പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു.മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടി. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം.കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്.ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.
അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു.അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു.ഇക്കണോമിക്‌സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.
പ്രഫഷണല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്‌നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയരാമന്‍ ആയിരുന്നു.2017ല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ’ എന്ന പാട്ടില്‍ മലയാളികള്‍ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുന്‍പു വാണി മലയാളത്തില്‍ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു. അതിനും ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍’,1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി.
വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാന്‍ എന്തുതാമസം, മഞ്ചാടിക്കുന്നില്‍, ഒന്നാനാംകുന്നിന്മേല്‍,നാടന്‍ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാള്‍,മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍, ഏതോ ജന്മ കല്‍പനയില്‍, പത്മതീര്‍ഥ കരയില്‍,കിളിയേ കിളി കിളിയേ, എന്റെ കൈയില്‍ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങള്‍ വാണിയുടെ ശബ്ദം അനശ്വരമാക്കി,വടക്കുകിഴക്കന്‍ സംഗീതരംഗത്തെ ഒട്ടുമിക്ക പ്രമുഖര്‍ക്കൊപ്പവും വാണി പാടി.ഹിന്ദുസ്ഥാനി സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍,മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്. എം.എസ്.വിശ്വനാഥന്‍ സംഗീതസംവിധാനം നിര്‍വഹിച്ച അപൂര്‍വരാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവന്‍ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയത്. ഗുജറാത്ത്,ഒറീസ,തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.