൂർവമായ ദൃശ്യലാവണ്യം പകരും. വാക്കുകൾക്കതീതമായ ഒരു ലോകമാണ് അഴഗന്ധർവൻരാവ് സമ്മാനിക്കുന്നത്. ഉൽസവം കഴിഞ്ഞാൽ തിങ്കളാഴ്ച പ്രഭാതത്തിൽ ആത്മാപ്പുളിയുടെ പരിസരങ്ങളിൽ വാടിയ കുരുത്തോലകൾ തലേരാത്രിയിൽ മാന്ത്രിക ലോകം സമ്മാനിച്ച ഗന്ധർവന്റെ ഉടയാടകൾ പോലെ ചിതറിക്കിടക്കും. അഴഗന്ധർവൻ തിറ കോഴിക്കോട്ട് മറ്റൊരു ക്ഷേത്രത്തിലുമില്ലെന്നാണ് വളരെക്കാലം ആ തിറ കെട്ടിയാടിയ മേലേക്കളത്തിൽ പ്രകാശൻ പറയുന്നത്. ഇത്തവണ അഴഗന്ധർവൻ തിറ പൊലിപ്പിക്കാൻ ആത്മാപ്പുളിക്ക് പഴയ പ്രതാപമില്ല.കഴിഞ്ഞ മിഥുനത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ആത്മാപ്പുളിയുടെ പാതിയും കൊണ്ടുപോയി. ശേഷിച്ച പാതിയിൽ അനുദിനം ജീവൻ കൂടിവരുന്നുണ്ട്. എങ്കിലും പഴയ കൊമ്പുകളും ഇലകളും തിങ്ങിനിറഞ്ഞ മഹാവൃക്ഷം തിരിച്ചുപിടിക്കാൻ സമയമെടുക്കും. ഈ ലേഖനമൊന്നിച്ചുള്ള ആത്മാപ്പുളിയുടെ ചിത്രം ചുഴലിക്കാറ്റിന് മുമ്പെടുത്തതാണ്.

ഇതെഴുതുന്ന ആൾ ആദ്യമായി തിറക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് പുനത്തിൽ അമ്പലത്തിൽ വെച്ചായിരുന്നു. ആറ് പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നു അത്. നന്നെ ചെറിയ കുട്ടിയായിരുന്നുവെങ്കിലും അതെനിക്കോർമ്മയുണ്ട്.അമ്മാവനാണ് വൈകുന്നേരത്തെ വെള്ളാട്ട് കാണാൻ കൊണ്ടുപോയത്. ഉൽസവപ്പറമ്പിലെത്തിയപ്പോൾ ജനപ്രളയം. താമസിയാതെ ചെണ്ടമേളം തുടങ്ങി. ഉൽസവപ്പറമ്പിന്റെ കവാടത്തിൽനിന്ന് ശബ്ദഘോഷങ്ങളോടെ വെള്ളാട്ട് കളി തുടങ്ങി. നീണ്ട വടിയേന്തിയ ഇരട്ടകളുടെ മാസ്മരിക പ്രകടനം.കണ്ണുകളുടെ ഗോഷ്ടി. മോഹിപ്പിക്കുന്ന അംഗചലനങ്ങൾ നിലച്ചതോടെ മഴ ചന്നംപിന്നം പെയ്യാൻ തുടങ്ങി. ഇടിമിന്നൽ മാനത്ത് വെള്ളിരേഖ തീർത്തു. പുതുമണ്ണിന്റെ ഗന്ധമുയർന്നു. ആളുകൾ ചിതറി. മിഠായിക്കച്ചവടക്കാർ സുരക്ഷിത താവളം തേടി. മഴ തിമർത്തുപെയ്യാൻ തുടങ്ങി. ഇത്തവണയും മഴ തൂങ്ങിനിൽക്കുന്നുണ്ട്. മഴ പെയ്യട്ടെ, ഉഷ്ണത്തിന്റെ ഫണം കൊഴിയട്ടെ, മനം കുളിർക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles