Saturday, April 5, 2025

Top 5 This Week

Related Posts

ഷീലയുടെ കാൻവാസും, ബ്ലാക് ആൻഡ് വൈറ്റ് കാലവും

by കുന്നത്തൂർ രാധാകൃഷ്ണൻ

പിൻകാഴ്ചകൾ (34)

മലയാളിയുടെ നായികാസങ്കല്പങ്ങൾക്ക് നിറം പകർന്ന നടിയാണ് ഷീല. എത്രയെത്ര കഥാപാത്രങ്ങളെ അവർ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടില്ല! മലയാളിയുടെ മനസ്സിൽ നിന്ന് മായ്ച്ചുകളയാനാകാത്ത കഥാപാത്രങ്ങൾ! കറുത്തമ്മയും ചെല്ലമ്മയും സരോജവും ഉമ്മാച്ചുവും അവയിൽ ചിലതുമാത്രം. ഷീലയെന്ന പേരിൽ തന്നെ ബഹുമാനം അടങ്ങിയിട്ടുണ്ട്. ബഷീർ എന്ന് പറയുന്നതുപോലെ. എങ്കിലും ഇവിടെ ഷീലാമ്മയെന്ന് സംബോധന ചെയ്യുന്നു. ഷീലാമ്മ കഥകളുമെഴുതിയിട്ടുണ്ട്. സിനിമാ സംവിധായകയുമാണ്.അവർ സംവിധാനം ചെയ്ത യക്ഷഗാനം എന്ന നല്ലചിത്രം ഞാൻ കണ്ടിട്ടുണ്ട്. സാഹിത്യ സൃഷ്ടികൾ ബ്ലാക് ആൻഡ് വൈറ്റ് കാലത്ത് അഭ്രപാളിയിലാക്കിയപ്പോൾ പല നായികാവേഷങ്ങൾക്കും നിറം പകർന്നത് ഷീലാമ്മയല്ലേ? അവർ ബ്ലാക് ആൻഡ് വൈറ്റ് സിനിമായുഗത്തിന്റെ അവിഭാജ്യഘടകവുമായി രുന്നില്ലേ? ഷീലാമ്മയുടെ പഴയ സിനിമകൾ യുട്യൂബിൽ പലവട്ടം കണ്ടു. ഈ നാളുകളിൽ ഞാൻ ചേർത്തുപിടിക്കുന്നതും അവരുടെ സിനിമകളാണ്. കള്ളിച്ചെല്ലമ്മ ആവർത്തിച്ചു കാണുന്നതിനിടെയാണ് താൻ കാൻവാസിൽ കോറിയിട്ട ചിത്രങ്ങളുമായി ഷീലാമ്മ കോഴിക്കോട്ടെത്തിയത്. അവർ വരച്ച ചിത്രങ്ങൾ ആർട്ട്ഗാലറിയിലെത്തി കണ്ടു. അല്ല മനം നിറഞ്ഞ് ആസ്വദിച്ചു.

