മാമ്പഴക്കരയിൽ പരേതനായ അബ്ദുൽ ഖരീം മൗലവിയുടെ നിർധന കുടുംബത്തിനാണ് നാട്ടുകാർ ചേർന്നു വീട് നിർമ്മിച്ച് നല്കുന്നത്
കോതമംഗലം : തുണയറ്റ കുടുംബത്തിന് അടിവാട്് നിവാസികളുടെ സ്‌നേഹക്കൂട്ടായ്മയിൽ ഭവനമൊരുങ്ങുന്നു.
മാമ്പഴക്കരയിൽ പരേതനായ അബ്ദുൽ ഖരീം മൗലവിയുടെ നിർധന കുടുംബത്തിനാണ് നാട്ടുകാർ ചേർന്നു രൂപീകരിച്ച കുടുംബ സഹായ സമിതിയുടെ നേതൃത്വത്തിൽ ഭവനമൊരുങ്ങുന്നത്. അടിവാട് സർക്കാർ സ്‌കൂളിനു പിന്നിലായി മൂന്നു സെന്റ് സ്ഥലത്ത് പത്തു ലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ച് നൽകാനാണ് സഹായ സമിതി ലക്ഷ്യമിടുന്നത്.
ഇന്നലെ ജുമഅ നമസ്‌കാരാനന്തരം വീടിന്റെ ശിലാസ്ഥാപനം ഭക്ഷിണ കേരള ജംയ്യത്തുൽ ഉലമ ഭാരവാഹികളായ സി എ മൂസമൗലവി, ഡോ വി എച്ച് മുഹമ്മദ് മൗലവി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അടിവാട് ടൗൺ ജുമാമസ്ജിദ് ഇമാം മുജീബ് റഷാദി പ്രാർത്ഥന നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തു , ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, എ പി മുഹമ്മദ്, സി എച്ച് മഹമ്മദ് , ടി കെ മുഹമ്മദ് മൗലവി, എം എം അലിയാർ, ഷാജഹാൻ നെടുങ്ങാട്ട്, എം പി ഷൗക്കത്ത്, യു എച്ച് മുഹിയദ്ദീൻ, കെ ഇ കാസിം, പി പി മുഹമ്മദ്, കെ കെ മൈതീൻ, നജീബ് കൊടത്താപ്പിള്ളിൽ എന്നിവർ സംബന്ധിച്ചു. ഭവന നിർമ്മാണ ഫണ്ടിലേക്ക് പല്ലാരിക്കൂട്ടത്തിന്റെ ആദ്യ സംഭാവന അലി ചുള്ളിയിൽ സംഘാടക സമിതിയെ ഏൽപിച്ചു.