വൈദ്യുതി നിരക്കിനൊപ്പമുള്ള ഇന്ധന സര്‍ച്ചാര്‍ജ് നാളെ നിലവില്‍ വരും. യൂണിറ്റിന് ഒന്‍പത് പൈസ വീതം മൂന്നുമാസത്തേയ്ക്കാണ് നിരക്ക് വര്‍ധന ഈടാക്കുന്നത്. മാസം നൂറുയൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലില്‍ പതിനെട്ടുരൂപ കൂടും.
ചൂടുകൂടുന്ന നാലുമാസം, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മേയ്, ഈ മാസങ്ങളില്‍ വൈദ്യുതിനിരക്കും തൊട്ടാല്‍ പൊള്ളും. പ്രതിമാസം നൂറുയൂണിറ്റ് വൈദ്യുതി ഉപയോഗിക്കന്നവര്‍ക്ക് രണ്ടുമാസത്തെ ബില്‍ വരുമ്പോള്‍ പതിനെട്ടുരൂപ അധികം നല്‍കണം. അടുത്തമാസം ഒന്നുമുതല്‍ മേയ് 31 വരെയാണ് നിരക്ക് വര്‍ധന. 87.07 കോടി രൂപഈടാക്കുന്നതിനാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവായത്. കഴിവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ താപവൈദ്യുതിവാങ്ങിയ ഇനത്തിലെ അധികച്ചെലവാണിത്. കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളില്‍ ഇറക്കുമതി ചെയ്ത വില കൂടിയ കല്‍ക്കരി ഉപയോഗിച്ചതാണ് വിലകൂടാന്‍ കാരണം. യൂണിറ്റ് ഒന്നിന് 14 പൈസ നിരക്കില്‍ മൂന്നു മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് വേമമെന്നാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.
പൊതുതെളിവെടുപ്പിന് ശേഷം യൂണിറ്റിന് ഒന്‍പതുപൈസായി നിജപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ ഇതര വിതരണ ലൈസന്‍സികളുടെ ഉപയോക്താക്കള്‍ക്കും ബാധകമാണ്. ആയിരം വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റില്‍ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപയോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്