സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ സംഘ്പരിവാര്‍ ആരോപണം നേരിടാന്‍ സിപിഎം ശക്തമായി രംഗത്ത്്. ഗണപതിയടക്കമുള്ള ഹൈന്ദവ ദൈവങ്ങളെ സ്പീക്കര്‍ നിന്ദിച്ചുവെന്ന സംഘ്പരിവാര്‍ പ്രചാരണത്തിന്റെ മറപറ്റി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരും രംഗത്തുവന്നതോടെയാണ് സിപിഎം പ്രതിരോധം കടുപ്പിച്ചത്.
മിത്തുകളെ ചരിത്രത്തിന്റെ ഭാഗമായി മാറ്റാന്‍ പാടില്ല. ശാസ്ത്രീയമായ കാര്യങ്ങള്‍ ഊന്നിപ്പറയുക എന്ന നിലപാടാണ് മുമ്പും സ്വീകരിച്ചിട്ടുള്ളത്; ഇനിയും ആ നിലപാട് തന്നെയാണ് സ്വീകരിക്കുക. മിത്തുകളെ മിത്തുകളായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രത്തെ ശാസ്ത്രമായും കണ്ട് തന്നെ മുന്നോട്ടു പോകണമെന്ന് നേരത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവിച്ചിരുന്നു.
എന്നാല്‍ കുറച്ചുകൂടി കടുപ്പിച്ച ഭാഷയിലാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെയും ടി.എം. തോമസ് ഐസക്കും പ്രതികരണം. സ്പീക്കര്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടതാണ് ഇത്തരം ആരോപണം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലെന്ന് എ.കെ. ബാലന്‍ പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തി വര്‍ഗ്ഗീയ വല്‍ക്കരണത്തിന് ശ്രമിക്കുകയാണ് ബിജെപിയും സംഘപരിവാറും. അത് ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ല. ഒന്നുകില്‍ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാതെയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അല്ലെങ്കില്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നതിന്റെ ലക്ഷണമാണ്. എ.കെ. ബാലന്‍ പ്രസ്താവിച്ചു. സംഘ്പരിവാറിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കേരളത്തില്‍ ഈ ഉമ്മാക്കി വിലപ്പോവില്ലെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു. .മി്ത്തുകള്‍ ശാസ്ത്രമല്ലെന്നു പറഞ്ഞതാണോ തെറ്റ്. ആരൊക്കെ പറയുന്നു. ഇവിടെ സംഘ്പരിവാറിനു ഷംസീറിന്റെ പേരിലാണ്് പ്രശ്‌നമെന്നും വേറെ ആരെങ്കിലും പറഞ്ഞാല്‍ പ്രശനമല്ലെന്നും ഡോ. തോമസ് ഐസക്ക്് പറഞ്ഞു.
എ.എന്‍. ഷംസീറിന്റെ പ്രസംഗത്തിന്റ ഉള്ളടക്കം വായിക്കാം.
”നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ്. ഇപ്പോള്‍ എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് വിമാനം കണ്ടു പിടിച്ചത് ആരാണ് എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോള്‍ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്.
ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങള്‍ക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.
ചിലര്‍ കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകില്ല. ഐ.വി.എഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോള്‍ ഇരട്ടകളുണ്ടാകും, ചിലപ്പോള്‍ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോള്‍ ചിലര്‍ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്നത്, ചിലപ്പോള്‍ പരിക്കുപറ്റി കൊണ്ടുവരുമ്പോള്‍ ചില പെണ്‍കുട്ടികളുടെ മുഖത്ത് കല വന്നാല്‍ ഡോക്ടര്‍മാര്‍ ചോദിക്കും, അല്ലാ.. നോര്‍മല്‍ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാല്‍ അവിടെത്തന്നെ നില്‍ക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സര്‍ജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണം.’ ഇതാണ് എ.എന്‍. ഷംസീര്‍ പറഞ്ഞത്്്.