Thursday, December 26, 2024

Top 5 This Week

Related Posts

തൊടുപുഴ നഗരസഭയുടെ പരിഷ്‌ക്കരിച്ച മാസ്റ്റര്‍ പ്ലാനിന് സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അനുമതി

തൊടുപുഴ: പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് പുതുക്കി സമര്‍പ്പിച്ചിരുന്നു. ഈ പ്ലാനിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. 2021 ജൂലൈ 13 നാണ് തൊടുപുഴ നഗരസഭയ്ക്കായി ഒരു കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ മാസ്റ്റര്‍ പ്ലാനിന് പരാതികള്‍ സ്വീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഗരസഭയ്ക്ക് ലഭിച്ച നിരവധി പരാതികള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിശ്ചയിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, മുഹമ്മദ് അഫ്സല്‍, സി. ജിതേഷ് എന്നിവര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റി വിശദമായി പരിശോധിക്കുകയും കൗണ്‍സിലര്‍മാര്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

തൊടുപുഴ മാസ്റ്റര്‍ പ്ലാനെ സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് പി.ജെ ജോസഫ് എം.എല്‍.എ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ട്രാക്ക് ഉള്‍പ്പെടെ സാമൂഹിക സംഘടന പ്രതിനിധികളുടെയും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും യോഗം വിളിച്ചു കൂട്ടി. ഈ യോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് മുനിസിപ്പല്‍ സബ് കമ്മിറ്റി തങ്ങളുടെ ശുപാര്‍ശ കൗണ്‍സിലിന് നല്‍കിയത്. കഴിഞ്ഞ ജൂലൈ 29 ന് തൊടുപുഴ നഗരസഭ സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിലേയ്ക്ക് പരിഷ്‌ക്കരിച്ച മാസ്റ്റര്‍ പ്ലാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ചീഫ് ടൗണ്‍ പ്ലാനര്‍ നഗരസഭ നല്‍കിയ മാസ്റ്റര്‍ പ്ലാന്‍ വിശദമായി പരിശോധിക്കുകയും സംശയ ദുരീകരണം നടത്തി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. പരിഷ്‌ക്കരിച്ച മാസ്റ്റര്‍ പ്ലാന്‍ എത്രയും വേഗം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയ്ക്ക് എം എല്‍ എ നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു.

മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടായ വ്യാപകമായ ആശങ്കകളും ബുദ്ധിമുട്ടുകളും നിര്‍മ്മാണ നിരോധനവും ഒഴിവാക്കാന്‍ കഴിയുന്നതാണ് സര്‍ക്കാര്‍ തീരുമാനം. തൊടുപുഴ സിവില്‍ സ്റ്റേഷന്റെ മുണ്ടേക്കല്ല് എം.വി.ഐ.പി വക സ്ഥലത്തെ മൂന്നാം ഘട്ട അനക്സ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ മൂലം തടസ്സപ്പെട്ടതുമായ സിവില്‍ സ്റ്റേഷന്റെ മൂന്നാം ബ്ലോക്കിന്റെ നിര്‍മ്മാണവും ഇനി പുനരാരംഭിക്കാനാവും.


തൊടുപുഴ നഗരസഭ കൗൺസിലിൽ താൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞതുപോലെ തന്നെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന 99 ശതമാനം പദ്ധതികളും വേണ്ടെന്നുവച്ചുവെന്നും ഒന്നര വർഷക്കാലം തൊടുപുഴയിൽ നിർമ്മാണ നിരോധനം വന്നതും, സിവിൽ സ്റ്റേഷന്റെ മൂന്നാം ബ്ലോക്ക് നിർമ്മാണം ഉൾപ്പെടെയുള്ള വികസനം മരവിപ്പിച്ചത് മാത്രമാണ് ഈ മാസ്റ്റർ പ്ലാനിന്റെ ബാക്കി പത്രമെന്നും യുഡിഎഫ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെയും, ട്രാക്ക് ഉൾപ്പെടെയുള്ള മറ്റ് സാമൂഹിക സംഘടനകളുടെയും പോരാട്ടം ഇപ്പോൾ വിജയത്തിൽ എത്തിയിരിക്കുന്നു എന്നും ഇതിനായി മുൻകൈയെടുത്ത പി ജെ ജോസഫ് എംഎൽഎയും, മുൻസിപ്പൽ കൗൺസിലിനെയും, ട്രാക്ക് ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക സംഘടനകളെയും അഭിനന്ദിക്കുന്നു എന്നും കൗൺസിലർ ജോസഫ് ജോൺ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles