Wednesday, December 25, 2024

Top 5 This Week

Related Posts

കായംകുളം എംഎസ്എം കോളേജിൽ നിന്നു കേൾക്കുന്ന വാർത്തകൾ ലജ്ജിപ്പിക്കുന്നതാണെന്ന് സാഹിത്യകാരി എസ്. ശാരദക്കുട്ടി

ഉന്നതവിദ്യാഭ്യാസരംഗവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുള്ള ഒരാൾക്കും ദഹിക്കാവുന്ന വസ്തുതകളോ ന്യായങ്ങളോ അല്ല എസ്എഫ്‌ഐ നേതൃത്വത്തിന്റെയും കോളേജ് അധികാരികളുടെയും നടപടികളിലും സംസാരത്തിലും ഉള്ളത്. എന്നും ശാരദക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

കായംകുളം MSM കോളേജിൽ നിന്നു കേൾക്കുന്ന വാർത്തകൾ ലജ്ജിപ്പിക്കുന്നതാണ്.
ഉന്നതവിദ്യാഭ്യാസരംഗവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുള്ള ഒരാൾക്കും ദഹിക്കാവുന്ന വസ്തുതകളോ ന്യായങ്ങളോ അല്ല SFI നേതൃത്വത്തിന്റെയും കോളേജ് അധികാരികളുടെയും നടപടികളിലും സംസാരത്തിലും ഉള്ളത്.

മൂന്നു വർഷം അവിടെ Bcom പഠിച്ച വിദ്യാർഥി നേതാവുകൂടിയായ ഒരാൾ തോറ്റതാണോ ജയിച്ചതാണോ എന്ന് പോലും Dept. head നോ മറ്റധ്യാപകർക്കോ അറിയില്ല എന്നു പറഞ്ഞാൽ ഏതു കോത്താഴത്താണ് അത് വിലപ്പോവുക ? റഗുലറായി അവിടെ പഠിച്ചിരുന്ന സമയത്തു തന്നെ വളരെ ദൂരെ മറ്റൊരു സർവ്വകലാശാലയിൽ ഇതേ course തന്നെ റഗുലറായി പഠിച്ചു ജയിച്ച ‘സർട്ടിഫിക്കറ്റ് ‘ ഹാജരാക്കുകയും പഠിപ്പിച്ച അധ്യാപകരും കോളേജും അത് സ്വീകരിച്ച് നിഖിലിന് എം.കോമിന് പ്രവേശനം നൽകി എന്നത് അമ്പരപ്പിക്കുന്ന സംഗതി തന്നെ. ഇതൊക്കെ നോട്ടപ്പിശകോ യാദൃഛികതയോ ആണെന്നു പറഞ്ഞാൽ അത് വിഴുങ്ങാൻ പ്രയാസമുണ്ട്.
ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ട അധ്യാപകരും വിദ്യാർഥികളും ഗവേഷകരും എഴുത്തുകാരും മുതൽ താഴേക്ക് ഉള്ളവർ വരെ തുടർച്ചയായി നേരിടുന്ന ഇത്തരം ആക്ഷേപങ്ങൾ നിസ്സാരമായി കണ്ട് തള്ളിക്കളയേണ്ടതല്ല. ആരോപണങ്ങൾ വസ്തുനിഷ്ഠമാകുമ്പോൾ അവയെ പ്രതിരോധിക്കേണ്ടത് വസ്തുനിഷ്ഠമായി തെളിവുകൾ നിരത്തിത്തന്നെ വേണം. അല്ലാതെ, പിടിക്കപ്പെട്ടാലുടൻ , സ്ത്രീയായതു കൊണ്ടാണ് , അബലയായതു കൊണ്ടാണ് , നിഷ്‌കളങ്കയായതു കൊണ്ട് പറ്റിയതാണ്, അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല, മാഫിയയിൽ പെട്ടു പോയതാണ്, അസൂയയാണ് എന്നെല്ലാം പറഞ്ഞ് ന്യായീകരിച്ച് പരിഹാസ്യരാവുകയല്ല വേണ്ടത്.
വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന ഒരു സംഘടനയാണ് എനിക്കറിയുമായിരുന്ന SFI. അവരുടെ നീതി ഉറപ്പാക്കി കിട്ടാനായി ഡിപാർട്ട്‌മെന്റിനെയും പ്രിൻസിപ്പാളിനെയും മാനേജ്‌മെന്റിനെയും ഒക്കെ ചോദ്യം ചെയ്യുകയും ഭരണം സ്തംഭിപ്പിക്കുകയും ഒക്കെ ചെയ്തിരുന്ന സംഘടനയാണ് SFI. പലപ്പോഴും തങ്ങളുടെ പ്രസക്തി ശക്തമായി തെളിയിച്ചിട്ടുമുണ്ട്.
ഇന്നെന്താണ് സംഭവിക്കുന്നത് സ്വയം വിലയിരുത്തുകയും ലജ്ജിച്ചു തലകുനിക്കുകയും ചെയ്യുന്ന കുറച്ച് വിദ്യാർഥികളെങ്കിലും ഈ സംഘടനയിൽ ശേഷിക്കുന്നില്ലേ ? നിർഭയരായി തങ്ങളുടെ നേതൃത്വത്തിന്റെ വെളിവുകേടുകൾക്കെതിരെ ശബ്ദിക്കുവാൻ അവർക്കു ന്യായമായും ഭയമാകുന്നുണ്ടാകും.
ഇതെഴുതുമ്പോൾ എനിക്കു കൂടി ഭയമുണ്ട്. അണികളുടെ ലൈക്കോ തെറി വിളികളോ കൊണ്ട് ഇത്തരം സംഭവങ്ങളെ നേരിട്ടു കളയാമെന്ന് വ്യാമോഹിക്കുന്നത് ഒരു ഗതകാലമോഹം മാത്രമാണ്.
എസ്. ശാരദക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles