Thursday, December 26, 2024

Top 5 This Week

Related Posts

പോയാലിമല ടൂറിസം നാടുണരണം

സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽപ്പെടുത്തി പ്രോജക്ട് നടപ്പിലാക്കുന്നതിനു മുന്നോട്ടുപോയിരുന്നുവെങ്കിൽ പ്രദേശത്തിനു കൂടുതൽ ഗുണകരവും ഇപ്പോൾ ഉണ്ടായ വിവാദം ഒഴുവാകുകയും ചെയ്യുമായിരുന്നു.

ഭാഗം – മൂന്ന്‌

മൂവാറ്റുപുഴ : വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വലിയൊരു ടൂറിസം സ്‌പോട്ടായി രൂപപ്പെടുത്തിയെടുക്കുന്നതിനു ആവശ്യമായ സ്ഥലവും പ്രകൃതി സൗന്ദര്യവും ഐത്യഹ്യവും എല്ലാം ഒത്തിണങ്ങിയ പ്രദേശമാണ് പോയാലി മല. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് പദ്ധതി വിപുലീകരിക്കാനാവും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ ടൂറിസം ഇടത്താവളമായി മാറ്റിയെടുക്കുന്നതിനും സാധിക്കും. മലമുകളിൽനിന്നു റോപ് വേ (താഴ്വാരങ്ങളിൽ ടവർ സ്ഥാപിച്ച്് ) നിർമിക്കാം. നിലവിലുളള ടാങ്കും, മുളവൂർ തോടിനു സമീപമുള്ള കിണറും ഉപയോഗിച്ച് കൃത്രിമ വെള്ളച്ചാട്ടം എന്നിങ്ങനെ വൻ വികസന സാഹചര്യം പോയാലി മലയിലുണ്ട്.

ഇതിലൂടെ പ്രദേശത്തിന്റെ വികസനംമാത്രമല്ല, വരുമാന – തൊഴിൽ സാധ്യതയും ഉണ്ടാവും. കൂടൂതൽ സഞ്ചാരികളെത്തുന്നതോടെ പോയാലി മലയുടെ ഇരു ഭാഗങ്ങളിൽ ഉൾപ്പെട്ട ഒഴുപാറ, പൊന്നിരിക്കപ്പറമ്പ്്, പായിപ്ര ഭാഗങ്ങളിൽ ചെറുകിട ഹോട്ടലുകളിലും, മറ്റും കച്ചവടം വർധിക്കും. കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ ഭൂമികളിൽ പേ പാർക്ക്്്, സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള ടൂറിസ്റ്റ് ഹോമുകൾ, എന്നിവയെല്ലാം ക്രമേണ വരും.
ഭാവിയിൽ നേട്ടമാകുന്ന ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുക മാത്രമല്ല അതിന്റെ ആസ്തി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വരുകയെന്നതും നാട്ടുകാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ള കാര്യമാണ്. സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച്് പദ്ധതിയിൽപ്പെടുത്തി പ്രോജക്ട് നടപ്പിലാക്കുന്നതിനു മുന്നോട്ടുപോയിരുന്നുവെങ്കിൽ പ്രദേശത്തിനു കൂടുതൽ ഗുണകരവും ഇപ്പോൾ ഉണ്ടായ വിവാദം ഒഴുവാകുകയും ചെയ്യുമായിരുന്നു.

ഡെസ്റ്റിനേഷൻ ചലഞ്ച് അഥവാ ടൂറിസം വിപ്‌ളവം

രണ്ടാം പിണറായി സർക്കാരിന്റെ ടൂറിസം മേഖലയിലെ വിപ്ലകരമായ തീരുമാനമാണ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ 2021 ജൂലായ് മാസം പ്രഖ്യാപിച്ച ഡെസ്റ്റിനേഷൻ ചലഞ്ച്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയ്ക്കുളളിലും അവയുടെ പങ്കാളിത്തത്തോടെ കുറഞ്ഞത് ഒരു വിനേദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് തുടക്കമിട്ട പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്.

കൊവിഡ് മഹാമാരിയുടെ ആഘാതത്തിൽ പിന്നോട്ട് പോയ സംസ്ഥാന ടൂറിസം മേഖലയെ ജീവൻവയ്പിക്കുന്നതിനും അഭ്യന്ത ടൂറിസം ശകതിപ്പെടുത്തുകയുമാണ് സർക്കാർ ലക്ഷ്യമിട്ടത്. 4 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1000 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.. ചെലവ് ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നിർവഹിക്കും.

2022 ലാണ് ഇതുമായി ബന്ധപ്പെട്ട് പ്രോജക്ടുകൾ ടൂറിസം വകുപ്പിനു ലഭ്യമായി തുടങ്ങിയത്. ഇതോടകം നൂറുകണക്കിനു പദ്ധതികളാണ് സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേരളാ ടൂറിസം വകുപ്പ് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ പ്രോജക്ട് സമർപ്പിക്കാനുളള അവസാന തീയതി ആഗസ്റ്റ് 30 ആയിരുന്നു. ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ പ്രത്യേകത പദ്ധതി ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം) ടൂറിസം വകുപ്പ് വഹിക്കും. വരുമാനം പൂർണമായും പഞ്ചായത്തിനു ലഭിക്കും.