ചിത്രകല ഏതെങ്കിലും വിദ്യാലയത്തിൽ പോയട്ടായിരിക്കില്ല ഷീലാമ്മ പഠിച്ചിട്ടുണ്ടാകുക എന്ന് അനുമാനിക്കുന്നു. ജന്മവാസനയുടെയൂം അനുഭവങ്ങളുടെയും സ്വാഭാവിക പരിണതിയാണ് ആ വർണരാജികൾ എന്ന് കരുതാനാണിഷ്ടം. ഈ ചിത്രക്കൂട്ടുകളിൽ ഏറ്റവും ആകർഷകമാകുന്നത് സ്തീജീവിതത്തിന്റെ പലതരം മുഹൂർത്തങ്ങളാണ്. അവ പറിച്ചെറിയാനാവാത്ത വാങ്മയ ചിത്രങ്ങളായി ചിരപ്രതിഷ്ഠനേടുന്നു.കേരളീയ വനിതകളുടെ വിചാരവും വികാരവും ഒത്തിണങ്ങിയ ഭാവങ്ങൾ നാട്യങ്ങളോ ദുർഗ്രഹതകളോ ഇല്ലാതെ നിറത്തിൽ ചാലിച്ച് ഷീല അനുവാചകനെ കീഴടക്കുന്നു. പൊട്ടിയ ജാലകത്തിലൂടെ ശൂന്യമായലോകത്തെ ഉറ്റുനോക്കുന്ന സ്ത്രീ.അവരുടെ നോട്ടം വർത്തമാനത്തിന്റെ അരക്ഷിതാവസ്ഥയുടെതാണോ? പൂക്കളും പഴങ്ങളും വിൽക്കുന്ന ഗ്രാമീണസ്ത്രീ, വിടരാൻ വെമ്പുന്ന ആമ്പൽപ്പൂമൊട്ടുകളുമായി സഞ്ചരിക്കുന്നവൾ, ആശങ്കാകുലയായ വനിത, ചിന്താഭാരം കൊണ്ട് തളർന്നു കാൽമുട്ടുകളിൽ തലചായ്ച്ചിരിക്കുന്ന സ്ത്രീ, കുടങ്ങളുമായി സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ സംഗമം, ഇന്ന് കാണാൻ പ്രയാസമായ പഴയ തനിഗ്രാമീണ അടുക്കള, അമ്മിക്കല്ലിൽ മുളകോ മല്ലിയോ അരച്ചെടുക്കുന്ന ഒരു വീട്ടുകാരി.അങ്ങനെ അങ്ങനെ…

താൻ വെള്ളിത്തിരയിൽ ജീവൻ നൽകിയ കഥാപാത്രങ്ങളെ ഷീലാമ്മ വരകളിൽ വാർത്തെടുത്തതിലുമുണ്ട് പുതുമ. ഉറൂബിന്റെ ഉമ്മാച്ചുവിനും തകഴിയുടെ കറുത്തമ്മയ്ക്കും തന്റെതായ ചിത്രഭാഷയിലാണ് അവർ ജീവൻ പകരുന്നത്. വെള്ളിത്തിരയിൽ താൻ നിറഞ്ഞാടിയ ഉമ്മാച്ചുവും കറുത്തമ്മയും ഷീലാമ്മയുടെ കാൻവാസിനെ സ്വാധീനിച്ചിട്ടില്ല. ‘കടാപ്പുറത്ത്’ മീൻ വിൽക്കുന്ന കറുത്തമ്മ, നിലാവിന്റെ പാളി സാക്ഷിയാക്കി സ്വപ്നങ്ങൾ നെയ്യുന്ന ഉമ്മാച്ചു…. നല്ല വായനക്കാരിയായ ഷീലാമ്മ ആ കഥാപാത്രങ്ങൾക്ക് തന്റേത് മാത്രമായ വ്യാഖ്യാനങ്ങളാണ് നൽകുന്നത്. ഗ്രാമജീവിതത്തിന്റെ ഇതരഭാവങ്ങളും അവരുടെ കാൻവാസ് ശ്രദ്ധയോടെ ഒപ്പിയെടുക്കുന്നുണ്ട്. വൈക്കോൽ നിറച്ച കാളവണ്ടി തെളിക്കുന്ന ഗ്രാമീണൻ, പീലിവിടർത്തിയാടുന്ന മയിൽ,പൂവുകൾ നിറഞ്ഞ മരങ്ങൾക്കിടയിലെ വീട്…

