ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനെത്തിയ യുവാവിനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ
ആമ്പല്ലൂർ പെരുമ്പിള്ളി മാടപ്പിള്ളിൽ വീട്ടിൽ ആദർശ് (26), ഐക്കരനാട് മീമ്പാറ കുറിഞ്ഞി ഭാഗത്ത് വാരിശ്ശേരി വീട്ടിൽ ബിപിൻ (35), മുരിയമംഗലം മാമല വലിയപറമ്പിൽ വീട്ടിൽ ഫ്രെഡിൻ (26), ഇപ്പോൾ ചോറ്റാനിക്കര ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവാങ്കുളം കുട്ടിയേഴത്ത് വീട്ടിൽ നിജു ജോർജ്ജ് (34) എന്നിവരെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ചോറ്റാനിക്കരദേവി ക്ഷേത്രത്തിൽ ദർശനത്തിനായി വന്ന തൃശൂർ എടക്കുളം സ്വദേശി പ്രശാന്തിനെ ശാസ്താമുകളിലുള്ള പാറമടയിൽ കൊണ്ടുപോയി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പേഴ്‌സും, പണവും, എ.റ്റി.എം കാർഡും, വിവിധ തിരിച്ചറിയൽ കാർഡുകളുമടക്കം 35000 രൂപയോളം കവർച്ച ചെയ്യുകയായിരുന്നു.ആദർശ്, ഫ്രെഡിൻ എന്നിവർക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളും, മയക്കുമരുന്ന് കേസുകളുമുണ്ട്.
ആദർശ് കാപ്പാ ശിക്ഷ അനുഭവിച്ച് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. പുത്തൻകൂരിശ് ഡി.വൈ.എസ്.പി റ്റി.ബി. വിജയന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ കെ.പി.ജയപ്രസാദ്, എസ്.ഐ എം.വി. റോയ്, എ.എസ്.ഐ ബിജു പി. കുമാർ, എസ്. സി.പി.ഒ യോഹന്നാൻ, സി.പി.ഒ മാരായ സ്വരൂൺ പി. സോമൻ, വനു അബ്രഹാം, പി.പി. അഭിജിത്ത്, ദീപു, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്. അമ്പേഷണ സംഘം പ്രതികളെ മൂന്ന് മണിക്കൂറിനകമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.