തൊടുപുഴ : അര നൂറ്റാണ്ടിലേറെ പ്രായമുള്ള നാട്ടുമാവാണ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിലുള്ളത്. ഈ മാവാണ് ഈ വര്‍ഷവും പതിവുപോലെ നിറയെ പൂത്തുലഞ്ഞു കായ്കളുമായി നില്‍ക്കുന്നത്.നഗരത്തിലെ ഏറ്റവും പ്രായമേറിയ നാട്ടുമാവും ഇതാണ് എല്ലാ കൊല്ലവും കൃത്യമായി പൂക്കുന്നു എന്നതാണ് ഈ മാവിന്റെ പ്രത്യേകത.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന്റെ മുറ്റത്തു പോലീസുകാര്‍ നട്ടുപിടിപ്പിച്ചതാണ് ഈ മാവ് . അന്ന് പോലീസുകാര്‍ക്ക് തണല്‍ മരമായിരുന്നു ഇത് . പിന്നീട് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മറ്റു മരങ്ങള്‍ മുറിച്ചു മാറ്റിയപ്പോഴും എന്തുകൊണ്ടോ ഈ മാവ് നിലനിര്‍ത്തുകയായിരുന്നു. പിന്നീട് വെട്ടി മാറ്റാന്‍ ചില സ്വകാര്യ വ്യക്തികള്‍ നീക്കം നടത്തിയെങ്കിലും വ്യാപാരി നേതാവായിരുന്ന മാരിയില്‍ കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ മാവ് സംരക്ഷണ സമിതി തന്നെ രൂപീകരിച്ചു സമരം നടത്തിയാണ് മാവിനെ സംരക്ഷിച്ചു നിലനിര്‍ത്തിയത്.
പിന്നീട് ശക്തമായ കാറ്റിലും മഴയിലും മാവിന്റെ ഒരു വലിയ ശിഖിരം ഒടിഞ്ഞുവീണ സംഭവവും അടുത്ത കാലത്തുണ്ടായെങ്കിലും ആര്‍ക്കും അപകടം ഉണ്ടാക്കിയില്ല.അത് കൊണ്ടാവാം ഈ മാവ് മുത്തശ്ശിയെ തൊടുപുഴയിലെ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ് ഈ മാവ്. ക്രമം തെറ്റാതെ എല്ലാ വര്‍ഷവും മാവ് പൂത്ത കായ്ക്കുന്നുണ്ട്.ഈ വര്‍ഷവും നിറയെ പൂത്ത് കായ്കള്‍ ആയിക്കഴിഞ്ഞു.