Friday, November 1, 2024

Top 5 This Week

Related Posts

തൊടുപുഴ-പാലാ റൂട്ടിലെ സോളര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ടു നാളുകളേറെ,പ്രദേശവാസികള്‍ ദുരിതത്തില്‍

തൊടുപുഴ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ തൊടുപുഴ-പാലാ റൂട്ടിലെ സോളാര്‍ ലൈറ്റുകളാണ് പ്രവര്‍ത്തന രഹിതമായത്.പല പോസ്റ്റുകളിലും ബാറ്ററി ബോക്‌സുകള്‍ കാലിയാണ്. ചില ബോക്‌സുകള്‍ അടിച്ചുതകര്‍ത്തതു പോലെയാണ്. ബാറ്ററികള്‍ മോഷണം പോകുന്നതായി മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന പാതയിലെ സോളര്‍ ലൈറ്റുകളുടെ തകരാര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സര്‍വേ നടത്തിയ അനെര്‍ട്ടും ഇതേ കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തകരാറിലായ ഇടങ്ങളും ഇവ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് അനെര്‍ട്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനെര്‍ട്ട് ഇടുക്കി ജില്ലാ എന്‍ജിനീയര്‍ നിതിന്‍ തോമസ് പറഞ്ഞു. ചില പോസ്റ്റുകളിലെ സൗരോര്‍ജ പാനലുകള്‍ അടക്കം കാട്ടുവള്ളികള്‍ പടര്‍ന്നു മൂടിയ നിലയിലാണ്. മറ്റു ചിലത് വാഹനങ്ങളിടിച്ച് തകര്‍ന്നിരിക്കുന്നു. തൊടുപുഴ മുതല്‍ ഇടുക്കി ജില്ലാതിര്‍ത്തിയായ നെല്ലാപ്പാറ വരെയുള്ള ഭാഗത്ത്, തെളിയുന്ന തെരുവുവിളക്കുകളുടെ എണ്ണം വളരെ കുറവാണ്.

അപകടവളവുകള്‍ ഏറെയുള്ള പാതയില്‍ വെളിച്ചമില്ലാത്തത് വാഹനയാത്രക്കാര്‍ക്കു വെല്ലുവിളിയാണ്. കെഎസ്ടിപി നിര്‍മിച്ച റോഡില്‍ സ്ഥാപിച്ച സോളര്‍ ലൈറ്റുകള്‍ നിര്‍മാണം പൂര്‍ത്തിയായി അല്‍പകാലത്തിനകം ഒന്നൊന്നായി മിഴി അടയ്ക്കുകയായിരുന്നു. കൊടും വളവുകളുള്ള പാതയില്‍ അപകടം തുടര്‍ക്കഥയാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍.

റോഡിലെ വെളിച്ചക്കുറവാണ് ഇതില്‍ പല അപകടങ്ങള്‍ക്കും കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ പരാതികള്‍ ഏറെയുണ്ടായിട്ടും ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല. എതിരെ വരുന്ന വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്യാത്ത പ്രവണതയും പതിവായതിനാല്‍ റോഡിന്റെ വീതി മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുന്നതായി യാത്രക്കാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles