ഇസ്രയേലിനെതിരായ മുൻ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ യു.എസ് വിദേശകാര്യ സമിതിയിൽ നിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയും അഭയാർഥി വനിതയുമായ ഇൽഹാൻ ഒമറിനെ പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഇൽഹാനെ പുറത്താക്കിയത്. 211നെതിരെ 218 വോട്ടുകൾക്കാണ് ഇൽഹാനെ പുറത്താക്കാൻ തീരുമാനിച്ചത്. വിദേശകാര്യ സമിതിയുടെ ആഫ്രിക്കൻ സബ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു ഈ 40കാരി.
എന്നാൽ, ഇൽഹാനെ പുറത്താക്കിയ നടപടിയെ വൈറ്റ് ഹൗസ് അപലപിച്ചു. ഇൽഹാൻ ഒമർ കോൺഗ്രസിൽ ഏറെ ബഹുമാനിക്കപ്പെടുന്ന അംഗമാണെന്നും റിപ്പബ്ലിക്കൻ നീക്കം രാഷ്ട്രീയ പ്രതികാരമാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വ്യക്തമാക്കി.
2012 മുതൽ ഇസ്രയേലിനെതിരെ നിരവധി വിമർശനങ്ങൾ ഇൽഹാൻ നടത്തിയിരുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലെ ഇസ്രായേൽ സ്വാധീനത്തെക്കുറിച്ചുള്ള ഇൽഹാന്റെ ട്വീറ്റാണ് വിവാദമായത്. ഇസ്രായേൽ അനുകൂല ലോബികളിൽ നിന്നുള്ള സംഭാവനകളാണ് ആ രാജ്യത്തിനുള്ള റിപ്പബ്ലിക്കൻ പിന്തുണയ്ക്ക് കാരണമെന്നും അവർ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ 2019ൽ ഇവർ ക്ഷമാപണം നടത്തിയിരുന്നു.