ഡെസ്റ്റിനേഷൻ ചലഞ്ചുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുളള മാർഗനിർദേശങ്ങൾ

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയ്ക്കുളളിലെ ടൂറിസം സാധ്യതയുളള പ്രദേശം തിരിച്ചറിഞ്ഞ് /കണ്ടെത്തി പദ്ധതി പ്രപ്പോസലിന്റെ ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുളള ഓൺലൈൻ പ്ലാറ്റ്ഫോം വഴി സമർപ്പിക്കേണ്ടതാണ്.
  2. PRICE സോഫ്റ്റ്വെയറിൽ തയ്യാറാക്കിയ എസ്റ്റിമേറ്റിനൊപ്പം പദ്ധതി പ്രപ്പോസലിന്റെ ഡിപിആർ തയ്യാറാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
  3. ഈ പദ്ധതിയ്ക്കു കീഴിൽ ഈ പ്രദേശത്തെ/സ്ഥലത്തെ എന്തുകൊണ്ട് നിർദേശിക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യക്തമായി വിശദീകരിച്ചിരിക്കണം.
  4. നിർദിഷ്ട പ്രദേശം വെളളപ്പൊക്ക ഭീഷണി ഇല്ലാത്തതും നിർമ്മാണ പ്രവർത്തനങ്ങൾ പ്രകൃതി സൗഹൃദവുമായിരിക്കണം.
  5. പദ്ധതിയ്ക്കാവശ്യമായ നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
  6. നിർദിഷ്ട പദ്ധതി പ്രദേശത്തിന്റെ ഭൂവുടമസ്ഥാവകാശ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുളള ലാൻഡ് എൻ.ഓ.സിയും പ്രപ്പോസലിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കണം.
  7. നിർദിഷ്ട പദ്ധതി പ്രദേശം ഒന്നിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതാണെങ്കിൽ സ്ഥാപനങ്ങൾക്ക് സംയുക്തമായി അപേക്ഷ നൽകാം.
  8. പദ്ധതി പ്രദേശത്തു നിന്നും ലഭിക്കുന്ന വരുമാനം പ്രസ്തുത ടൂറിസം പദ്ധതിയുടെ കൃത്യമായ നടത്തിപ്പിനും പരിപാലനത്തിനുമായി ഉപയോഗിക്കേണ്ടതാണ്. പദ്ധതി പ്രപ്പോസലിനോടൊപ്പം തന്നെ ഈ വരുമാനവും അതിന്റെ ഉപയോഗവും സംബന്ധിച്ചൊരു ബിസിനസ് പ്ലാൻ കൂടി തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്.
  9. പദ്ധതി തുകയുടെ 60 ശതമാനമോ 50 ലക്ഷം രൂപയോ (അതിലേതാണോ കുറവ് അത്) ആയിരിക്കും ടൂറിസം വകുപ്പ് നൽകുന്നത്.
  10. ശേഷിക്കുന്ന തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തമായോ പ്ലാൻ ഗ്രാന്റായോ മറ്റേതെങ്കിലും ഫണ്ടുകൾ (സിഎസ്എസ് ഉൾപ്പെടെ) വഴിയോ കണ്ടെത്തേണ്ടതാണ്.
  11. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ചതിനു ശേഷം മാത്രമേ ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുകയുളളൂ. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടൂറിസം വകുപ്പിലേക്ക് ഫണ്ടിനുളള അപേക്ഷ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സഹിതം ടൂറിസം വകുപ്പിന്റെ ബന്ധപ്പെട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്.
  12. അപേക്ഷകൾ ടൂറിസം വകുപ്പിന്റെ ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി പരിശോധിക്കുന്നതായിരിക്കും.
  13. പദ്ധതി ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി അംഗീകരിച്ചാൽ ഭരണപരമായ അനുമതി ഉത്തരവാദിത്തപ്പെട്ട ഡയറക്ടറോ സർക്കാറോ നൽകുന്നതായിരിക്കും. പദ്ധതിയുടെ തുടർനടപടികൾ, അടിസ്ഥാന സൗകര്യം മറ്റ് നിർമ്മാണങ്ങൾ എന്നിവയ്ക്കാവശ്യമായ തുക H/A 5452-01-101-99-00-34-03 അനുസരിച്ച് ചെലവിടേണ്ടതാണ്.
  14. ഭരണപരമായ അനുമതി ലഭിച്ച ദിവസം മുതൽ 18 മാസത്തിനുളളിൽ പദ്ധതി പൂർത്തിയായിരിക്കണം.

ഈ മാർഗ നിർദേശങ്ങളിൽനിന്നു മനസ്സിലാക്കേണ്ടത് ടൂറിസം ചലഞ്ച് പദ്ധതിക്ക് അപേക്ഷിക്കേണ്ടതും എസ്റ്റിമേറ്റും, ഡി.പി.ആറും ഉൾപ്പെടെ തയ്യാറാക്കി ടൂറിസം വകുപ്പിനു നൽകേണ്ടത് ഗ്രാമപഞ്ചായത്താണ്. പദ്ധതി നടപ്പിലാക്കുന്ന പ്രദേശം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലായിരിക്കണം. പോയാലി പദ്ധതി നടപ്പിലാക്കുന്നതിനും സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനും കാലതാമസം നേരിട്ടതോടെ ഈ വർഷത്തെ ഡെസ്റ്റിനേഷൻ പദ്ധതിയിലാണ് പോയാലി മല ഉൾപ്പെടുത്താനുള്ള അവസരം കടന്നുവന്നത്. അതാണ് കല്ലേലിട്ട കലംപോലെ ഉടച്ചുകളയുന്നതിനു ചില തല്പര കക്ഷികൾ രാഷ്ട്രീയം കളിക്കുന്നത്.

തുടരും

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles