പിറവം അരീക്കൽ വെളളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസുകാർ അറസ്റ്റിൽ. സിപിഒ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനു കൂടെ ഉണ്ടായിരുന്ന സി പി ഓ ബൈജുവിനെ സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം. അരീക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവതികളോടാട് ഒപ്പം ഇറങ്ങിയ പരീത് അതിരുവിട്ടു പെരുമാറിയെന്നാണ് പരാതി. യുവതികൾ പരാതിപ്പെട്ടതോടെ നാട്ടുകാർ ഇടപ്പെട്ടാണ് പോലീസിനെ വരുത്തിയത്. മൂവാറ്റുപുഴ സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഇരുവരും ഡ്യൂട്ടി സമയം അവസാനിക്കുംമുമ്പാണ് രാമമംഗലം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള അരീക്കലിൽ എത്തിയതെന്നാണ് വിവരം. യുവതികൾ പരാതിയിൽ ഉറച്ചു നിന്നതോടെ രാത്രി വൈകി പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് പരീതിനെ അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യപിച്ചതായും വൈദ്യപരിശോധനയിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബൈജുവിനെതിരെയുമുള്ള നടപടി.