തൊടുപുഴ: ദേശീയപാത അടിമാലി-കുമളി ആധുനിക രീതിയിൽ നവീകരിക്കുന്നതിന് സ്ഥലമേറ്റെടുപ്പിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 350.75 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
ടു- ലൈൻ പേവ്ഡ് ഷോൾഡർ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിപുലീകരണത്തിനുമായി ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മൂവാറ്റുപുഴ ദേശീയപാത വിഭാഗം നേരത്തെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. അംഗീകാരം ലഭിക്കുന്നതിന് താമസം നേരിട്ടപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കഴിഞ്ഞ പാർലമെൻറ് സമ്മേളന സമയത്ത് എം.പി. നേരിൽ കണ്ട് സംസാരിച്ചിരുന്നു.
റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 1180 കോടി രൂപയുടെ ഡി.പി.ആർ എൻ.എച്ച് വിഭാഗം കേന്ദ്രത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ളതാണ്. ദേശിയപാത അതോറിറ്റിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യത്തിൽ അനുഭാവപൂർവ്വമായ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും എം.പി പറഞ്ഞു.
എൻ.എച്ച്-183-നെയും എൻ.എച്ച്-85 നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നു പോകുന്നതുമായ ദേശീയപാത 185-ലുള്ള ചെറുതോണി പാലം നിർമ്മാണം പൂർത്തിയായി വരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന തീർഥാടനകേന്ദ്രമായ ശബരിമലയുടെ കവാടമായ കുമളിയെയും തെക്കിൻറെ കാശ്മീർ ആയ മൂന്നാറിൻറെ കവാടമായ അടിമാലിയേയും ഹൈറേഞ്ചൻറെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയേയും ഇടുക്കി ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 185-ൻറെ വികസനം ശബരിമല തീർത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും ജില്ലയിലെ ജനങ്ങളുടെയാകെ താൽപര്യവും പ്രതീക്ഷയുമാണെന്ന് എം.പി. പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് തുക അനുവദിച്ചതിന് ബഹു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടും ദേശിയപാത അതോറിറ്റിയോടും നന്ദി അറിയിക്കുന്നതായും എം.പി. പറഞ്ഞു.