ഭാവനയുടെ അനന്തവിഹായസ്സിലേക്കാണ് ഷീലാമ്മയുടെ കാൻവാസ് അനുവാചകനെ കൂട്ടിക്കൊണ്ടുപോകുന്നത്. വർണങ്ങൾ വാരിപ്പൂശിയതെങ്കിലും യാഥാർഥ്യത്തിന്റെയും ലാളിത്യത്തിന്റെയും കാൻവാസാണത്. ഷീലാമ്മ സ്ത്രീ ആയതിനാൽ വനിതകളുടെ സങ്കല്പങ്ങൾ അവർക്ക് പെട്ടെന്ന് ഗ്രഹിക്കാനാകും. ആ ഗ്രാഹ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് കാൻവാസിൽ നിറയുന്ന ഗ്രാമീണസ്ത്രീകൾ. ഈ ചിത്രങ്ങൾ ഓരോന്നും മൗലികതയുടെ നിറം പേറുന്നവയാണ്. അവയിൽ സ്‌ത്രൈണതയുടെ ഭാവവും ജീവിതവും തുടിച്ചുനിൽക്കുന്നു.

130-ലേറെ ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെ ചുമരുകളെ അലങ്കരിക്കുന്നത്.ഗൃഹാതുരമായ ആലോചനകൾക്ക് വഴിമരുന്നിടുന്ന ചിത്രങ്ങളിൽ ലബ്ധപ്രതിഷ്ഠയായ ഒരു കഥാകാരിയുടെ കൈയടക്കം കാണാം. ബ്ലാക് ആൻഡ് വൈറ്റ് കാലത്തിന്റെ പ്രതിധ്വനിയുമാണ് അവരുടെ കാൻവാസിൽ മുഴങ്ങുന്നത്. ലാളിത്യത്തിന്റെ വെണ്മ ഉയർത്തിപ്പിടിക്കുന്ന ഈ വർണസങ്കലനങ്ങൾ അവയുടെ മൗലികമായ ഭാഷകൊണ്ടുതന്നെ പുതിയ ആസ്വാദകനെ പ്രലോഭിപ്പിക്കാതിരിക്കില്ല.

വളരെക്കാലത്തിനു ശേഷമാണ് ഞാൻ ആർട്ട് ഗാലറിയിലെത്തുന്നത്. ആർട്ട് ഗാലറി ഒരു കൊച്ചുമുറിയായിരിക്കുമ്പോൾ അവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു. ഗാലറികെട്ടിടം വളർന്നു വലുതായി ആകാശം മുട്ടിയതിനുശേഷം വളരെയൊന്നും അങ്ങോട്ട് പോയിട്ടില്ല. ഷീലാമ്മയുടെ പെയിന്റിംഗുകൾ കാണാൻ പോയപ്പോൾ അവിടെ കവികളായ പികെ. ഗോപിയെയും ആർ. മോഹനനെയും കണ്ടു. വളരെ നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച. അത് പഴയനാളുകൾ ഓർമ്മയിൽ കൊണ്ടുവന്നു. അത് സമാശ്വാസത്തിന്റെ പൂക്കൾ വിതറി. ഷീലാമ്മയെ കണ്ട് സംസാരിക്കണമെന്നുണ്ടായിരുന്നു (താരാരാധനകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്) . ഇപ്പോൾ വരുമെന്ന സംഘാടകരുടെ വാക്ക് കേട്ട് കുറച്ചു നേരം കാത്തിരുന്നു.തിളച്ചു മറിയുന്ന സൂര്യൻ ആകാശത്തിന്റെ ഉച്ചിയിലെത്തുകയാണ്. കാണാതിരുന്നപ്പോൾ നഗരത്തിന്റെ അത്യുഷ്ണത്തിലേക്ക് ഇറങ്ങി നടന്നു. ഷീലയുടെ പെയിന്റിംഗുകൾ വിറ്റുകിട്ടുന്ന പണം കാൻസർ രോഗികളുടെ പരിചരണം ലക്ഷ്യമാക്കിയുള്ളതാണ്. അതൊരു മനുഷ്യകാരുണ്യ പ്രവർത്തിയാണ്. യഥാർഥ സാമൂഹികസേവനത്തിന്റെ മഹത്തായ മാതൃക. ആ മഹാദൗത്യത്തെ പിന്തുണയ്ക്കുന്നു.ഷീലാമ്മയ്ക്കും സംഘാടകർക്കും നന്ദി!

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles