സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഇന്ന്. പഞ്ചിങ്ങ്, ഫയല്‍ നീക്കം, ദേശീയപാതാ വികസനം, പദ്ധതി നിര്‍വഹണ നടത്തിപ്പ് തുടങ്ങിയവയാണ് ചര്‍ച്ചാ വിഷയം. രാവിലെ പത്തിനാണ് യോഗം.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടരിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിനു മുന്നോടിയായി വകുപ്പ് തല വിവരങ്ങള്‍ ഹാജരാക്കണമെന്നു എല്ലാ സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലടക്കം കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുന്നതോടെ ഇതു തന്നെയാണ് ഇന്നത്തെ യോഗത്തിന്റേയും പ്രധാന അജണ്ട. മാര്‍ച്ച് അവസാനം സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി നിര്‍വഹണത്തിന്റെ അവലോകനവും യോഗത്തില്‍ നടക്കും. ദേശീയപാതാ വികസനം 2025 ല്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വകുപ്പുകളുടെ ഏകോപനത്തിന്റെ കുറവ് പലേടത്തും പ്രശ്‌നമാകുന്നുണ്ട്. വൈദ്യൂതി പോസ്റ്റുകളടക്കം മാറ്റുന്നത് പ്രശ്‌നങ്ങളായും നില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യോജജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ചര്‍ച്ചയും യോഗത്തിലുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സര്‍ക്കാരിന്റെ നയമായി പ്രഖ്യാപിച്ച ജീവനക്കാര്‍ക്കുള്ള പഞ്ചിങ്ങ് ഇപ്പോഴും പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ജനുവരി ഒന്നു മുതല്‍ വകുപ്പ് സെക്രട്ടറിമാരുടെ ഓഫിസില്‍ ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള പഞ്ചിങ്ങിനു അന്ത്യശാസനം നല്‍കിയിട്ടുപോലും ഇതുവരെയും നടന്നില്ല. മാര്‍ച്ച് 31 നാണ് നിലവില്‍ പൂര്‍ണതോതില്‍ പഞ്ചിങ്ങ് നടപ്പാക്കുന്നതതിനു ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്ന അന്ത്യശാസനം.