പൈനാവ്: ഐഎച്ച്ആര്‍ഡി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ശാസ്ത്ര സാങ്കേതിക കലാ മേളയായ തരംഗ് – 23 ല്‍ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച എക്കണോമിക് വെന്റി വിത്ത് വൈറ്റല്‍ മോണിറ്ററിങ് എന്ന പ്രോജക്ട്, മികച്ച പ്രൊജക്ടിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി.
വെന്റിലേറ്റര്‍ എന്ന ജീവന്‍ രക്ഷാ മെഡിക്കല്‍ ഉപകരണത്തിന്റെ നിര്‍മ്മാണ ചെലവ് കുറഞ്ഞ മാതൃക അവതരിപ്പിക്കുന്ന എക്കണോമിക് വെന്റി വിത്ത് വൈറ്റല്‍ മോണിറ്ററിങ് എന്ന പ്രോജക്ടിനാണ് പ്രത്യേക പരാമര്‍ശം ലഭിച്ചത്. ഐ സി യു ലഭ്യത ഇല്ലാത്ത ആംബുലന്‍സുകള്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, ഫയര്‍ ഫോഴ്സ് എന്നിവിടങ്ങളില്‍ എല്ലാം അടിയന്തര ഘട്ടങ്ങളില്‍ ഒരു രോഗിക്ക് കൃത്രിമ ശ്വാസം നല്‍കി കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ എത്തിക്കുന്നത് വരെ രോഗിയുടെ ജീവന്‍ നിലനിര്‍ത്തുവാന്‍ ഈ ഉപകരണം സഹായിക്കും
ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍, വെള്ളത്തില്‍ വീണും, മരത്തില്‍ നിന്നും വീണും മറ്റും ചികിത്സ ലഭ്യമല്ലാതെ മരണപ്പെടുന്നവരും ആദിവാസി മേഖലകളില്‍ ചികില്‍സ ലഭിക്കാതെ മരണപ്പെടുന്ന നവജാത ശിശുക്കളുടെയും ജീവന്‍ രക്ഷിക്കാന്‍ ഒരു പരിധിവരെ പരിഹാരമാണ് എക്കണോമിക് വെന്റി വിത്ത് വൈറ്റല്‍ മോണിറ്ററിങ് എന്ന ഈ ഉപകരണം.
പോളിടെക്‌നിക് കോളേജിലെ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലെക്ചറര്‍ അമൃത കെ യുടെയും ഡെമോന്‍സ്ട്രേറ്റേര്‍സ് ആയ സനീര്‍ സലിം, എലിസബത്ത് ആനി ജേക്കബ് എന്നിവരുടെയും നേതൃത്വത്തില്‍ അവസാന വര്‍ഷ ബയോമെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നിതിന്‍ കെ യു, ഭരത് അനില്‍, പ്രവീണ്‍ സി പി, ഹെലന്‍ ഡെന്നി എന്നിവരാണ് വെന്റിലേറ്റര്‍ നിര്‍മിച്ചത്. പോരായ്മകള്‍ പരിഹരിച്ച് മാതൃകയുടെ വാണിജ്യ ഉല്‍പ്പാദനത്തിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.