കൊച്ചി: പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ എളമക്കര പോലീസ് ചാർജ് ചെയ്ത കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
വ്യാജ വാർത്തയിലൂടെ നിരന്തരം അധിക്ഷേപം നടത്തുന്നുവെന്ന കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്റെ പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്. പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3-1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി-ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്.
മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്ററായിരുന്ന എം. ഋജു എന്നിവരാണ് പ്രതികൾ. ഹർജി തള്ളണമെന്ന ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു. പി.വി ശ്രീനിജിന് വേണ്ടി അഡ്വ. കെ.എസ്. അരുൺ കുമാർ ഹാജരായി.