തിരുവനന്തപുരം : വാട്ടര്‍ ചാര്‍ജ് പരിഷ്‌കരിച്ചുള്ള ജല അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതോടെ വിവിധ സ്ലാബുകളിലായി മാസം 50 500 രൂപ വര്‍ധിക്കുമെന്നുറപ്പായി. ബജറ്റിലെ അധികഭാരങ്ങള്‍ക്കു പിന്നാലെ, വാട്ടര്‍ ചാര്‍ജും കൂട്ടിയതിനെ ന്യായീകരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ നിയമസഭയിലെ ശ്രമം പരിഹാസ്യമായി.
ഒരു കുടുംബത്തിനു ദിവസം 100 ലീറ്റര്‍ മതിയാകില്ലേ എന്നു സഭയില്‍ ചോദിച്ച മന്ത്രി, തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒരാള്‍ക്ക് 100 ലീറ്റര്‍ എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നീട് അവകാശപ്പെട്ടു. സഭയില്‍ ചാര്‍ജ് വര്‍ധന അറിയിക്കാതെ ഉത്തരവിറക്കിയതിന് മന്ത്രിയെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ റൂളിങ്ങിലൂടെ വിമര്‍ശിച്ചു. ലീറ്ററിന് ഒരു പൈസ വീതമാണു വര്‍ധന.1000 ലീറ്ററിനു 10 രൂപ വീതം കൂടും.ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാസം 15,000 ലീറ്റര്‍ വരെ സൗജന്യം.
മിനിമം ഉപയോഗിക്കുന്നവര്‍ (5000 ലീറ്റര്‍ വരെ) നിലവില്‍ ഒരുമാസം 22.05 രൂപ നല്‍കിയിരുന്നത് ഇനി 72.05 രൂപയാകും 226% വര്‍ധന. മാസം 5000 10,000 ലീറ്റര്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് 22.05 44.10 രൂപയില്‍നിന്ന് 72.05 144.10 രൂപയായി ഉയരും. 50,000 ലീറ്റര്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് 500 രൂപ കൂടും. നാലംഗ കുടുംബത്തിന്റെ ശരാശരി ഉപയോഗം മാസം 20,000 ലീറ്റര്‍ എന്നു കണക്കാക്കിയാല്‍ 200 രൂപയുടെ അധികബാധ്യതയാകും വരിക. വാട്ടര്‍ അതോറിറ്റി 2 മാസത്തിലൊരിക്കലാണു ബില്‍ നല്‍കുന്നത്.സംസ്ഥാനത്തെ 41.41 ലക്ഷം ശുദ്ധജല കണക്ഷനുകളില്‍ 39.79 ലക്ഷവും വീടുകളിലാണ്.